പാരന്‍റ്സ് ആക്ഷൻ കൗൺസിൽ സമരപ്രഖ്യാപന കൺവെൻഷൻ നാളെ
text_fieldsകോഴിക്കോട്: മലബാറിലെ വിദ്യാർഥി സമൂഹത്തോട് സർക്കാർ ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നതെന്ന് പാരന്‍റ്സ് ആക്ഷൻ കൗൺസിൽ. ഹയർ സെക്കൻഡറിക്ക് താൽക്കാലിക ബാച്ചുകൾ അല്ല വേണ്ടത്, സ്ഥിര ബാച്ചുകൾ ആണ്. സെപ്റ്റംബറിൽ തുടങ്ങിയ അഡ്മിഷൻ നടപടികൾ മൂന്ന് മാസമായി അവസാനിപ്പിക്കാതെ മലബാറിലെ കുട്ടികളെ മാനസിക പീഡനത്തിന് ഇരയാക്കുകയാണ്.
മിടുക്കരായ ആയിരക്കണക്കിന് കുട്ടികൾ ഗതികെട്ട് ഓപ്പൺ സ്കൂളിൽ റജിസ്റ്റർ ചെയ്തു. മലബാറിൽ മാത്രം കണ്ടുവരുന്ന തിങ്ങി നിറഞ്ഞ ക്ലാസ് മുറികൾ ഇവിടത്തെ കുട്ടികളുടെ ഭാവി അവതാളത്തിലാക്കും. താലൂക്ക് അടിസ്ഥാനത്തിൽ എടുത്ത സർക്കാർ കണക്ക് തന്നെ പറയുന്നത് മലബാറിൽ മാത്രം 29219 പുതിയ സീറ്റുകൾ ആവശ്യമുണ്ട് എന്നാണ്. ഒരു ബാച്ചിൽ 65 കുട്ടികൾ എന്ന് കണക്കാക്കിയാൽ പോലും 450 ബാച്ചുകൾ ഇനിയും ആവശ്യമുണ്ട്.
മലബാറിലെ കുട്ടികളെ വീണ്ടും വഞ്ചിച്ച് പ്ലസ് വണ്ണിന് മൂന്ന് മാസവും പ്ലസ്ടുവിന് ഒമ്പത് മാസവും മാത്രം ആയുസ്സുള്ള 79 ചതിയൻ ബാച്ചുകളാണ് സർക്കാർ നൽകാൻ പോകുന്നത്. പതിനായിരക്കണക്കിന് സീറ്റുകൾ തിരുക്കൊച്ചി മേഖലയിൽ ഒഴിഞ്ഞു കിടക്കുമ്പോഴാണിത്. ഹയർ സെക്കൻഡറി സീറ്റ് പ്രശ്നത്തിന് ഉടനടി പരിഹാരം കാണുക, മലബാറിനോടുള്ള ചിറ്റമ്മ നയം സർക്കാർ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് തിരുവനന്തപുരത്ത് അനിശ്ചിത കാല സമരം തുടങ്ങുമെന്നും ഭാരവാഹികൾ അറിയിച്ചു.
ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയിട്ടും ഏകജാലക സംവിധാനത്തിൽ അഡ്മിഷൻ ലഭിക്കാത്തവർ, ഇഷ്ട വിഷയങ്ങൾക്ക് അഡ്മിഷൻ ലഭിക്കാത്തവർ എന്നിവർ രക്ഷിതാക്കളുടെ നേതൃത്വത്തിൽ രൂപവത്കരിച്ചതാണ് പാരൻറ്സ് ആക്ഷൻ കൗൺസിൽ. സമരപ്രഖ്യാപന കൺവെൻഷൻ ഞായറാഴ്ച ഉച്ചക്ക് രണ്ടിന് കോഴിക്കോട്ട് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.