പാർക്കിങ് പ്ലാസയില്ല; ദേശീയപാത 66ൽ കാത്തിരിക്കുന്നത് അപകടപരമ്പര
text_fieldsകോഴിക്കോട്: രാമനാട്ടുകര മുതൽ വെങ്ങളംവരെയുള്ള ദേശീയപാത -66ൽ കാത്തിരിക്കുന്നത് അപകടപരമ്പരകൾ. 28 കിലോമീറ്ററിനുള്ളിൽ ഒരിടത്തുപോലും വാഹനം പാർക്ക് ചെയ്യാനും ഡ്രൈവർമാർക്ക് വിശ്രമം ഉറപ്പുവരുത്താനുമുള്ള പാർക്കിങ് പ്ലാസകൾക്ക് ഇടം കണ്ടെത്തിയിട്ടില്ലാത്തതാണ് രാത്രികാലങ്ങളിൽ അപകട പരമ്പര ഉണ്ടാകുമെന്ന് ആശങ്കയുളവാക്കുന്നത്.
രാത്രിയാത്രക്കിടെ ഡ്രൈവർമാർക്ക് ഉറക്കം വന്നാൽ ട്രാക്കിൽതന്നെ നിർത്തേണ്ട അവസ്ഥയാണ് നിലവിൽ. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള പാതയിൽ എത്ര പാർക്കിങ് പ്ലാസകൾ ഉണ്ടെന്നുപോലും കരാർ ഏറ്റെടുത്തവർക്ക് പറയാനാകുന്നില്ല. രാമനാട്ടുകര മുതൽ വെങ്ങളം വരെ ഒരിടത്തും പ്ലാസയില്ലെന്ന് ഉറപ്പായിട്ടുണ്ട്.
രാത്രിയിൽ ഡ്രൈവർമാർ ഉറക്കം വന്നാലോ പ്രാഥമികാവശ്യം നിറവേറ്റാനോ ഇടവന്നാൽ റോഡരികിൽ നിർത്തുകയല്ലാതെ മെറ്റാരു വഴിയുമില്ല. റോഡിന്റെ മിനുസ്സത കാരണം വേഗത്തിലെത്തുന്ന വാഹനങ്ങൾക്ക് പാർക്കിങ് വാഹനങ്ങൾ ശ്രദ്ധയിൽപെടാതെ പോകുമെന്ന് നിർമാണ പ്രവൃത്തി ഏറ്റെടുത്ത കമ്പനിയുടെ ജീവനക്കാർ തന്നെ പറയുന്നു.
പണി പൂർത്തിയാകുമ്പോൾ സംസ്ഥാനത്ത് ഈ പാതയിലാകും ഏറ്റവും കൂടുതൽ അപകടം ഉണ്ടാവുകയെന്ന് വിലയിരുത്തുന്നു. പാത പരിചയമില്ലാത്തവർക്ക് രാത്രിയാത്ര ഏറെ ഭീഷണിയാകും. സർവിസ് റോഡിൽ കയറ്റി വാഹനം പാർക്ക് ചെയ്യാമെന്നു കരുതുന്നതും കൂടുതൽ അപകടം വിളിച്ചുവരുത്തും. ഓരോ 75 കിലോമീറ്റർ ഇടവിട്ട് വാഹനങ്ങൾ പാർക്ക് ചെയ്യാൻ വേണ്ട സൗകര്യം ഒരുക്കിയാൽ ഒരു പരിധിവരെയെങ്കിലും ദേശീയപാതയിലെ അപകടം ഒഴിവാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. പാർക്കിങ് പ്ലാസ സംബന്ധിച്ച് ആരും ആവശ്യമുന്നയിച്ചിട്ടില്ലെന്നാണ് അറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.