തുലാവർഷം കനത്തു; ദേശീയപാത വീണ്ടും തകർന്നു
text_fieldsപയ്യോളി: തുലാവർഷം കനത്തതോടെ ദേശീയപാതയിൽ ചളിയും വെള്ളക്കെട്ടും കാരണം റോഡ് വീണ്ടും പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായി. അയനിക്കാട് പള്ളി ബസ് സ്റ്റോപ്പിനു സമീപത്തെ ദേശീയപാതയാണ് വൻകുഴികൾ രൂപപ്പെട്ട് തകർന്നത്. തിങ്കളാഴ്ച രാത്രി 10 മുതൽ ചൊവ്വാഴ്ച രാവിലെ വരെ പെയ്ത കനത്തമഴ കാരണം റോഡിൽ പല ഭാഗത്തും വൻവെള്ളക്കെട്ടും രൂപപ്പെട്ടു.
റോഡ് വികസനപ്രവൃത്തി മൂലം വെള്ളം ഒഴുകിപ്പോകാൻ വഴിയില്ലാത്തതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്. വെള്ളം ദിവസങ്ങളോളം കെട്ടിനിൽക്കുമ്പോൾ ടാറിങ് അടർന്ന് കുഴികളായി മാറുന്നതാണ് ദുരിതം വർധിക്കാൻ കാരണം. പഴയ പയ്യോളി ഗ്രാമപഞ്ചായത്ത് ഓഫിസ് നിലനിന്നതിന്റെ സമീപത്താണ് അപകടകരമായ രീതിയിൽ വൻകുഴികളുള്ളത്.
റോഡ് വികസനം നടക്കുന്നതിനാൽ പാതയുടെ ഇരുഭാഗവും മണ്ണിട്ടുയർത്തിയിട്ടുണ്ട്. അതുകൊണ്ട് പെട്ടെന്ന് കുഴി കാണുന്ന വാഹനങ്ങൾക്ക് അപകടമൊഴിവാക്കാൻ റോഡരികിലേക്ക് ഇറക്കാൻ സാധ്യവുമല്ല. ഇരുചക്രവാഹനങ്ങളാണ് ഇവിടെ കൂടുതലായി അപകടത്തിൽപെടുന്നത്. കാലവർഷത്തിൽ തകർന്ന റോഡുകളിലെ ഭൂരിഭാഗം കുഴികളും അടച്ചിരുന്നു.
എന്നാൽ ഇരിങ്ങൽ, അയനിക്കാട്, തിക്കോടി ഭാഗത്തെ ദേശീയപാതയിൽ വീണ്ടും കുഴികൾ രൂപപ്പെട്ടത് വാഹനങ്ങൾക്ക് ഭീഷണിയാവുകയാണ്. അയനിക്കാട് കളരിപ്പടിക്കു സമീപം കഴിഞ്ഞ ദിവസം റോഡിലെ കുഴിയിലകപ്പെട്ട സ്കൂട്ടർ യാത്രക്കാരൻ തലനാരിഴക്കാണ് ബസിനടിയിൽനിന്ന് രക്ഷപ്പെട്ടത്.
ചളിയിൽ വഴുതി ആറു സ്കൂട്ടർ യാത്രികർക്ക് പരിക്ക്
പയ്യോളി: കനത്ത മഴയെ തുടർന്ന് ദേശീയപാതയിൽ രൂപപ്പെട്ട ചളിയിൽ വഴുതി അയനിക്കാട് പള്ളിക്കു സമീപം ആറു സ്കൂട്ടർ യാത്രികർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് അപകടങ്ങളുടെ തുടക്കം.
പിന്നീട് രാത്രി പത്തോടെ ആറു സ്കൂട്ടറുകളാണ് വഴുതി വീണത്. അപകടത്തിൽപെട്ടവരെ ഹൈവേ പൊലീസും നാട്ടുകാരും ചേർന്ന് ആശുപത്രികളിലെത്തിച്ചു. തിങ്കളാഴ്ച രാത്രി പെയ്ത കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടും തുടർന്ന് ചൊവ്വാഴ്ച വൈകീട്ടോടെ രൂപപ്പെട്ട ചളിയുമാണ് അപകട കാരണം.
ലോറി കുഴിയിലകപ്പെട്ടത് ഗതാഗതക്കുരുക്കിനിടയാക്കി
പയ്യോളി: ദേശീയപാതയിലെ കുഴിയിലകപ്പെട്ട് ലോറി ബ്രേക്ക്ഡൗണായത് ഗതാഗതക്കുരുക്കിനിടയാക്കി. ചൊവ്വാഴ്ച പുലർച്ച മൂന്നോടെ ദേശീയപാതയിൽ അയനിക്കാട് പള്ളിക്ക് സമീപമാണ് ടോറസ് ലോറി കുഴിയിൽ വീണ് ആക്സിൽ പൊട്ടി വഴിയിലായത്.
തിങ്കളാഴ്ച രാത്രി പെയ്ത കനത്തമഴയെ തുടർന്ന് ചളിയും വെള്ളക്കെട്ടും നിറഞ്ഞ കുഴികളിലാണ് ലോറി നിന്നത്. കർണാടകയിലെ ഹുബ്ലിയിൽനിന്ന് തിരൂരിലേക്ക് സിമന്റ് ലോഡുമായി പോവുകയായിരുന്ന ഇരുപതോളം ടയറുകളുള്ള ടോറസ് ലോറിയാണ് റോഡിന് നടുവിൽ ബ്രേക്ക്ഡൗണായത്.
ഉച്ചയോടെ ലോറി റോഡിൽനിന്ന് മാറ്റാൻ സാധിച്ചെങ്കിലും യാത്ര തുടരാനായിട്ടില്ല. പയ്യോളി പൊലീസ് സ്ഥലത്തെത്തി നിർമാണം നടക്കുന്ന പുതിയ റോഡിലൂടെ വാഹനങ്ങൾ വഴിതിരിച്ചുവിട്ടതോടെയാണ് ഗതാഗതക്കുരുക്ക് ഒഴിവായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.