കോംട്രസ്റ്റ് ഭൂമിയിലെ പാർക്കിങ്; കെട്ടടങ്ങാതെ വിവാദം
text_fieldsകോഴിക്കോട്: കോംട്രസ്റ്റ് ഭൂമിയിൽ സ്വകാര്യ കമ്പനിയുടെ പാർക്കിങ്ങുമായി ബന്ധപ്പെട്ട വിവാദം പുകയുന്നു. നേരത്തേ രണ്ടുതവണ അനുമതി നിഷേധിക്കപ്പെട്ട സ്ഥലത്ത് കോർപറേഷൻ വീണ്ടും പാർക്കിങ്ങിന് അനുമതി കൊടുത്തതിനെതിരെ പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തിയിരുന്നു.
നിലവിൽ പാർക്കിങ് ആരംഭിച്ച ഭൂമി കോംട്രസ്റ്റ് ഭൂമിയിലെ 26 സെന്റ് സ്ഥലം വ്യാപാരി ട്രേഡ് സെന്റർ പ്രൈവറ്റ് ലിമിറ്റഡ് വാങ്ങിയത് ഹൈകോടതി അനുമതിയോടെയാണെന്ന് ചെയർമാൻ വി.കെ.സി. മമ്മദ് കോയ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 2018ൽ രാഷ്ട്രപതി ഒപ്പുവെച്ച കോംട്രസ്റ്റ് ഏറ്റെടുക്കൽ ആക്ടിന്റെ പരിധിയിൽ വരുന്ന സ്ഥലമല്ല ഇതെന്നും ട്രേഡ് സെന്റർ നിയമാനുസൃതം വാങ്ങിയ സ്വന്തം സ്ഥലത്താണ് വാഹന പാർക്കിങ് സൗകര്യം ഏർപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
കോമൺവെൽത്ത് ട്രസ്റ്റിൽനിന്ന് 45 സെന്റ് സ്ഥലം വാങ്ങിയ കോഴിക്കോട് ഡിസ്ട്രിക്ട് കോ ഓപറേറ്റിവ് ട്രാവൽ ആൻഡ് ടൂറിസം സൊസൈറ്റിയിൽനിന്നാണ് വ്യാപാരി ട്രേഡ് സെന്റർ 26 സെന്റ് സ്ഥലം വാങ്ങിയത്. 2014ൽ വാങ്ങിയ സ്ഥലം വെറുതെ കിടക്കുകയായിരുന്നു. കാടുമൂടിയ സ്ഥലം സാമൂഹികവിരുദ്ധരുടെ താവളമായി മാറുകയും ചെയ്തു. പലഘട്ടങ്ങളിലായി പൊലീസ് ഇക്കാര്യം ശ്രദ്ധയിൽപെടുത്തുകയും സ്ഥലം വൃത്തിയാക്കി സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കെട്ടിട നിർമാണം തുടങ്ങുന്നതുവരെ സ്ഥലം വാഹന പാർക്കിങ്ങിന് ഉപയോഗപ്പെടുത്താമെന്ന് തീരുമാനിച്ചതെന്നും വി.കെ.സി വ്യക്തമാക്കി. വ്യാപാരി ട്രേഡ് സെന്റർ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ എ.ടി. അബ്ദുല്ലകോയ, വി. മുഹമ്മദ്, എം. മുഹമ്മദ്, റഫീഖ്, പി.വി. ഇക്ബാൽ, കെ. ഉദയകുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
അതേസമയം, സർക്കാർ ഏറ്റെടുത്ത കോംട്രസ്റ്റ് ഭൂമിയിൽ നിയമവിരുദ്ധമായി നടത്തുന്ന നിർമാണത്തിനും പേ പാർക്കിങ്ങിനും കോർപറേഷൻ അനുമതി നൽകരുതെന്ന് കോംട്രസ്റ്റ് തൊഴിലാളി കൂട്ടായ്മയും ആവശ്യപ്പെട്ടു. വിഷയത്തിൽ മേയർക്കും ജില്ല കലക്ടർക്കും ജില്ല പൊലീസ് മേധാവിക്കും ഉൾപ്പെടെ നിരവധി പരാതികൾ നേരത്തേ തന്നെ നൽകിയിരുന്നു. തുടർനടപടികളുടെ ഭാഗമായി ടൗൺ പൊലീസിന്റെ നേതൃത്വത്തിൽ പാർക്കിങ് നിർത്തിവെപ്പിക്കുകയും പേ പാർക്കിങ് പൂട്ടി കോർപറേഷൻ സീൽ ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, നിലവിൽ നിയമങ്ങളെല്ലാം കാറ്റിൽപറത്തിയാണ് ഹൈകോടതിയെ വെല്ലുവിളിച്ച് വീണ്ടും പേ പാർക്കിങ്ങും കെട്ടിട നിർമാണവും നടത്തിയത്. വിഷയത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ ഉചിതമായ തീരുമാനമെടുക്കണമെന്നും ഭൂ മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും തൊഴിലാളി കൂട്ടായ്മ സെക്രട്ടറി പി.കെ. സന്തോഷ്, പി. ഷാജു, എം.കെ. രജീന്ദ്രൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.