സമാന്തര ടെലിഫോൺ എക്സ്ചേഞ്ച്; മിലിട്ടറി ഇന്റലിജൻസ് അറസ്റ്റുചെയ്ത വയനാട് സ്വദേശിയെ സിറ്റി പൊലീസ് കസ്റ്റഡിയിൽ വാങ്ങും
text_fieldsകോഴിക്കോട്: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തിപ്പുമായി ബന്ധപ്പെട്ട് ബംഗളൂരുവിൽ മിലിട്ടറി ഇന്റലിജൻസ് അറസ്റ്റുചെയ്ത വയനാട് സ്വദേശിയെ സിറ്റി പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യും. 2017ൽ നഗരത്തിലെ രണ്ടിടങ്ങളിൽ സമാന്തര എക്സ്ചേഞ്ച് സ്ഥാപിച്ച കേസിലെ പിടികിട്ടാപ്പുള്ളിയാണ് ചൊവ്വാഴ്ച അറസ്റ്റിലായ വയനാട് സ്വദേശി ഷറഫുദ്ദീൻ (41). ആർമിയുടെ സതേൺ കമാൻഡന്റ് മിലിട്ടറി ഇന്റലിജൻസും ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ചും (സി.സി.ബി) സംയുക്തമായാണ് ഇയാളെ പിടികൂടിയത്. അറസ്റ്റിലായ പ്രതി ടൗൺ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ ഒന്നാം പ്രതിയാണെന്ന് സിറ്റി പൊലീസിന് വ്യക്തമായിട്ടുണ്ട്. മാത്രമല്ല, ഇയാൾക്കെതിരെ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ വേറെയും കേസുകൾ നിലവിലുണ്ടെന്നും കണ്ടെത്തി.
കോഴിക്കോട്ടെ കേസിലെ പ്രതി കുളങ്ങരപ്പീടിക സ്വദേശി ബിനൂഷ് അറസ്റ്റിലായെങ്കിലും ഷറഫുദ്ദീനും മറ്റൊരു പ്രതിയായ അഫ്സലും രാജ്യംവിട്ടതായാണ് അന്ന് ടൗൺ പൊലീസിന് ലഭിച്ച വിവരം. ഇതോടെ അന്വേഷണം നിലക്കുകയായിരുന്നു. ഉയർന്ന ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ചശേഷം, പ്രതിയെ റിമാൻഡ് ചെയ്ത ബംഗളൂരുവിലെ കോടതിയിൽ അപേക്ഷ നൽകി കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യാനാണ് ആലോചിക്കുന്നത്. വരുംദിവസങ്ങളിൽ ഇതുസംബന്ധിച്ച നടപടി ആരംഭിക്കും.
ഇയാളുടെ നേതൃത്വത്തിൽ കോഴിക്കോട് ആനിഹാൾ റോഡിലെ പി.ബി.എം ബിൽഡിങ്ങിന്റെ രണ്ടാം നിലയിലെ മുറിയിലും സൗത്ത് ബീച്ചിലെ പഴയ പാസ്പോർട്ട് ഓഫിസിനടുത്തുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയിലെ മുറിയിലും പ്രവർത്തിച്ച സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ 2017 നവംബർ 27നാണ് ടെലികോം എൻഫോഴ്സ്മെൻറ് ടൗൺ പൊലീസിന്റെ സഹായത്തോടെ കണ്ടെത്തിയത്. നൂറിലേറെ സിം കാർഡുകൾ, സിം ബോക്സ്, കമ്പ്യൂട്ടർ തുടങ്ങിയവ പിടിച്ചതിൽ ഇന്ത്യൻ വയർലെസ് ടെലഗ്രാഫ് ആക്ട്, ഇന്ത്യൻ ടെലിഗ്രാഫ് ആക്ട്, ഇന്ത്യൻ ശിക്ഷാനിയമത്തിലെ 406, 420 വകുപ്പുകൾ എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഇയാളും കൂട്ടാളികളും 58 ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ച് ഭുവനേശ്വരി നഗർ, ചിക്കസാന്ദ്ര, സിദ്ധേശ്വർ എന്നിവിടങ്ങളിലെ നാലിടങ്ങളിലായി സമാന്തര എക്സ്ചേഞ്ചുകൾ ഒരുക്കി 2144 സിം കാർഡ് സ്ഥാപിച്ച് രാജ്യാന്തര കാളുകൾ ലോക്കൽ കാളുകളാക്കി മാറ്റാൻ ശ്രമിച്ചതായാണ് മിലിട്ടറി ഇന്റലിജൻസിന്റെ കണ്ടെത്തൽ. കോഴിക്കോട്ട് വേറെ ഏഴ് സമാന്തര എക്സ്ചേഞ്ചുകൾ സ്ഥാപിച്ച കേസിൽ നേരത്തേ മിലിട്ടറി ഇന്റലിജൻസ് അറസ്റ്റുചെയ്ത മലപ്പുറം കാടാമ്പുഴ സ്വദേശി ഇബ്രാഹീമിനെ സിബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യുകയും പിന്നീട് പ്രതിചേർക്കുകയും ചെയ്തിരുന്നു. സമാന നടപടികൾ പാലിച്ചാവും ഷറഫുദ്ദീനെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യുക എന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.