എല്ലാ വീടുകളിലും കുടിവെള്ളം; തുറയൂരിൽ പദ്ധതിക്ക് തുടക്കം
text_fieldsപയ്യോളി: കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ 'ജൽ ജീവൻ മിഷൻ' പദ്ധതി പ്രകാരം മുഴുവൻ വീടുകളിലും കുടിവെള്ളമെത്തിക്കുന്ന 'ഹർ ഘർ ജൽ' പദ്ധതിയുടെ തുറയൂർ ഗ്രാമപഞ്ചായത്തിലെ പ്രഖ്യാപനം നടന്നു. വിശേഷാൽ ഗ്രാമസഭയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരീഷ് പദ്ധതിയുടെ പ്രഖ്യാപനം നിർവഹിച്ചു. ഐ.എം.ഐ.എസ് ഡേറ്റ പ്രകാരം കുടിവെള്ള ടാപ് കണക്ഷൻ നൽകേണ്ടിയിരുന്ന 3352 വീടുകളിലും വെള്ളമെത്തിച്ചതു പ്രകാരമാണ് പ്രഖ്യാപനം നടത്തിയത്.
പിന്നീട് കൂട്ടിച്ചേർത്ത വീടുകൾ ഉൾപ്പെടെ 3640 വീടുകളിൽ ടാപ് കണക്ഷൻ നൽകിയിട്ടുണ്ട്. കൂടാതെ 14 അംഗൻവാടികൾ, 10 സ്കൂളുകൾ, അഞ്ച് സർക്കാർ സ്ഥാപനങ്ങളിലടക്കം കണക്ഷൻ നൽകി. സെപ്റ്റംബർ പത്തിനകം തുറയൂരിലെ മുഴുവൻ വീടുകളിലും കണക്ഷൻ ലഭിക്കാനുള്ള ക്രമീകരണങ്ങൾ നടന്നുവരുന്നതായി ഗ്രാമപഞ്ചായത്ത് അധികൃതർ അറിയിച്ചു.
പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം സെപ്റ്റംബർ 15നുള്ളിൽ നടക്കുന്നതോടെ തുറയൂരിന്റെ ദീർഘകാലത്തെ പ്രയാസത്തിന് ശാശ്വത പരിഹാരമാവും. പരിപാടിയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ മാവുള്ളാട്ടിൽ അധ്യക്ഷത വഹിച്ചു. സോഷ്യോ ഇക്കണോമിക് യൂനിറ്റ് ഫൗണ്ടേഷൻ കോഓഡിനേറ്റർ ടി.പി. രാധാകൃഷ്ണൻ പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. കൃഷ്ണകുമാർ സ്വാഗതവും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സബിൻരാജ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.