ഇതാ, പുതിയ പരാദ കടന്നലുകൾ
text_fieldsകോഴിക്കോട്: മനുഷ്യരെ ആക്രമിക്കാത്ത, ഉപകാരിയായ അപൂർവയിനം പരാദ കടന്നലുകളെ കണ്ടെത്തി മലയാളികളടങ്ങുന്ന ഗവേഷക സംഘം. സ്റ്റിഫാനിഡേ കുടുംബത്തിൽെപ്പട്ട കുഞ്ഞൻ കടന്നലുകൾക്ക് പ്രമുഖ മലയാളി ശാസ്ത്രജ്ഞരുടെ പേരിട്ടതോടെ അഞ്ചംഗ സംഘത്തിെൻറ ഗവേഷണം ശ്രദ്ധേയമാകുകയാണ്. ഇടുക്കി ഏലപ്പാറയിൽനിന്ന് ലഭിച്ച പരാദ കടന്നലിന് ' പാരസ്റ്റിഫാനിലസ് നരേന്ദ്രാനി'എന്നാണ് പേര് വിളിച്ചത്.
ഉത്തർ പ്രദേശിലെ ലളിത്പുർ ജില്ലയിലെ ബബിന ഗ്രാമത്തിൽനിന്ന് കണ്ടെത്തിയ കടന്നലിന് 'ഫോനടോപസ് സുരേശാനി' എന്നാണ് േപര്. ഗവേഷണരംഗത്തെ പ്രമുഖരായ ഡോ. ടി.സി നരേന്ദ്രെൻറയും ഡോ. പി.എം സുരേശെൻറയും ബഹുമാനാർഥമാണ് ഈ പേരിട്ടത്. ഡോ. നരേന്ദ്രൻ കാലിക്കറ്റ് സർവകലാശാലയിൽ വകുപ്പ് തലവനായിരുന്നു. സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കോഴിക്കോട് കേന്ദ്രത്തിൽ ഓഫിസറാണ് സുരേശൻ. മറ്റ് മൂന്നു തരം പരാദ കടന്നലുകളെക്കൂടി രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്.
ഫോനടോപസ് ചരേഷി, മെഗിഷസ് രഞ്ജിത്തി, പാരസ്റ്റിഫാനില്ലസ് റഡക്ട്സ് എന്നിവയാണിവ. സ്റ്റിഫാനസ് ജനുസിൽപ്പെട്ട ഒരു കടന്നലിനെ നികോബർദ്വീപിൽനിന്ന് കണ്ടെത്തിയതും ഗവേഷകസംഘത്തിന് അഭിമാനനേട്ടമായി. ചൈനയിലെ ഉയർന്ന പ്രദേശമായ യുനാൻ പ്രവിശ്യയിൽ മാത്രംകാണുന്ന ഒരു തരം കടന്നലിനെ കന്യാകുമാരി വന്യജീവ സംരക്ഷണകേന്ദ്രത്തിൽനിന്ന് കിട്ടി.
നേരിട്ട് കണ്ണിൽപ്പെടാത്തതും വലിപ്പമില്ലാത്തതുമായ പരാദ കടന്നലുകളെ കണ്ടെത്തുന്നത് അപൂർവമാണ്. സാധാരണ കടന്നലുകൾ ആക്രമണകാരികളും വലുപ്പമുള്ളവയുമാണെങ്കിൽ പരാദ കടന്നലുകൾ സമാധാനപ്രിയരും ഉപകാരികളുമാണ്. വണ്ടുകളുടെയും പുഴുക്കളുടെയും ഉള്ളിൽ മുട്ടയിട്ട് പുറത്തുവരുന്നതാണ് ഇവയുടെ രീതി. മരം തുരക്കുന്ന, ഉപദ്രവകാരികളായ വണ്ടുകളെ നശിപ്പിക്കാനും കഴിയും.
കാലിക്കറ്റ് സർവകലാശാല സീനിയർ റിസർച്ച് ഫെലോ സി. ബിനോയ്, കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിലെ എസ്. സന്തോഷ്, കോഴിക്കോട് സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ഡോ. പി. ഗിരീഷ് കുമാർ, കൊൽക്കത്ത സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ഡോ. എസ്. ഷീല, ചൈനയിലെ സിൻജ്യാങ് സർവകലാശാലയിലെ ഡോ. വാൻ ആഷ്ടർ ബർഗ് എന്നിവരാണ് ഗവേഷകസംഘത്തിലുണ്ടായിരുന്നത്. പ്രശസ്തമായ 'സൂടാക്സ' ജേണലിൽ ഈ കണ്ടുപിടിത്തം കഴിഞ്ഞ ദിവസം ഗവേഷണലേഖനമായി പ്രസിദ്ധീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.