കുഴിയിലും പൊടിയിലും മുങ്ങി ദേശീയപാത
text_fieldsപയ്യോളി: കാലവർഷത്തെത്തുടർന്ന് തകർന്ന് തരിപ്പണമായ ദേശീയപാതയിലെ കുഴിയടക്കൽ പ്രവൃത്തി പാതിവഴിയിൽ. ഇതേത്തുടർന്ന് മൂരാട് മുതൽ തിക്കോടിവരെ ദേശീയപാതയിലൂടെയുള്ള യാത്ര അനുദിനം ദുരിതപൂർണം. ഏറെ പ്രതിഷേധത്തെ തുടർന്നാണ് രണ്ടാഴ്ച മുമ്പ് മൂരാട് മുതൽ പയ്യോളി വരെ കുഴിയടക്കൽ പ്രവൃത്തി ആരംഭിച്ചത്.
എന്നാൽ, മൂരാട് ഓയിൽമിൽ ജങ്ഷൻ മുതൽ പയ്യോളി മുൻസിഫ് കോടതിക്ക് മുൻവശം വരെ പ്രധാനമായും കോഴിക്കോട് ഭാഗത്തേക്കുള്ള സർവിസ് റോഡിൽ മാത്രം കുഴിയടക്കൽ പ്രവൃത്തിയും റീടാറിങ്ങും ചെയ്തശേഷം പിന്നീട് പ്രവൃത്തി ഒന്നും നടന്നില്ല. തുടക്കത്തിൽ വാഹനങ്ങൾ വഴി തിരിച്ചുവിട്ട് ആരംഭിച്ച പ്രവൃത്തിക്ക് രണ്ടുദിവസം മാത്രമായിരുന്നു ആയുസ്സ്. ഇപ്പോൾ പയ്യോളി ബസ് സ്റ്റാൻഡിന് മുൻവശത്തെ കോഴിക്കോട് ഭാഗത്തെ സർവിസ് റോഡ് സദാസമയവും പൊടി നിറഞ്ഞ അവസ്ഥയാണ്. വായയും മൂക്കും പൊത്താതെ ഈ ഭാഗത്തുകൂടെ കാൽനടപോലും അസാധ്യമാണ്. ആറുവരി ദേശീയപാതയുടെ പ്രവൃത്തിയും മന്ദഗതിയിലാണ്.
പെരുമാൾപുരം ഹിന്ദുസ്ഥാൻ പെട്രോളിയം പമ്പുമുതൽ പയ്യോളി ഗവ. ഹൈസ്കൂൾവരെ വയലിന് സമാനമായ രീതിയിൽ ദേശീയപാത പൂർണമായും എടുത്തുമാറ്റപ്പെട്ട അവസ്ഥയാണ്. പയ്യോളി റെയിൽവേ സ്റ്റേഷന്റെ മുൻഭാഗം, മൂരാട് ഓയിൽമിൽ പരിസരം എന്നിവടങ്ങളിലെല്ലാം ടാറിങ് പൂർണമായും ഇല്ലാതായി.
മഴ ശക്തമാവുമ്പോൾ ചളിയും വെള്ളക്കെട്ടും കാരണം ദുരിതം ഇരട്ടിയാവുകയും ചെയ്യും. ഇപ്പോൾ ഇടക്കിടെ പെയ്യുന്ന ചാറ്റൽ മഴ മാത്രമാണ് അൽപം ആശ്വാസം. അധികൃതരുടെയും കരാർ കമ്പനിയുടെയും കടുത്ത നിസ്സംഗതെക്കെതിരെ നാട്ടുകാരിൽ പ്രതിഷേധം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.