അയനിക്കാട് അടിപ്പാത: പ്രതിഷേധം ശക്തമാകുന്നു
text_fieldsപയ്യോളി: ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി അയനിക്കാട് നിർമിക്കുമെന്ന് പ്രഖ്യാപിച്ച അടിപ്പാതക്കായി നാട്ടുകാരിൽ പ്രതിഷേധം ശക്തമാവുന്നു. കഴിഞ്ഞ ദിവസം പൊലീസ് കാവലിൽ റോഡ് നിർമാണം നടത്താനായി ശ്രമിക്കവെ കർമസമിതി നേതൃത്വത്തിൽ തടയാനെത്തിയെങ്കിലും അടിപ്പാത വരുന്ന ഭാഗം കോൺക്രീറ്റ് ചെയ്യാതെ മാറ്റിനിർത്താമെന്ന് നിർമാണച്ചുമതലയുള്ള വാഗഡ് കമ്പനി അധികൃതർ ഉറപ്പുനൽകിയതോടെ പ്രവൃത്തി തുടരുകയായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി ധാരണ ലംഘിച്ച് കരാർ കമ്പനിയുടെ ടിപ്പറുകളും ജോലിക്കാരും സ്ഥലത്തെത്തി കോൺക്രീറ്റ് ചെയ്യാൻ ശ്രമിക്കവെ കർമസമിതി വീണ്ടും തടഞ്ഞു. കഴിഞ്ഞ സെപ്റ്റംബറിൽ പി.ടി. ഉഷ എം.പി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി വിഷയം ചർച്ച ചെയ്തിരുന്നു. പയ്യോളിയിലെ ഉയരപ്പാതയോടൊപ്പം അയനിക്കാടും പെരുമാൾപുരത്തും അടിപ്പാത അനുവദിക്കുമെന്ന് മന്ത്രി ഉറപ്പു നൽകിയിരുന്നു.
നിർമാണം സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് കരാറുകാരായ അദാനി ഗ്രൂപ്പിനോ നിർമാണം നടത്തുന്ന ഉപകരാറുകാരായ വാഗഡ് ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിനോ ലഭിച്ചിട്ടില്ല. ഇതിനാൽ നിലവിലുള്ള പാതയുടെ നിർമാണ പ്രവൃത്തി പൂർത്തീകരിക്കുന്ന തരത്തിലുള്ള ജോലികളാണ് പ്രദേശത്ത് നടക്കുന്നത്.
അതിനിടെ, കഴിഞ്ഞ ദിവസം പി.ടി. ഉഷ ഇടപെട്ട് ജൂൺ എട്ട് വരെ അടിപ്പാത നിർമിക്കാനുദ്ദേശിക്കുന്ന സ്ഥലത്ത് നിലവിലെ റോഡ് പ്രവൃത്തി നിർത്തിവെക്കാൻ അഭ്യർഥിച്ചിട്ടുണ്ട്. എട്ടാം തീയതിയോടെ ഡൽഹിയിലെത്തുന്ന എം.പി വിഷയത്തിൽ വീണ്ടും ഇടപെട്ട് രേഖാമൂലമുള്ള ഔദ്യോഗിക അനുമതി കേന്ദ്രത്തിൽ നിന്ന് നേടിയെടുക്കുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.