ഇടതുപക്ഷത്തെ ഇല്ലായ്മ ചെയ്യാൻ കോൺഗ്രസും ബി.ജെ.പിയും ഒറ്റക്കെട്ട് -മുഖ്യമന്ത്രി
text_fieldsപയ്യോളി: ഇടതുപക്ഷത്തെ ഇല്ലായ്മ ചെയ്യാൻ കോൺഗ്രസും ബി.ജെ.പിയും എക്കാലത്തും ഒറ്റക്കെട്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സി.പി.എം ഏരിയ കമ്മിറ്റി ആസ്ഥാനകേന്ദ്രമായ പുതുതായി പണിതീർത്ത ഐ.പി.സി റോഡിലുള്ള എ.കെ.ജി മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി.പി.എം അടക്കമുള്ള ഇടതുപക്ഷപ്രസ്ഥാനങ്ങളെ ഇല്ലായ്മചെയ്യാനുള്ള ശ്രമം അതിന്റെ തുടക്കകാലം മുതൽതന്നെ ശത്രുപക്ഷം ശ്രമിച്ചെങ്കിലും അവയെല്ലാം പരാജയപ്പെട്ട ചരിത്രമാണ് ഉണ്ടായത്. നിരവധി സഖാക്കൾ ജീവൻത്യജിച്ച് കെട്ടിപ്പടുത്ത പ്രസ്ഥാനത്തെ തകർക്കാനുള്ള ശ്രമം ഒരു ശക്തിക്കും സാധ്യമല്ല.
1957ൽ ഇ.എം.എസ് മന്ത്രിസഭയെ പിരിച്ചുവിട്ടതിലൂടെ രാജ്യത്തിനുതന്നെ തീരാക്കളങ്കമായ നടപടി മുതൽ ഇടതുപക്ഷപ്രസ്ഥാനങ്ങളെ വേട്ടയാടുന്ന സമീപനമാണ് വലതുപക്ഷത്തുനിന്ന് എന്നും നേരിടേണ്ടിവന്നിട്ടുള്ളത്. രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തെ പോലും ഒറ്റിക്കൊടുത്ത സംഘ്പരിവാർ ശക്തികൾ രാജ്യം ഭരിക്കുന്നത് കോൺഗ്രസിന്റെ ബലഹീനതയെയാണ് വെളിപ്പെടുത്തുന്നതെന്നും പാഠപുസ്തകങ്ങളിൽ വർഗീയത തിരുകിക്കയറ്റി ഉന്നത വിദ്യാഭ്യാസമേഖല കൈയടക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുമുണ്ടാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടി. ചന്തു അധ്യക്ഷത വഹിച്ചു. മന്ത്രി പി.എ. മുഹമ്മദ് റിയാസ്, എം.എൽ.എമാരായ കാനത്തിൽ ജമീല, ടി.പി. രാമകൃഷ്ണൻ, മുൻ എം.എൽ.എമാരായ കെ. ദാസൻ, പി. വിശ്വൻ, ജില്ല സെക്രട്ടറി പി. മോഹനൻ, ഏരിയ സെക്രട്ടറി എം.പി. ഷിബു, കെ.കെ. മുഹമ്മദ്, ഭാസ്കരൻ എന്നിവർ സംസാരിച്ചു.
മുഖ്യമന്ത്രിയെ കാണാൻ വൻ ജനക്കൂട്ടം
പയ്യോളി: രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയശേഷം ആദ്യമായി പയ്യോളിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെത്തിയത് വൻ ജനക്കൂട്ടം.
പ്രത്യേകം സജ്ജമാക്കിയ വേദിയിലും സമീപത്തെ കെട്ടിടത്തിന്റെ മുകളിലും റോഡിലുമെല്ലാം നുറുകണക്കിനു പേരെത്തി. വൈകീട്ട് നാലരയോടെ എത്തുമെന്നറിയിച്ച മുഖ്യമന്ത്രി 20 മിനിട്ട് മാത്രമാണ് വൈകിയത്. മുഖ്യമന്ത്രിയുടെ പ്രസംഗം 35 മിനിട്ട് നീണ്ടു. പാർട്ടിയുടെ ആരംഭകാലം മുതലുള്ള ചരിത്രവിവരണങ്ങൾ ഉൾക്കൊണ്ട സംസാരം ഏറെ ശ്രദ്ധയോടെയാണ് സദസ്സ് കേട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.