ദലിത് വിദ്യാർഥിയുടെ ആത്മഹത്യ: മനുഷ്യാവകാശ കമീഷൻ റിപ്പോർട്ട് തേടി
text_fieldsപയ്യോളി: ദലിത് വിദ്യാർഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പിതാവ് നൽകിയ പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ റിപ്പോർട്ട് തേടി. തുറയൂർ ആക്കൂൽവയലിലെ പരപ്പിൽവയൽ വീട്ടിൽ സനലിന്റെ (18) മരണവുമായി ബന്ധപ്പെട്ട് പിതാവ് സി.കെ. സുനിൽ നൽകിയ പരാതിയിലാണ് നടപടി. മകന്റെ ആത്മഹത്യക്ക് കാരണക്കാരായവർക്കെതിരെ പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന ആവശ്യം വിശദമായി പരിശോധിച്ച് ജില്ല റൂറൽ പൊലീസ് മേധാവി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടിരിക്കുന്നത്.
ജൂലൈ 25ന് ഉച്ചക്ക് വീടിനു സമീപത്തെ ബന്ധുവീട്ടിലെ ഷെഡിലാണ് സനലിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിഷയത്തിൽ പരാതി നൽകിയിട്ടും പയ്യോളി സി.ഐയും ജില്ല റൂറൽ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ടും വേണ്ടവിധം അന്വേഷിച്ചില്ലെന്നും പിതാവിെൻറ പരാതിയിലുണ്ട്.
16 വയസ്സുള്ള പെൺകുട്ടിയുമായി സനൽ സൗഹൃദത്തിലായിരുന്നു. സൗഹൃദത്തെ പെൺകുട്ടിയുടെ വീട്ടുകാർ പ്രണയമായി തെറ്റിദ്ധരിച്ചു. തുടർന്ന് പെൺകുട്ടിയുടെ പിതാവ് തന്നെയും മകനെയും കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും ജാതിപ്പേര് വിളിച്ച് അപമാനിക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു. കൊയിലാണ്ടി കുറുവങ്ങാട് ഐ.ടി.ഐ വിദ്യാർഥിയായിരുന്നു സനൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.