വ്യാപാരികളെ കുടിയൊഴിപ്പിക്കൽ നീക്കം വീണ്ടും തടഞ്ഞു
text_fieldsപയ്യോളി: ദേശീയപാത വികസനത്തിന്റെ ഭാഗമായി പയ്യോളി ടൗണിൽ കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് ഇനിയും നഷ്ടപരിഹാരം ലഭിക്കാത്തതിൽ പ്രതിഷേധം ശക്തമാവുന്നു.
സ്ഥലമേറ്റെടുപ്പ് ഉദ്യോഗസ്ഥർ വ്യാപാരസ്ഥാപനങ്ങൾ ഒഴിയാൻ വേണ്ടി തിങ്കളാഴ്ചയും ടൗണിലെത്തിയെങ്കിലും വ്യാപാരികളുടെ ചെറുത്തുനിൽപിൽ രണ്ടാം വട്ടവും തിരിച്ചുപോയി. കഴിഞ്ഞ ബുധനാഴ്ച ഉദ്യോഗസ്ഥർ ടൗണിലെ കടകളിൽ കയറി അഞ്ചു ദിവസത്തിനകം ഒഴിയണമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. കൃ
ത്യം ആറാം ദിവസമായ തിങ്കളാഴ്ച രാവിലെ പതിനൊന്നോടെ എൽ.എ എൻ.എച്ച്. വിഭാഗം ഡെപ്യൂട്ടി കലക്ടർ പി.എസ്. ലാൽചന്ദിന്റെ നേതൃത്വത്തിൽ ദേശീയപാത എൽ.എ വിഭാഗം തഹസിൽദാർ സി. ശ്രീകുമാറും ജൂനിയർ സൂപ്രണ്ട് കെ. അനിൽകുമാറും റവന്യൂ ഉദ്യോഗസ്ഥരും ഉൾപ്പെട്ട സംഘം വ്യാപാരികളെ കുടിയൊഴിപ്പിക്കാനായി എത്തുകയായിരുന്നു.
ദേശീയപാതയിൽ മുൻസിഫ് മജിസ്ട്രേറ്റ് കോടതിക്ക് എതിർവശമുള്ള വ്യാപാരസ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥർ എത്തിയപ്പോൾ വ്യാപാരി നേതാക്കൾ ഉൾപ്പെടെയുള്ള സംഘം തടഞ്ഞു.
ഏറെനേരം ഉദ്യോഗസ്ഥരും വ്യാപാരികളും തമ്മിൽ തർക്കത്തിലേർപ്പെട്ടു. വ്യാപാരികൾക്ക് രേഖാമൂലം നോട്ടീസ് കൊടുക്കാനോ നഷ്ടപരിഹാരത്തുക എത്രയെന്നോ സംബന്ധിച്ച് കൃത്യമായ ഉറപ്പുനൽകാനോ ഉദ്യോഗസ്ഥർ തയാറായിരുന്നില്ല. അതേസമയം, ഒഴിപ്പിക്കൽ നടപടികളുമായി മുന്നോട്ടുപോകുമെന്ന് ഡെപ്യൂട്ടി കലക്ടർ വ്യക്തമാക്കി.
നഷ്ടപരിഹാരം ലഭിക്കാതെ വ്യാപാരസ്ഥാപനങ്ങൾ ഒരു വിധേനയും ഒഴിയില്ലെന്നും അധികൃതർ കടുത്ത നടപടിയിലേക്ക് നീങ്ങിയാൽ ഏതു സാഹചര്യത്തെയും നേരിടാൻ തങ്ങൾ ഒരുക്കമാണെന്നും വ്യാപാരി നേതാക്കൾ പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സെക്രട്ടറി കെ.ടി. വിനോദന്‍, യൂനിറ്റ് പ്രസിഡന്റ് കെ.പി. റാണാപ്രതാപ്, യൂത്ത് വിങ് സംസ്ഥാന കമ്മിറ്റി അംഗം എ.സി. സുനൈദ്, മണ്ഡലം സെക്രട്ടറി എം. ഫൈസല്‍, യൂനിറ്റ് സെക്രട്ടറി റിഗേഷ് റോയല്‍, യൂനിറ്റ് ട്രഷറര്‍ വീരേന്ദ്രന്, യൂത്ത് വിങ് മണ്ഡലം സെക്രട്ടറി റഹീസ് മലയില്‍, ഭാരവാഹികളായ സനോജ് എടയരാട്ട്, ജി. ഡെനിസന് എന്നിവരുടെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥരെ തടഞ്ഞത്.
നഷ്ടപരിഹാരത്തുക സംബന്ധിച്ച് അവ്യക്തത നിലനിൽക്കുന്നതിനാൽ ടൗണിലെ ദേശീയപാത വികസനം ഇതോടെ അനിശ്ചിതത്വത്തിലായി. വികസനത്തോടനുബന്ധിച്ച് ജില്ലയിൽ ഏറ്റവുമധികം വ്യാപാരസ്ഥാപനങ്ങൾ കുടിയൊഴിപ്പിക്കപ്പെടുന്ന ഏക ടൗണാണ് പയ്യോളി. 150ലധികം കടകളാണ് ഇരുഭാഗത്തുമായി പൊളിക്കേണ്ടിവരുക.
അതേസമയം, വ്യാപാരസ്ഥാപനങ്ങൾ ഉൾപ്പെടുന്ന കെട്ടിട ഉടമകളിൽ ഭൂരിഭാഗത്തിനും നഷ്ടപരിഹാരത്തുക ഇതിനകം ലഭിച്ചിട്ടുമുണ്ട്.
നഷ്ടപരിഹാരമായി 75,000 രൂപയാണ് ഒരു വ്യാപാരിക്ക് ലഭിക്കുകയെന്നാണ് ഏറ്റവും ഒടുവിലായി പറയുന്നതെങ്കിലും ഇതുസംബന്ധിച്ച് കൃത്യമായ ഉറപ്പ് ലഭിച്ചിട്ടില്ല. മുമ്പ് രണ്ടു ലക്ഷം നൽകുമെന്നായിരുന്നു വാഗ്ദാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.