വാക്കുപാലിക്കാതെ കേന്ദ്രം: ദേശീയപാതയിൽ ഉയരപ്പാതക്ക് ഫണ്ട് അനുവദിച്ചില്ല; പ്രതിഷേധം ശക്തം
text_fieldsപയ്യോളി: പി.ടി. ഉഷയുടെ നാട് രണ്ടായി മുറിയില്ലെന്ന കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയുടെ വാഗ്ദാനം നടപ്പാക്കാത്തതിൽ പയ്യോളിയിൽ പ്രതിഷേധം ശക്തമാവുന്നു. ദേശീയപാത വികസനത്തിന്റെ ഭാഗമായി നിലവിലെ അലൈൻമെന്റ് പ്രകാരം ബീച്ച് റോഡും പേരാമ്പ്ര റോഡും സംഗമിക്കുന്ന ജങ്ഷനിൽ എഴുപത് മീറ്ററിൽ മേല്പാലവും ബാക്കി ടൗണിന്റെ രണ്ടറ്റവും മണ്ണിട്ട് ഉയർത്തി അപ്രോച്ച് റോഡുമാണ് നിർമിക്കാനുദ്ദേശിച്ചത്.
എന്നാൽ, ഇതുപ്രകാരം നിർദിഷ്ട ആറുവരിപ്പാത ടൗണിനെ രണ്ടായി വിഭജിക്കുമെന്ന ആശങ്ക നിലനിൽക്കവെയാണ് ഒരു വർഷംമുമ്പ് രാജ്യസഭ എം.പിയായി മാറിയ നാട്ടുകാരി കൂടിയായ ഒളിമ്പ്യൻ പി.ടി. ഉഷയുടെ ഇടപെടലിലൂടെ ടൗണിൽ മുഴുവനായും തൂണുകളിലൂടെ ഉയരപ്പാതക്കായുള്ള ശ്രമം നടന്നത്.
2022 സെപ്റ്റംബറിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയെ പി.ടി. ഉഷ എം.പി ഡൽഹിയിൽ നേരിൽകണ്ട് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിൽ ഉഷയുടെ നാട് രണ്ടായി മുറിയില്ലെന്ന് മന്ത്രി ഉറപ്പ് നൽകി. എന്നാൽ, ഇക്കഴിഞ്ഞ ആഗസ്റ്റിൽ അടിപ്പാതകൾ അനുവദിച്ച വിഷയവുമായി ബന്ധപ്പെട്ട് പുറത്തുവന്ന അറിയിപ്പുകളിൽ പയ്യോളിയിൽ ഉയരപ്പാതക്ക് ഫണ്ട് അനുവദിക്കാൻ കഴിയില്ലെന്ന അറിയിപ്പ് വന്നു. ഇത് നാട്ടുകാരെ നിരാശയിലാഴ്ത്തുകയായിരുന്നു.
നിലവിൽ മൂന്ന് സ്പാനുകൾക്കായി ഗർഡറുകൾ രൂപപ്പെടുത്തിയതിനാൽ കരാറുകാർക്ക് അലൈൻമെന്റ് മാറ്റം വരുത്താൻ കഴിയില്ലെന്നായിരുന്നു എം.പിക്ക് നൽകിയ കത്തിൽ ബന്ധപ്പെട്ട വകുപ്പ് നൽകിയ വിശദീകരണം. മാത്രവുമല്ല ജങ്ഷനിൽമാത്രം സ്ഥാപിക്കാനുദ്ദേശിക്കുന്ന മേൽപ്പാലത്തിന്റെ നിർമാണ പ്രവൃത്തികൾ ഇപ്പോൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
വിഷയം ചർച്ചചെയ്യാനായി കഴിഞ്ഞ ദിവസം പയ്യോളി നഗരസഭ ഹാളിൽ ചെയർമാൻ വി.കെ. അബ്ദുറഹ്മാന്റെ നേതൃത്വത്തിൽ സർവകക്ഷി യോഗം വിളിച്ചുചേർത്തിരുന്നു. ടൗണിൽ മുഴുവനായും തൂണുകളിൽതന്നെ മേൽപ്പാലം നിർമിക്കാൻ ഏതറ്റംവരെ പോകാനും ശക്തമായ സമരപരിപാടികൾ ആരംഭിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. അതിനിടയിൽ ഉയരപ്പാത വിഷയത്തിൽ പി.ടി. ഉഷ എം.പിയെ വിമർശിച്ച് ടൗണിൽ കോൺഗ്രസ് ബോർഡ് സ്ഥാപിച്ചതിനെചൊല്ലി സർവകക്ഷി യോഗത്തിൽനിന്ന് ബി.ജെ.പി അംഗങ്ങൾ ഇറങ്ങിപ്പോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.