സമാന്തര ടെലിഫോൺ എക്സ്ചേഞ്ച്; സാമ്പത്തിക സ്രോതസ്സും പരിശോധിക്കുന്നു
text_fieldsകോഴിക്കോട്: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിൽ പ്രതികളുടെ സാമ്പത്തിക സ്രോതസ്സുകളും സി- ബ്രാഞ്ച് പരിശോധിക്കുന്നു. വിദേശ ഫോൺവിളികൾ ലോക്കൽ കാളുകളാക്കി മാറ്റാനുപയോഗിച്ചത് പ്രത്യേക സോഫ്റ്റ്വെയറാണ്. ഇതിനുമാത്രം 15 ലക്ഷത്തോളം രൂപ വില വരുന്ന ഉപകരണങ്ങളാണ് ചൈനയിൽനിന്നെത്തിച്ചത്.
സിം ബോക്സ് ഉൾപ്പെടെ ഉപകരണങ്ങൾ വാങ്ങാൻ സാമ്പത്തിക സഹായം നൽകിയത് ആരെന്നത് സംബന്ധിച്ച ചോദ്യത്തിന് നേരത്തേ അറസ്റ്റിലായ കൊളത്തറ സ്വദേശി ജുറൈസിൽനിന്നുപോലും ഉത്തരം കിട്ടിയിരുന്നില്ല.
സർക്കാറിനും ടെലികോം വകുപ്പിനും കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടാക്കാൻ പണം മുടക്കിയതാര്, ഇവരുടെ ലക്ഷ്യമെന്ത്, ഇതിൽനിന്ന് വരുമാനം ലഭിച്ചോ എന്നതെല്ലാം കണ്ടെത്തുക പ്രധാനമാണ്.
വിദേശത്തുനിന്നടക്കം സാമ്പത്തിക സഹായം ലഭിച്ചോ എന്നറിയാൻ ഒളിവിലുള്ള പ്രതികളായ മൂരിയാട്ടെ ഷബീർ, പ്രസാദ് എന്നിവരുടെ ബാങ്ക് അക്കൗണ്ട് വിവരമടക്കം പൊലീസ് പരിശോധിക്കും. ടെലിഫോൺ എക്സ്ചേഞ്ച് പ്രവർത്തിപ്പിച്ച പുതിയറയിലെ ഉൾപ്പെടെ കെട്ടിടങ്ങളിൽ പലപ്പോഴും ആഡംബര കാറുകളിൽ ചിലർ വന്നുപോയിരുന്നതായി സമീപത്തെ വ്യാപാരികളിൽനിന്ന് വിവരം ലഭിച്ചിട്ടുണ്ട്. സ്വർണക്കടത്ത്, ഹവാല, കുഴൽപ്പണ ഇടപാടുകാരാണോ വന്നുപോയത് എന്നും പരിശോധിക്കുന്നുണ്ട്.
അതേസമയം, കഴിഞ്ഞദിവസം ബംഗളൂരുവിൽനിന്നെത്തിച്ച ഇബ്രാഹീം പുല്ലോട്ടിലിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതോടെ കേസിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാവുമെന്നാണ് കരുതുന്നത്.
മുഖ്യ സൂത്രധാരനായ ഇയാളെ കസ്റ്റഡിയിൽ കിട്ടാൻ അന്വേഷണ സംഘം തിങ്കളാഴ്ച കോടതിയിൽ അപേക്ഷ നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.