മരുന്ന് ക്ഷാമത്തിൽ വലഞ്ഞ് രോഗികൾ; വിതരണക്കാരുമായി ഇന്ന് ചർച്ച
text_fieldsകോഴിക്കോട്: കുടിശ്ശിക ലഭിക്കാത്തതിനെതുടർന്ന് മെഡിക്കൽ കോളജിലേക്കുള്ള മരുന്ന്, സർജിക്കൽ ഉപകരണ വിതരണം എന്നിവ വ്യാപാരികൾ നിർത്തിവെച്ചത് രോഗികളെ വലക്കുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിലെ ന്യായവില, കാരുണ്യ മെഡിക്കൽ ഷോപ്പുകളിലൊന്നും അത്യാവശ്യ മരുന്നുകൾ ലഭിക്കാത്ത അവസ്ഥയാണ്. ഡയാലിസിന്റെ അടക്കം മരുന്ന് സ്റ്റോക്ക് തീർന്നതാണ് രോഗികളെ വലക്കുന്നത്. വിലപിടിപ്പുള്ള മരുന്നുകൾ എല്ലാം രോഗികൾ പുറത്തുനിന്ന് വാങ്ങുകയാണ്. പ്രശ്നം രൂക്ഷമാവുകയും യുവജന സംഘടനകൾ പ്രതിഷേധം ശക്തമാക്കുകയും ചെയ്തതോടെ മരുന്ന് വിതരണക്കാരെ ആശുപത്രി സൂപ്രണ്ട് ചർച്ചക്ക് വിളിച്ചിരിക്കുകയാണ്. തിങ്കളാഴ്ച രാവിലെ 11നാണ് ചർച്ച. ശനിയാഴ്ചയും ഞായറാഴ്ചയും ഡയാലിസിസിന്റെ എല്ലാ മരുന്നുകളും രോഗികൾ പുറത്തുനിന്നു വാങ്ങുകയായിരുന്നു.
അടിയന്തര ശസ്ത്രക്രിയകൾ മാത്രമാണ് ഇപ്പോൾ ആശുപത്രിയിൽ നടക്കുന്നത്. സമരം തുടങ്ങി ആദ്യദിവസങ്ങളിൽ പണം കൊടുക്കുന്നവർക്ക് മേജർ ശസ്ത്രക്രിയകൾക്കുള്ള ഉപകരണങ്ങൾ വിതരണക്കാർ എത്തിച്ചു നൽകിയിരുന്നെങ്കിലും മൂന്ന് ദിവസമായി അതും നിലച്ചു. പണം കൊടുക്കുന്നവർക്ക് ഉപകരണം നൽകുന്നുവെന്ന് ആക്ഷേപം ഒഴിവാക്കാനാണ് വിതരണക്കാർ ഇത്തരമൊരു തീരുമാനം എടുത്തതെന്നാണ് വിവരം. മരുന്ന് സ്റ്റോക്ക് ഗണ്യമായി കുറഞ്ഞതോടെ ന്യായവില മരുന്ന് ഷോപ്പ് സ്റ്റോക്കെടുപ്പിന്റെ പേര് പറഞ്ഞ് അടച്ചിട്ടിരിക്കുകയായിരുന്നു. മരുന്ന്, സർജിക്കൽ ഉപകരണ വിതരണം വ്യാപാരികൾ നിർത്തിവെച്ചതോടെ കാരുണ്യ ആരോഗ്യ ഇൻഷുറൻസ് വഴിയുള്ള മേജർ ശസ്ത്രക്രിയകൾ മുടങ്ങി. അതേസമയം പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ കലക്ടറേറ്റ് മാർച്ച് ഉൾപ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ഓൾ കേരള കെമിസ്റ്റ്സ് ആൻഡ് ഡ്രഗ്ഗിസ്റ്റ്സ് അസോസിയേഷൻ അറിയിച്ചിരുന്നു. എട്ടുമാസത്തെ കുടിശ്ശികയായി 75 കോടിയോളം രൂപയാണ് മരുന്നു വിതരണക്കാർക്ക് ലഭിക്കാനുള്ളത്.
മൂന്നു മാസത്തെ കുടിശ്ശിക ലഭിച്ചില്ലെങ്കിൽ ഈ മാസം 10 മുതൽ മരുന്ന് വിതരണം നിർത്തിവെക്കുമെന്ന് കാണിച്ച് വിതരണക്കാർ ആശുപത്രി അധികൃതർക്കും കലക്ടർക്കും കത്ത് നൽകിയിരുന്നെങ്കിലും കാരുണ്യ ആരോഗ്യ ഇൻഷുറൻസിന്റെ പണം ലഭിച്ചില്ലെന്ന് പറഞ്ഞ് ഇവർ കൈയൊഴിയുകയായിരുന്നു. തുടർന്നാണ് വ്യാപാരികൾ വിതരണം നിർത്തിവെച്ചത്. തിങ്കളാഴ്ച നടക്കുന്ന ചർച്ചയിൽ പ്രശ്നത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് വിതരണക്കാരും രോഗികളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.