ഹെലികോപ്ടറിന്റെ ഭാഗം മീൻപിടിത്ത വലയിൽ കുടുങ്ങി
text_fieldsബേപ്പൂർ: ആഴക്കടലിൽനിന്ന് തകർന്ന ഹെലികോപ്ടറിന്റെ എൻജിൻ ഭാഗം ബോട്ടിന്റെ മീൻപിടിത്തവലയിൽ കുടുങ്ങി. ബേപ്പൂർ ഫിഷിങ് ഹാർബറിൽനിന്ന് കഴിഞ്ഞ മാസം 26ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട ബേപ്പൂർ അമ്പാളി പറമ്പ് ചെറുപുരക്കൽ ഉസ്മാന്റെ 'സൂറത്ത്' ബോട്ടിന്റെ വലയിലാണ് ഹെലികോപ്ടർ ഭാഗം കുടുങ്ങിയത്. 15-20 ദിവസങ്ങൾ കടലിൽ തങ്ങി ആഴക്കടൽ മീൻപിടിത്തം നടത്തിവരുന്ന ബോട്ടാണിത്. കൊച്ചി മുനമ്പം ഹാർബറിൽനിന്ന് 24 നോട്ടിക്കൽ മൈൽ അകലെ ഉൾക്കടലിൽനിന്നാണ് യന്ത്രഭാഗം വലയിൽ പെട്ടത്. ഏകദേശം 4000 കിലോ ഭാരമുള്ള ഹെലികോപ്ടർ ഭാഗങ്ങൾ വലയിൽ കുടുങ്ങിയത് കാരണം, വല കീറിനശിച്ചു.
ഭാരമുള്ള ഇരുമ്പുപകരണം വലയിൽ കുടുങ്ങിയതായി തൊഴിലാളികൾക്ക് ബോധ്യപ്പെട്ടപ്പോൾ വലിച്ചുകയറ്റാൻ വിഞ്ച് ഉപയോഗിക്കുന്നതിനിടെ, ഭാരക്കൂടുതൽ കാരണം ബോട്ടിനും നാശനഷ്ടങ്ങൾ സംഭവിച്ചു. ഹെലികോപ്ടർ ഭാഗം കുടുങ്ങിയതോടെ മീൻപിടിത്തം നിർത്തി ബോട്ട് ഫിഷിങ് ഹാർബറിലെത്തി.
ക്രെയിൻ ഉപയോഗിച്ചാണ് ഹെലികോപ്ടർ ഭാഗം ബേപ്പൂർ ജെട്ടിയിൽ ഇറക്കിയത്. ബോട്ടിനും വലക്കും നാശം സംഭവിച്ചതിൽ ഒരു ലക്ഷം നഷ്ടം കണക്കാക്കുന്നു. വിവരമറിഞ്ഞ് കോസ്റ്റ് ഗാർഡും പൊലീസും ഫിഷിങ് ഹാർബറിലെത്തി പ്രാഥമിക പരിശോധന നടത്തി. കൂടുതൽ സ്ഥിരീകരണത്തിനും പരിശോധനക്കുമായി കൊച്ചി നാവിക ആസ്ഥാനത്തേക്ക് തീരസംരക്ഷണസേന വിവരം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.