തപാൽ വകുപ്പ് സമ്പാദ്യ പദ്ധതിയുടെ മറവിൽ യുവതി ലക്ഷങ്ങൾ തട്ടിയതായി പരാതി
text_fieldsപയ്യോളി: തപാൽ വകുപ്പിന്റെ കീഴിലുള്ള ദേശീയ സമ്പാദ്യപദ്ധതിയുടെ മറവിൽ ഏജൻറായ യുവതി ലക്ഷങ്ങൾ തട്ടിയതായി പരാതി. മണിയൂർ പഞ്ചായത്തിലെ എളമ്പിലാട്, മുതുവന, കുറുന്തോടി, കുന്നത്തുകര പ്രദേശങ്ങളിലെ നൂറിലധികം നിക്ഷേപകരായ വീട്ടമ്മമാരുടെ അരക്കോടിയിലധികം രൂപയാണ് പദ്ധതിയുടെ മറവിൽ യുവതി തട്ടിയെടുത്തതായി പരാതിയുയർന്നിരിക്കുന്നത്.
അഞ്ച് വർഷത്തേക്ക് പതിനായിരങ്ങൾ മുതൽ മൂന്ന് ലക്ഷം രൂപ വരെയുള്ള നിക്ഷേപ പദ്ധതികളിലാണ് വൻതട്ടിപ്പ് നടന്നിരിക്കുന്നത്. മാസത്തിൽ വീടുകളിൽ നിന്ന് ശേഖരിക്കുന്ന പണം കാർഡിൽ രേഖപ്പെടുത്തി നൽകുന്നുവെങ്കിലും പണം വടകര ഹെഡ് പോസ്റ്റ് ഓഫിസിൽ ഏജൻറ് അടച്ചിട്ടിെല്ലന്ന് നിക്ഷേപകരുടെ അന്വേഷണത്തിൽ വ്യക്തമായി.
മൂന്ന് ലക്ഷം രൂപ നിക്ഷേപിച്ച കുറുന്തോടി സ്വദേശിയായ വീട്ടമ്മയുടെ പതിനായിരം രൂപ മാത്രമാണ് അടച്ചിട്ടുള്ളത്. മുതുവന സ്വദേശിക്ക് നാൽപതിനായിരം രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. പാസ്ബുക്കിലെ യഥാർഥ പേര് വെട്ടിമാറ്റി വ്യാജ പാസ്ബുക്ക് നൽകി മറ്റൊരാളുടെ മൂന്ന് ലക്ഷം രൂപയും തട്ടിപ്പിന്റെ ഭാഗമായി നഷ്ടപ്പെട്ടിട്ടുണ്ട്.
2015ൽ അഞ്ച് വർഷത്തേക്ക് തുടങ്ങിയ നിക്ഷേപത്തിന്റെ കാലാവധി 2020 സെപ്റ്റംബറിൽ അവസാനിച്ചുവെങ്കിലും, തുക തിരിച്ച് നൽകുന്നതുസംബന്ധിച്ച് കോവിഡിെൻറയും ലോക്ഡൗണിന്റെയും പേരുപറഞ്ഞ് ഏജൻറായ യുവതി അനിശ്ചിതമായി നീട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് തട്ടിപ്പിനിരയായവർ പറഞ്ഞു. അതിനിടയിൽ യുവതി നാട്ടിലെ പരിചയക്കാരോട് സ്വർണാഭരണങ്ങൾ കടം വാങ്ങി പണയം വെച്ചതായും ആരോപണമുണ്ട്.
തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് വഴിയാണ് ഏജൻറിനെ നിയമിച്ചിരുന്നത്. തട്ടിപ്പിനിരയായ നിരവധി പേർ പരാതിയുമായി ബ്ലോക്ക് ഓഫിസിൽ എത്തിയിട്ടുണ്ട്. പയ്യോളി പൊലീസ് സ്റ്റേഷനിലും, തട്ടിപ്പിന് ഇരയായവർ പരാതി നൽകിയിട്ടുണ്ട്. എന്നാൽ, സംഭവത്തിൽ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.
സസ്പെൻഡ് ചെയ്തു
വടകര: ഹെഡ് പോസ്റ്റ് ഓഫിസ് മുഖേന ദേശീയ സമ്പാദ്യ പദ്ധതി ഏജൻറായി പ്രവർത്തിക്കുന്ന മണിയൂർ പുതുക്കോട്ട് ശാന്തയെ പൊതുജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായി ബ്ലോക്ക് െഡവലപ്മെൻറ് ഓഫിസർ അറിയിച്ചു. ദേശീയ സമ്പാദ്യ പദ്ധതിയുമായുള്ള പണമിടപാടുകൾ ഈ ഏജൻറു മുഖേന നടത്തുന്നത് ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ ഒഴിവാക്കണം. പദ്ധതി അംഗങ്ങൾ സാമ്പത്തിക ഇടപാടുകൾ പോസ്റ്റ് ഓഫിസുമായി നേരിട്ട് നടത്തണമെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.