മാലിന്യം റോഡരികിൽ തള്ളി ഹോട്ടലിന് അരലക്ഷം രൂപ പിഴ
text_fieldsപയ്യോളി: ദേശീയപാതക്കു സമീപം മാലിന്യം തള്ളിയ ഹോട്ടലിന് പയ്യോളി നഗരസഭ ആരോഗ്യവിഭാഗം അമ്പതിനായിരം രൂപ പിഴയിട്ടു. വടകര പുതിയ ബസ് സ്റ്റാൻഡിലെ പ്രമുഖ ഹോട്ടലായ എം.ആർ.എ. റസ്റ്റാറന്റിനാണ് പയ്യോളി നഗരസഭ പിഴ ചുമത്തിയത്. കഴിഞ്ഞ ഏപ്രിൽ 24ന് പുലർച്ചെ നാലോടെയാണ് ദുർഗന്ധം വമിക്കുന്ന രീതിയിൽ നാല് ലോഡ് ഹോട്ടൽ മാലിന്യം നിറച്ച ചാക്കുകൾ ദേശീയപാതയിൽ ഇരിങ്ങൽ മങ്ങൂൽപാറക്ക് സമീപം നിക്ഷേപിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരും റെസിഡൻസ് അസോസിയേഷൻ പ്രവർത്തകരും നഗരസഭ ആരോഗ്യവിഭാഗത്തെ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് നഗരസഭ ചെയർമാൻ വി.കെ. അബ്ദുറഹ്മാൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എം. ഹരിദാസ് തുടങ്ങിയവർ സ്ഥലത്തെത്തുകയായിരുന്നു. നാട്ടുകാരുടെയും നഗരസഭ ആരോഗ്യ വിഭാഗത്തിന്റെയും പരിശോധനയിൽ മാലിന്യം തള്ളിയ സ്ഥാപനത്തെ തിരിച്ചറിയുകയും, നിക്ഷേപിച്ച മാലിന്യങ്ങൾ എം.ആർ.എ. ഹോട്ടലുകാരെക്കൊണ്ടുതന്നെ തിരികെയെടുപ്പിക്കുകയും പിഴ ചുമത്തുകയും ചെയ്തു . നഗരസഭ ക്ലീൻ സിറ്റി മാനേജർ ടി. ചന്ദ്രൻ, ഹെൽത്ത് ഇൻസ്പക്ടർ ടി.പി. പ്രജീഷ് കുമാർ, ജെ.എച്ച്.ഐ. ഡി.ആർ. രജനി , സാനിറ്ററി വർക്കർ ബാബു ചേനോളി എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി . മാലിന്യം നിക്ഷേപിച്ച വാഹനം കണ്ടെത്തി പിടിച്ചെടുക്കാൻ നഗരസഭ സെക്രട്ടറി എം. വിജില പയ്യോളി പൊലീസിൽ പരാതി നൽകി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.