പാവങ്ങാട്-ഉള്ള്യേരി പാത ആശങ്കക്കിടെ സർവേ പൂർത്തിയാക്കി
text_fieldsഎരഞ്ഞിക്കലിലെ വീടിനോട് ചേർന്ന് പെയിന്റ് കൊണ്ട് മാർക്ക് ചെയ്ത ഭാഗംഎലത്തൂർ: പാവങ്ങാട്-ഉള്ള്യേരി പി.യു.കെ.സി സംസ്ഥാന പാത വീതികൂട്ടൽ ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ച് രൂപരേഖയിൽ വീണ്ടും മാറ്റമെന്നത് ഊഹാപോഹം മാത്രമാണെന്ന് കേരള റോഡ് ഫണ്ട് ബോർഡ് (കെ.ആർ.എഫ്.ബി) എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് സർവേ നടത്തി ഒരുമാസം മുമ്പുതന്നെ കല്ലുകൾ സ്ഥാപിച്ചിട്ടുണ്ട്.
ആ അലൈൻമെന്റിൽ ഇനി മാറ്റമൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് റവന്യൂ വിഭാഗത്തിന് അറിയിപ്പ് നൽകിയിട്ടുണ്ട്. അലൈൻമെന്റിൽ ഇനിയും മാറ്റമുണ്ടാകുമെന്നത് തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കം മാത്രമാണെന്നാണ് ഉദ്യോഗസ്ഥൻ പറയുന്നത്. 2017-18ൽ ധനവകുപ്പിന്റെ അംഗീകാരം ലഭിച്ച പദ്ധതിയിൽ 18 മീറ്റർ റോഡിനായിരുന്നു നിർദേശം. 2037 വരെ കോർപറേഷൻ മാസ്റ്റർ പ്ലാനുള്ളതിനാൽ പിന്നീട് 14 മീറ്ററാക്കി കുറക്കുകയായിരുന്നു.
തലക്കുളത്തൂർ, അത്തോളി, ഉള്ള്യേരി, പുതിയങ്ങാടി ഭാഗങ്ങളിൽ 14 മീറ്ററിൽ സർവേ പൂർത്തിയാക്കി കല്ലിടൽ നേരത്തേ പൂർത്തിയാക്കിയിരുന്നു. മാസ്റ്റർ പ്ലാനിൽപെട്ട എരഞ്ഞിക്കൽ മുതൽ പുറക്കാട്ടിരി വരെയുള്ള ഭാഗങ്ങളിൽ പരാതി ഉയർന്നതിനാൽ അതിർത്തിതിരിച്ച് കുറ്റിയടിച്ചത് പലതവണ മാറ്റിയിരുന്നു. ഈ ഭാഗങ്ങളിൽ നിലവിലെ ഒമ്പതു മീറ്റർ റോഡിൽനിന്ന് 5.65 മീറ്റർ വീതിയിലാണ് ഇപ്പോൾ ഭൂമി ഏറ്റെടുക്കാനായി കല്ലുകൾ സ്ഥാപിച്ചത്. പാതക്കായി 5.235 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുക. ആദ്യ ഘട്ടത്തിൽ 17.600 കിലോമീറ്ററിലുള്ള രണ്ടുവരിപ്പാതയുടെ ഭൂമി ഏറ്റെടുക്കലിന് 82.36 കോടിയാണ് അനുവദിച്ചത്.
ഭൂമിയേറ്റെടുക്കൽ തർക്കം കോടതിയിൽ
പാവങ്ങാട്-ഉള്ള്യേരി പി.യു.കെ.സി സംസ്ഥാന പാത വീതികൂട്ടലിന് ഭൂമി ഏറ്റെടുക്കുന്നതിന് കല്ല് സ്ഥാപിച്ചതിനെതുടർന്ന് കുടുംബം ഹൈകോടതിയിൽ. 2017ൽ സർക്കാർ അംഗീകരിച്ച മാസ്റ്റർ പ്ലാനിന് വിരുദ്ധമായുള്ള അലൈൻമെന്റിനെതിരെയാണ് കോടതിയിൽ പരാതി നൽകിയത്. 2022ൽ വീട് പുതുക്കിപ്പണിയാൻ കോർപറേഷൻ അനുമതി നൽകിയതിന്റെ അടിസ്ഥാനത്തിൽ വീട് നിർമിച്ചവർക്കാണ് തിരിച്ചടിയായത്. വീടിനോട് ചേർന്നാണ് ഇപ്പോൾ പുതിയ സർവേ കല്ല് സ്ഥാപിച്ചത്. മാസ്റ്റർ പ്ലാൻ നിലവിലുള്ള സ്ഥലങ്ങളിൽ വകുപ്പുകൾ/മേഖലകൾ പ്രോജക്ടുകൾ നടപ്പാക്കുമ്പോൾ അതിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കണമെന്ന 2023 സെപ്റ്റംബറിലെ സർക്കാർ ഉത്തരവിന്റെ ലംഘനമാണെന്നു കാണിച്ചാണ് കോടതിയെ സമീപിച്ചത്.
മന്ത്രി എ.കെ. ശശീന്ദ്രൻ മുഖേന മൂന്നുതവണ യോഗം വിളിച്ചിട്ടും ഉദ്യോഗസ്ഥർക്ക് മറുപടി കൊടുക്കാൻ കഴിഞ്ഞിട്ടില്ല. ആദ്യ ഘട്ടത്തിൽ പെയിന്റ് കൊണ്ട് മാർക്ക് ചെയ്ത് പോയപ്പോൾ വീടിന്റെ വരാന്തയിൽ മാർക്ക് വന്നതിനെക്കുറിച്ച് വീട്ടുകാർ പരാതിപ്പെട്ടതനുസരിച്ച് മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. ആ യോഗത്തിലും കൃത്യമായ മറുപടി നൽകാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിരുന്നില്ല.
ഉടമകളെ ബോധ്യപ്പെടുത്താതെ ഭൂമി ഏറ്റെടുക്കുന്നതിൽ പ്രതിഷേധം
റോഡ് വീതികൂട്ടേണ്ടത് ആവശ്യമാണെങ്കിലും ജനപ്രതിനിധികളെയോ ഭൂമി നഷ്ടപ്പെടുന്നവരെയോ ബോധ്യപ്പെടുത്താതെ ഭൂമി ഏറ്റെടുക്കുന്നത് പ്രതിഷേധാർഹമാണെന്ന് കൗൺസിലർമാരായ വി.പി. മനോജ്, സഫീന ഇടവഴി പീടികയിൽ, തുഷാര എന്നിവർ അറിയിച്ചു.
അലൈൻമെന്റ് ശാസ്ത്രീയമായ രീതിയിലല്ലെന്നാണ് ആക്ഷേപം. നിലവിലെ അലൈൻമെന്റ് നിയമം പാലിച്ചുകൊണ്ടുണ്ടാക്കിയ വീടിനെപോലും ബാധിക്കും. വീടിന്റെ വാരാന്തയിലൂടെയും ഡൈനിങ് ഹാളിലൂടെയുമാണ് നിർദിഷ്ട റോഡ്. അമ്പലപ്പടിയിലും അലൈൻമെൻറ് അശാസ്ത്രീയമാണ്. പാവങ്ങാട് മുതൽ പുറക്കാട്ടിരിവരെ മൂന്ന് കൗൺസിലർമാർ പ്രതിനിധാനം ചെയ്യുന്നുണ്ട്. സാധാരണ, ഏത് ഡിപ്പാർട്ട്മെന്റിന്റെ പ്രവൃത്തി നടക്കുമ്പോഴും ആ പ്രദേശത്തെ ജനപ്രതിനിധികളെ വിളിപ്പിച്ച് എങ്ങനെയാണ് പാത കടന്നുപോകുന്നതെന്ന് പറഞ്ഞുകൊടുക്കണം.
കലക്ടറുടെ ചേംബറിൽ യോഗം ചേർന്നെങ്കിലും ഉദ്യോഗസ്ഥർ വ്യക്തമായ മറുപടി നൽകിയിട്ടില്ല. കലക്ടറുടെ നിർദേശപ്രകാരം എലത്തൂരിൽ കൗൺസിലർമാരും വാർഡ് മെംബർമാരും ഉദ്യോഗസ്ഥരും ചേർന്ന് പ്രത്യേക യോഗം ചേർന്നു. അതിൽ പ്ലാൻ കാണിച്ച് കൊടുത്തു.
പെയിന്റ് മാർക്ക് ചെയ്തശേഷം കുറ്റി നാട്ടിയതുപ്രകാരം ചില വീടുകൾ നഷ്ടപ്പെടില്ലെന്നാണ് അറിയിച്ചത്. എലത്തൂരിൽ കാണിച്ച പ്ലാൻ ഇതിൽനിന്ന് വ്യത്യസ്തമാണ്. ഏതാണ് യഥാർഥ രൂപരേഖയെന്ന ചോദ്യത്തിന് മറുപടി പറയാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ല. ഇപ്പോൾ വീണ്ടും സർവേ കല്ല് സ്ഥാപിച്ചതോടെ നാട്ടുകാർ ആശങ്കയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.