പയ്യോളിയിൽ പിടിമുറുക്കി ലഹരിമാഫിയ; അധികൃതർക്ക് നിസ്സംഗത; നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്
text_fieldsപയ്യോളി: ടൗണിലും പരിസരത്തും വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ലഹരിമാഫിയ പിടിമുറുക്കുന്നു. രാപകൽ ഭേദമന്യേ ടൗണിന്റെ ഹൃദയഭാഗത്തുപോലും കഞ്ചാവും ബ്രൗൺഷുഗറും എം.ഡി.എം.എയും പോലെയുള്ള മയക്കുമരുന്നും സുലഭമായി ലഭിക്കുന്ന അവസ്ഥയാണുള്ളത്. ബുധനാഴ്ച നട്ടുച്ചക്കാണ് ടൗണിലെ ദേശീയപാതക്ക് സമീപത്തുനിന്ന് കാറിൽ വിതരണം നടത്താനുള്ള ശ്രമത്തിനിടെ 42 ഗ്രാം കഞ്ചാവുമായി രണ്ടു യുവാക്കൾ പൊലീസിന്റെ പിടിയിലായത്.
ഡിസംബർ 18ന് അർധരാത്രി കോഴിക്കോട് നഗരത്തിൽ പയ്യോളി ടൗണിലെ ബേക്കറി ഉടമയെയും ചേളന്നൂർ സ്വദേശിയെയും കാറിൽ മയക്കുമരുന്ന് കടത്തവെ എക്സൈസ് വിഭാഗം പിടികൂടി. 820 മില്ലിഗ്രാം എം.ഡി.എം.എ ആണ് ഇവരിൽനിന്ന് പിടിച്ചെടുത്തത്. മൂന്നാഴ്ചക്കുള്ളിൽ നടന്ന തുടർച്ചയായ രണ്ടു സംഭവങ്ങളോടെ പയ്യോളിയിൽ മയക്കുമരുന്ന് ലോബി ശക്തമായിട്ടുണ്ട്. മെഡിക്കൽ വിദ്യാർഥികൾ മുതൽ സാധാരണ സ്കൂൾ - കോളജ് വിദ്യാർഥികൾ വരെ മയക്കുമരുന്ന് മാഫിയയുടെ ഇരകളായി.
ബസ്സ്റ്റാൻഡിന് പിറകിലെ നിർമാണം പൂർത്തിയാവാത്ത ഒഴിഞ്ഞ കെട്ടിടങ്ങളിലും ബീച്ച് റോഡിലെയും മത്സ്യമാർക്കറ്റ് പരിസരത്തെ ജനസാന്നിധ്യമില്ലാത്ത ഒഴിഞ്ഞ കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളാണ് മയക്കുമരുന്ന് വിതരണക്കാരുടെ പ്രധാന കേന്ദ്രങ്ങൾ. ഗ്രാമിന് ലക്ഷം രൂപ വരെ വിലയുള്ള എം.ഡി.എം.എ. അടക്കം സിഗരറ്റ് രൂപത്തിലാക്കി ഉപയോഗിക്കുന്നതു കൊണ്ട് ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ ആവാത്ത സ്ഥിതിയാണ്. ഇരുചക്രവാഹനങ്ങളിലെത്തി കെട്ടിടങ്ങളുടെ മറവിലാണ് വിദ്യാർഥികളുടെ ലഹരി ഉപയോഗം. പേരാമ്പ്ര റോഡിലെ വ്യാപാരകേന്ദ്രത്തിന് പിറകുവശം ഇത്തരത്തിൽ സ്ഥിരം കേന്ദ്രമാക്കിയതായി സംശയം തോന്നിയ സാഹചര്യത്തിൽ വ്യാപാരികൾ ഇടപെട്ടതോടെ ഇവർ പിൻവലിയുകയായിരുന്നു.
മയക്കുമരുന്ന് മാഫിയ ടൗണിലും പരിസരത്തും പിടിമുറുക്കിയിട്ടും പരിശോധനകളോ നടപടിയോ എടുക്കാതെ എക്സൈസ് വിഭാഗവും പൊലീസും നിസ്സംഗത പാലിക്കുന്നതിനെതിരെ ജനരോഷം ശക്തമാണ്. പയ്യോളിയിൽ നാട്ടുകാരുടെ നേതൃത്വത്തിൽ ജനകീയസമിതി രൂപവത്കരിച്ച് ശക്തമായ പ്രക്ഷോഭ പരിപാടികൾ ആവിഷ്കരിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകീട്ട് ടൗണിൽ നടക്കുന്ന പന്തം കൊളുത്തി പ്രകടനത്തോടെ പ്രക്ഷോഭത്തിന് തുടക്കമാവും.
പയ്യോളി ടൗണിൽനിന്ന് കഴിഞ്ഞദിവസം വാഹനപരിശോധനക്കിടെ പൊലീസ് പിടിച്ചെടുത്ത കഞ്ചാവ് പാക്കറ്റുകൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.