ഇരുകൈയും കാലും തളർന്നു; അതിജീവനത്തിന് രമക്കൊരു ജോലി വേണം
text_fieldsപയ്യോളി: താൽക്കാലിക ജീവനക്കാരിയായെങ്കിലും ഒരു സർക്കാർ ജോലി മരിക്കുന്നതിനുമുമ്പ് ലഭിക്കണമെന്നാണ് അംഗപരിമിതയായ തിക്കോടി പള്ളിക്കര വട്ടക്കുനി 'ആദിമ' വീട്ടിൽ പി. രമയുടെ ആഗ്രഹം. 2016ൽ 'ഉടയാത്ത വിഗ്രഹം' കവിതസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട് എഴുത്തുകാരി കൂടിയായ രമ.
അംഗവൈകല്യം 75 ശതമാനത്തിൽ കൂടിപ്പോയെന്ന് രമയുടെ മെഡിക്കൽ രേഖകളിൽ എഴുതിവെച്ചതാണ് ഇതുവരെയുള്ള ജോലിസാധ്യതക്ക് പ്രധാന തടസ്സമായി നിൽക്കുന്നത്. രണ്ടു വയസ്സുള്ളപ്പോൾ പോളിയോ പ്രതിരോധ വാക്സിൻ കുത്തിവെച്ച ശേഷമാണ് രമയുടെ ഒരു കൈയും കാലും പാതി തളർന്നത്. 10 ഇൻറർവ്യൂകളിൽ പങ്കെടുത്തെങ്കിലും നിരാശയായിരുന്നു ഫലം. ലോട്ടറി വിൽപനയിലൂടെയാണ് ഉപജീവനം. ഡിസംബർ പന്ത്രണ്ടിന് വീണ് പരിക്കേറ്റതിനെ തുടർന്ന് കൈക്ക് പ്ലാസ്റ്ററിട്ട് ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്.
അംഗവൈകല്യം സംഭവിച്ചവർക്കുള്ള സർക്കാർ വായ്പക്ക് രണ്ടുവർഷം മുമ്പ് അപേക്ഷ നൽകിയെങ്കിലും ഇന്നേവരെ ലഭിച്ചിട്ടില്ല. റേഷൻ കാർഡ് ദാരിദ്ര്യരേഖക്ക് മുകളിലുള്ളവരുടെ വിഭാഗത്തിലാണ്. വികലാംഗ പെൻഷൻ മാത്രമാണ് ഏകാംഗ കുടുംബത്തിെൻറ ഒരേയൊരു വരുമാനം. മലബാർ ദേവസ്വം ബോർഡിലാണ് ഒടുവിൽ ഇൻറർവ്യൂവിന് ഹാജരായത്. കോഴിക്കോട് മെഡിക്കൽ കോളജിലെ തുണി അലക്കുന്നവരുടെ വിഭാഗത്തിലേക്ക് താൽക്കാലിക ജീവനക്കാരിയായി പതിനൊന്നാമത്തെ അഭിമുഖത്തിന് ജനുവരി 19ന് പോകാനൊരുങ്ങുകയാണ് രമ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.