മൊഫ്യൂസിൽ സ്റ്റാൻഡിൽ പേ പാർക്കിങ് നടപ്പാക്കും
text_fieldsകോഴിക്കോട്: മൊഫ്യൂസിൽ സ്റ്റാൻഡിൽ പേ പാർക്കിങ് ഏർപ്പെടുത്താൻ തീരുമാനം. കോർപറേഷൻ അനുമതിയോടെ പേ പാർക്കിങ് സംവിധാനം നടത്താൻ കഴിഞ്ഞദിവസം ചേർന്ന വ്യാപാരികളുടെ യോഗം തീരുമാനിച്ചതായി ന്യൂ ബസ് സ്റ്റാൻഡ് ഷോപ് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
ഇരുചക്ര വാഹനങ്ങൾ നിർത്തിയിടാൻ മണിക്കൂറിന് മിനിമം 10 രൂപയും കാറടക്കം നാലുചക്ര വാഹനങ്ങൾക്ക് മണിക്കൂറിന് 30 രൂപയും വാങ്ങാനാണ് തീരുമാനം. പാർക്കിങ് ഫീസ് നൽകി കടയിൽനിന്ന് ചുരുങ്ങിയത് 250 രൂപക്ക് സാധനം വാങ്ങുന്ന ഇരുചക്രവാഹനക്കാർക്ക് 10 രൂപയും 500 രൂപക്ക് വാങ്ങുന്ന നാലുചക്ര വാഹനക്കാർക്ക് 30 രൂപയും കടയുടമ തിരിച്ചുനൽകും.
കടയുടമക്കും ജീവനക്കാർക്കും സൗജന്യമായി നിർത്തിയിടാം. ഇതിനായി പ്രത്യേക തിരിച്ചറിയൽ കാർഡുനൽകും. 15 മിനിറ്റ് ഇരുചക്രവാഹനം സൗജന്യമായി നിർത്താം.
അസോസിയേഷൻ ആഭിമുഖ്യത്തിൽ 13 അംഗ പാർക്കിങ് സബ് കമ്മിറ്റിയുണ്ടാക്കിയതായി കമ്മിറ്റിയംഗം യു.എ. കബീർ പറഞ്ഞു. സ്റ്റാൻഡിൽ ബസ് കയറാൻ വരുന്നവർക്ക് നിലവിൽ പാർക്കിങ് സൗകര്യമില്ല.
കൗൺസിലർ മേയർക്ക് കത്ത് നൽകി
മൊഫ്യൂസിൽ സ്റ്റാൻഡിൽ പാർക്കിങ് ഫീസ് ഈടാക്കാൻ കോർപറേഷൻ കൗൺസിൽ തീരുമാനമെടുത്തിട്ടില്ലെന്ന് കാണിച്ച് മേയർ ഡോ. ബീന ഫിലിപ്പിന് പരാതി നൽകിയതായി സ്ഥലം കൗൺസിലർ എസ്.കെ. അബൂബക്കർ അറിയിച്ചു. ഇത്തരമൊരു തീരുമാനമുള്ളതായി രേഖകളിലും കാണുന്നില്ല. അനധികൃതവും നിയമവിരുദ്ധവുമായ നടപടി തടയണം. പാർക്കിങ് കമ്മിറ്റിയുണ്ടാക്കിയ കാര്യം കൗൺസിലറെ പോലും അറിയിച്ചിട്ടില്ല. കോർപറേഷൻ സ്വത്ത് അനധികൃതമായി ദുരുപയോഗപ്പെടുത്തുന്നത് തടയാൻ നടപടി വേണം.
കൗൺസിൽ മുൻഭാഗത്ത് അനധികൃതമായി മരം മുറിച്ചുനീക്കിയത് ഹെൽത്ത് ഓഫിസറുടെയോ ഹെൽത്ത് സർക്കിളിന്റെയോ അനുമതിയില്ലാതെയാണെന്നും നടപടിയെടുക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
മരംമുറിക്കു പിന്നാലെ പേ പാർക്കിങ്ങും
ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ കച്ചവട സ്ഥാപനത്തിനുവേണ്ടി മരച്ചില്ലകൾ മുറിച്ചുമാറ്റിയതുപോലെയാണ് ഇപ്പോൾ പുതിയ പാർക്കിങ് സംവിധാനം കൊണ്ടുവരുന്നതുമെന്ന് ആരോപണമുയർന്നു. സ്റ്റാൻഡിന് ചുറ്റുമുള്ള തണൽ മരച്ചില്ലകൾ നേരത്തേ മുറിച്ചുമാറ്റിയത് വിവാദമായിരുന്നു. സംഭവത്തിൽ പൊതുമുതൽ നശീകരണത്തിന് കേസെടുക്കണമെന്ന് കാണിച്ച് പ്രകൃതി സ്നേഹികൾ കോഴിക്കോട് സിറ്റി പൊലീസ് മേധാവിക്ക് പരാതിയും നൽകി.
കോർപറേഷനെയോ വനം വകുപ്പിനെയോ അറിയിക്കാതെയാണ് രാത്രി, ഏഴ് തണൽ മരങ്ങളുടെ കൊമ്പുകൾ മുറിച്ചുനീക്കിയത്. ഗതാഗതത്തിനോ കാൽനടക്കോ കെട്ടിടങ്ങൾക്കോ വൈദ്യുതി ലൈനിനോ തടസ്സമുണ്ടാക്കാത്ത അധികം ഉയരത്തിൽ പോകാതെനിന്ന മരങ്ങളാണ് മുറിച്ചത്.
വനം വകുപ്പ് പരിശോധിക്കുകയോ വില നിശ്ചയിക്കുകയോ അനുമതി നൽകുകയോ ഉണ്ടായിട്ടില്ലെന്ന് ഡി.എഫ്.ഒ വ്യക്തമാക്കിയതായി പരിസ്ഥിതി പ്രവർത്തകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.