പാർക്കിങ് അടച്ചുപൂട്ടി; റെയിൽവേ സ്റ്റേഷനിലെത്തുന്ന വാഹനങ്ങൾ റോഡിൽ
text_fieldsകോഴിക്കോട്: റെയിൽവേ സ്റ്റേഷനു സമീപം കിഴക്കുവശത്തെ പാർക്കിങ് അടച്ചുപൂട്ടിയത് യാത്രക്കാരെ വലക്കുന്നു. ഇതോടെ ഇരുചക്ര വാഹനങ്ങൾ റോഡിൽ നിർത്തിയിട്ട് ട്രെയിൻ കയറിപ്പോവുകയാണ് യാത്രക്കാർ.
റെയിൽവേ സ്റ്റേഷനിലേക്കുള്ള പ്രധാന പ്രവേശന കവാടമായ ഒന്നാം പ്ലാറ്റ്ഫോമിന് സമീപം റോഡിന് എതിർവശത്തായി റെയിൽവേ പുതുതായി ആരംഭിച്ച പാർക്കിങ്ങാണ് മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടിയത്. റെയിൽവേയുടെ കാടുമൂടിക്കിടന്ന സ്ഥലം വെട്ടിത്തെളിച്ച് സജ്ജീകരിച്ച പാർക്കിങ് ഏരിയ സ്റ്റേഷനിലേക്ക് എത്തുന്ന യാത്രക്കാർക്ക് വലിയ ആശ്വാസമായിരുന്നു.
ഇത് അടച്ചുപൂട്ടിയത് ഗതാഗതക്കുരുക്കിൽപെട്ടും മറ്റും ട്രെയിൻ പുറപ്പെടുന്നതിന് പരിമിതമായ സമയം മാത്രം ബാക്കിനിൽക്കെ എത്തിപ്പെടുന്നവർക്ക് വലിയ തിരിച്ചടിയായി.
സ്റ്റേഷന് തെക്കുഭാഗത്തും പടിഞ്ഞാറുഭാഗത്ത് നാലാം പ്ലാറ്റ് ഫോമിനു സമീപവുമാണ് യാത്രക്കാർക്ക് വാഹനങ്ങൾ നിർത്തിയിടാൻ സൗകര്യമുള്ളത്. തെക്കുഭാഗത്ത് പാർക്കിങ് സൗകര്യം പരിമിതമായതിനാലാണ് റെയിൽവേ പുതിയ പാർക്കിങ് തുടങ്ങിയത്. നാലാം പ്ലാറ്റ്ഫോമിന് സമീപമുള്ള സ്ഥലവും പരിമിതമാണ്. മാത്രമല്ല, ബഹുഭൂരിഭാഗം യാത്രക്കാരും ഒന്നാം പ്ലാറ്റ്ഫോം വഴിയാണ് എത്തുന്നത്.
ഇവിടെനിന്ന് നാലാം പ്ലാറ്റ്ഫോമിന്റെ ഭാഗത്തെത്തി വാഹനം നിർത്തി തിരിച്ച് ഒന്നാം പ്ലാറ്റ്ഫോമിൽ എത്തുമ്പോഴേക്കും ട്രെയിൻ പുറപ്പെട്ട് യാത്ര മുടങ്ങുന്നതും പതിവാണ്.
നഷ്ടത്തിലാണെന്നു ചൂണ്ടിക്കാട്ടി ആറു മാസത്തിനകംതന്നെ നടത്തിപ്പു ചുമതല ഏറ്റെടുത്ത ഏജൻസി നിർത്തിപ്പോവുകയായിരുന്നുവെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. റെയിൽവേ സ്റ്റേഷൻ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി റോഡ് വഴിതിരിച്ചുവിടുന്നതടക്കമുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാനുള്ളതിനാലാണ് പുതിയ ഏജൻസിക്ക് നടത്തിപ്പുചുമതല കൈമാറാത്തതെന്നും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.