തീരദേശ കുടിവെള്ള പദ്ധതി; നാട്ടുകാർ വീണ്ടും സമരത്തിന്, പുൽക്കൊടിക്കൂട്ടം പ്രതിഷേധം ഇന്ന്
text_fieldsപയ്യോളി: നഗരസഭയിലെ 17 ഡിവിഷനുകളടങ്ങുന്ന തീരദേശ മേഖലയിൽ വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ നേടിയെടുത്ത 35 കോടിയുടെ കുടിവെള്ള പദ്ധതിക്ക് ജല അതോറിറ്റിയുടെ നിലപാട് തടസ്സമാവുന്നതായി പരാതി.
പദ്ധതിക്ക് ഭരണാനുമതി ലഭിച്ച ശേഷം ടെൻഡർ വ്യവസ്ഥകൾ അംഗീകരിച്ച് മലപ്പുറം ആസ്ഥാനമായ മിഡ് ലാൻഡ് എൻജിനീയറിങ് ആൻഡ് കോൺട്രാക്ടിങ് കമ്പനി കരാർ ഏറ്റെടുത്ത് പദ്ധതിയുടെ പ്രവർത്തനം ആരംഭിക്കാൻ ഒരുങ്ങവേയാണ് പദ്ധതിയുടെ ടെൻഡറിനെതിരെ ജല അതോറിറ്റിതന്നെ രംഗത്തുവന്നിരിക്കുന്നത്.
നിലവിലെ ടെൻഡർ വ്യവസ്ഥകളിൽ മാറ്റംവരുത്തിയാൽ മാത്രമേ കമ്പനിയുമായുള്ള കരാറിൽ ഒപ്പുവെക്കാൻ സാധിക്കുകയുള്ളൂവെന്നാണ് അതോറിറ്റിയുടെ കോഴിക്കോട് മേഖല സൂപ്രണ്ടിങ് എൻജിനീയറുടെ നിലപാട്.
ഇതേതുടർന്ന് അതോറിറ്റിയുടെ നിലപാടിനെതിരെ കരാർ കമ്പനി ഹൈകോടതിയിൽ റിട്ട് ഹരജി സമർപ്പിച്ചതിനെത്തുടർന്ന് കമ്പനിക്കനുകൂലമായി വിധി വന്നിരുന്നു. എന്നാൽ, അതോറിറ്റി വിധിക്കെതിരെ അപ്പീൽ പോകാനുള്ള നീക്കത്തിനെതിരെയാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്.
കരാറിൽ ഒപ്പുവെച്ച് ഒരു നാടിന്റെ ദാഹജല പ്രശ്നത്തിന് പരിഹാരം കാണുന്നതിന് പകരം ജനങ്ങളെ ദ്രോഹിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് പുൽക്കൊടിക്കൂട്ടം സാംസ്കാരികവേദി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
പ്രതിഷേധത്തിന്റെ ഭാഗമായി പുൽക്കൊടിക്കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ വ്യാഴാഴ്ച വൈകീട്ട് മൂന്നിന് പയ്യോളി ടൗണിൽ പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
പരിഹാരമായില്ലെങ്കിൽ ജൂൺ 18ന് കോഴിക്കോട്ടെ ജല അതോറിറ്റി ഓഫിസിനുമുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുമെന്നും വാർത്തസമ്മേളനത്തിൽ പുൽക്കൊടിക്കൂട്ടം അറിയിച്ചു. വാർത്തസമ്മേളനത്തിൽ പുൽക്കൊടിക്കൂട്ടം സാംസ്കാരിക വേദി ചെയർമാൻ എം. സമദ്, പി.എം. നിഷിത്, ശ്രീകല ശ്രീനിവാസൻ, ചാലിൽ പവിത്രൻ, ഗീത പ്രകാശൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.