കുന്ദമംഗലം അങ്ങാടിയിൽ പാർക്കിങ് സൗകര്യമില്ല: യാത്രക്കാരും കച്ചവടക്കാരും നട്ടം തിരിയുന്നു
text_fieldsകുന്ദമംഗലം: അങ്ങാടിയിലും പരിസരത്തും പാർക്കിങ് സൗകര്യമില്ലാത്തതിനാൽ വാഹന യാത്രികർ ദുരിതത്തിൽ. വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവർ പാർക്കിങ് സൗകര്യങ്ങളുടെ അപര്യാപ്തത മൂലം അങ്ങാടിയിൽനിന്ന് പുറത്തുപോയി വാഹനങ്ങൾ പാർക്ക് ചെയ്യേണ്ട അവസ്ഥയാണ്. വാഹനങ്ങൾ അങ്ങാടിയിൽ നിർത്താൻ സാധിക്കാത്തത് വ്യാപാര സ്ഥാപനങ്ങളിലെ കച്ചവടത്തെ ബാധിക്കുന്നതായി വ്യാപാരികളും പറയുന്നു. വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവർ മറ്റു വഴികളില്ലാതെ സൗകര്യമുള്ള വേറെ അങ്ങാടികൾ തേടിപ്പോകുന്നു.
കാലങ്ങളായി അങ്ങാടിയിൽ എത്തുന്നവർ വാഹനം പാർക്ക് ചെയ്തിരുന്നത് ദേശീയപാതയോരത്തും പഞ്ചായത്ത് ഓഫിസിനും എ.ഇ.ഒ ഓഫിസിനും പിറകിലുള്ള ഒഴിഞ്ഞ റവന്യൂ ഭൂമിയിലുമായിരുന്നു.
കുന്ദമംഗലത്ത് തിരക്കും ഗതാഗതക്കുരുക്കും വർധിച്ചതോടെ പ്രത്യേക ട്രാഫിക് യൂനിറ്റ് അനുവദിച്ചിരുന്നു. അതിനുശേഷം ദേശീയപാതയിൽ വാഹനങ്ങൾ പാർക്ക് ചെയ്താൽ പിഴ ചുമത്താൻ സാധ്യത ഉണ്ടെന്ന ആശങ്കയിൽ യാത്രക്കാർ വാഹനവുമായി അലയുകയാണ്. ആളുകൾ മുമ്പ് വാഹനങ്ങൾ നിർത്തിയിരുന്ന സ്ഥലങ്ങളിൽ പാർക്ക് ചെയ്താൽ അങ്ങാടിയിൽ സ്ഥാപിച്ച കാമറ വഴി പിഴ ചുമത്തുന്നതായി യാത്രക്കാർ പരാതി പറയുന്നു. നേരത്തേ അങ്ങാടിയിൽ എത്തുന്നവർ പാർക്ക് ചെയ്യാൻ ആശ്രയിച്ചിരുന്ന റവന്യൂ ഭൂമി വിവിധ ആവശ്യങ്ങൾക്ക് വിട്ടുനൽകിയതോടെ ഇവിടെയും പാർക്കിങ് പറ്റാത്ത അവസ്ഥയാണ്.
പഴയ സബ് താലൂക്ക് ഓഫിസ് പരിസരത്തെ സ്ഥലം മിനി സിവിൽ സ്റ്റേഷൻ പാർക്കിങ്ങിന് വേണ്ടി മാറ്റി. ഇവിടെ ഒഴിഞ്ഞുകിടക്കുകയാണെങ്കിലും ചങ്ങല ഉപയോഗിച്ച് ബന്ധിച്ചിരിക്കുകയാണ്. വിവിധ ഓഫിസുകളിലെ വാഹനങ്ങക്ക് മാത്രമാണ് അനുമതി. തൊട്ടടുത്ത ശേഷിക്കുന്ന റവന്യൂ ഭൂമിയിൽ കല്ലും മണ്ണും അടക്കമുള്ള കെട്ടിട അവശിഷ്ടങ്ങൾ ഇട്ടതോടെ പാർക്കിങ്ങിനോ കാൽനടക്കോ പറ്റാത്ത അവസ്ഥയാണ്. കുന്ദമംഗലത്തെ ഇരു ബസ് സ്റ്റാൻഡുകളിലെ കച്ചവട സ്ഥാപനങ്ങളിലേക്ക് വരുന്ന ജീവനക്കാരുടെയും സാധനങ്ങൾ വാങ്ങാൻ വരുന്നവരുടെയും വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലമില്ലാതാവുകയും സ്റ്റാൻഡിൽ എവിടെ നിർത്തിയാലും പിഴ ഈടാക്കുകയും ചെയ്യുന്നതിനെതിരെ മാസങ്ങൾക്ക് മുമ്പ് വ്യാപാര സംഘടനകളുടെ നേതൃത്വത്തിൽ പഞ്ചായത്ത് അധികൃതർക്ക് നിവേദനം നൽകിയിരുന്നു.
പൊതുജനങ്ങളുടെയും വ്യാപാര സംഘടനകളുടെയും നിരന്തരമായ ആവശ്യവും ബുദ്ധിമുട്ടും പരിഗണിച്ച് ഗ്രാമപഞ്ചായത്ത് ഉന്നതതല യോഗം വിളിച്ചു. അങ്ങാടിയിലെ ഓട്ടോ പാർക്കിങ്, ഗതാഗത പ്രശ്നങ്ങൾ, വ്യാപാരികൾ എന്നിവർ നേരിടുന്ന പ്രയാസങ്ങൾ ചർച്ചചെയ്യുന്നതിനും പരിഹാരം കാണുന്നതിനും ട്രാഫിക് അസി. കമീഷണർ സുനിൽ, ആർ.ടി.ഒ ഉദ്യോഗസ്ഥർ, കുന്ദമംഗലം സർക്കിൾ ഇൻസ്പെക്ടർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരി പ്രതിനിധികൾ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ടാണ് യോഗം വിളിച്ചുചേർത്തത്. ഗതാഗതത്തിന് നേരിടുന്ന പ്രയാസങ്ങൾക്ക് അസി. കമീഷണർ പരിഹാര മാർഗങ്ങൾ നിർദേശിച്ചു. എം.കെ. മോഹൻദാസ്, മൊയ്തീൻ ഹാജി, ചക്രായുധൻ, ഭക്തോത്തമൻ, എം.ബാബുമോൻ, ഒ. വേലായുധൻ, എൻ. വിനോദ്, ഭാസ്കരൻ, പൊലീസ് സബ് ഇൻസ്പക്ടർ മനോജ് എന്നിവർ സംസാരിച്ചു.
ജൂൺ 25ന് മുമ്പ് ഗതാഗത പരിഷ്കരണവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ സംഘടനകൾക്കും, വ്യക്തികൾക്കും ഗ്രാമപഞ്ചായത്തിൽ സമർപ്പിക്കാം. അതിനുശേഷം ട്രാഫിക് പൊലീസ് തയാറാക്കുന്ന നിർദേശങ്ങൾ എം.എൽ.എയുടെ കൂടി സാന്നിധ്യത്തിൽ ചേരുന്ന യോഗത്തിൽ ചർച്ച ചെയ്ത് നടപ്പാക്കാനും ധാരണയായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി. അനിൽകുമാർ സ്വാഗതവും ചെയർപേഴ്സൻ യു.സി. പ്രീതി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.