കള്ളെൻറ 'സത്യസന്ധത'... ഒമ്പതു വർഷം മുമ്പ് മോഷ്ടിച്ച ഏഴ് പവൻ സ്വർണാഭരണം തിരികെ നൽകി
text_fieldsപയ്യോളി (കോഴിക്കോട്): ഒമ്പതു വർഷം മുമ്പ് മോഷ്ടിച്ച ഏഴ് പവൻ സ്വർണാഭരണം തിരികെ ഉടമയുടെ വീട്ടിൽ ഉപേക്ഷിച്ച് കള്ളെൻറ 'സത്യസന്ധത'. കൂടെ മോഷ്ടാവിെൻറ പശ്ചാത്താപക്കുറിപ്പുമുണ്ട്. തുറയൂർ ഗ്രാമപഞ്ചായത്തിലെ ഇരിങ്ങത്ത് ടൗണിന് സമീപം താമസിക്കുന്ന വീട്ടമ്മയുടെ ഏഴ് പവൻ സ്വർണാഭരണമാണ് മോഷ്ടാവ് തിരികെ വീട്ടിലെത്തിച്ചത്.
സെപ്റ്റംബർ ഒന്നിന് രാവിലെ കിടപ്പുമുറിയുടെ ജനലിലാണ് ഒരു പൊതിക്കെട്ട് വീട്ടമ്മയുടെ ശ്രദ്ധയിൽപ്പെട്ടത്. രാവിലെ എഴുന്നേറ്റയുടൻ ജനലിൽ കാണാതിരുന്ന പൊതിക്കെട്ട് പിന്നീട് കണ്ടപ്പോൾ വീട്ടമ്മക്ക് അത്ഭതവും ഭയവും തോന്നി. തുടർന്ന് ഒരു വടികൊണ്ട് തട്ടി താഴെയിട്ടാണ് പൊതിക്കെട്ട് പരിശോധിച്ചത്. അഴിച്ചെടുത്ത പൊതിക്കെട്ടിനുള്ളിൽ നഷ്ടപ്പെട്ട അതേ മോഡൽ സ്വർണമാലയോടൊപ്പമുള്ള കുറിപ്പിൽ മോഷ്ടാവിെൻറ പശ്ചാത്താപ വരികൾ ഇങ്ങനെ: 'കുറച്ച് വർഷങ്ങൾക്ക് മുമ്പ് നിങ്ങളുടെ വീട്ടിൽനിന്നും ഇങ്ങനെ ഒരു സ്വർണാഭരണം അറിയാതെ ഞാൻ എടുത്തു പോയി, അതിന് പകരമായി ഇത് നിങ്ങൾ സ്വീകരിച്ച് പൊരുത്തപ്പെട്ട് തരണം'. അന്ന് നഷ്ടമായത് ഏഴേകാൽ പവനാെണങ്കിൽ ഇപ്പോൾ ലഭിച്ചത് കാൽ പവൻ കുറച്ച് ഏഴ് പവനാണെന്ന് വീട്ടമ്മ പറഞ്ഞു.
2012ലാണ് വീട്ടിലെ അലമാരയിൽ സൂക്ഷിച്ച സ്വർണമാല നഷ്ടപ്പെട്ടത്. വിശേഷാവസരങ്ങളിൽമാത്രം ധരിക്കാറുള്ള മാല മോഷണം പോയതാണോ കളഞ്ഞുപോയതാണോ എന്ന കാര്യം വീട്ടമ്മക്ക് വ്യക്തമല്ലായിരുന്നു . വീട് മുഴുവൻ പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. കളഞ്ഞു പോയതാവാമെന്ന ധാരണയിൽ ബന്ധുക്കളുടെ ശകാരവും ഏറ്റുവാങ്ങി. പൊലീസിൽ പരാതിപ്പെടാനും പോയില്ല. ഒടുവിൽ ഇനി ഒരിക്കലും തിരിച്ചുകിട്ടില്ലെന്ന് വിധിയെഴുതിയ മാല തിരികെ ലഭിച്ചപ്പോൾ പറഞ്ഞറിയിക്കാനാകാത്ത ആഹ്ലാദത്തിലാണവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.