അതിക്രമിച്ച് കയറി റോഡ് വെട്ടിയ സംഭവം; നഗരസഭ കൗൺസിലറടക്കം മൂന്നുപേർക്ക് തടവ്
text_fieldsപയ്യോളി: സ്വകാര്യ വ്യക്തിയുടെ സ്ഥലത്തു അതിക്രമിച്ച് കയറി റോഡുവെട്ടാൻ ശ്രമിച്ചതിനും കോടതി ഉത്തരവു ലംഘിച്ചതിനും നഗരസഭാംഗമടക്കം മൂന്നുപേർക്ക് പയ്യോളി കോടതി തടവുശിക്ഷ വിധിച്ചു. മൂന്നുമാസത്തെ തടവാണ് വിധിച്ചത്.
പയ്യോളി നഗരസഭ 33ാം വാർഡ് കൗൺസിലർ ചെറിയാവി സുരേഷ് ബാബു, കെ.ടി. രമേശൻ, കൊളാവി ഷിജു എന്നിവർക്കാണ് പയ്യോളി മുൻസിഫ് മജിസ്ട്രേറ്റ് കെ. മിഥുൻ റോയ് ശിക്ഷ വിധിച്ചത്. സ്ഥലമുടമയായ കൊളാവിപ്പാലം കൊളാവിയിൽ ചാവട്ടിപ്പറമ്പിൽ ബേബി കമലം, മകൾ ലിഷ എന്നിവർ നൽകിയ ഹരജിയിലാണ് വിധി.
നാലു വർഷത്തോളമായി മാതാവും മകളും മാത്രം താമസിക്കുന്ന കുടുംബത്തിനും വീടിനുംനേരെ റോഡുവെട്ടുന്നതിന്റെ പേരിൽ നിരന്തര ആക്രമണങ്ങളാണ് ഉണ്ടായിരുന്നത്. ഇതേതുടർന്നു പ്രതികളായ മൂന്നുപേരും സ്ഥലത്ത് കയറുന്നതിനെതിരെ വീട്ടുകാർ കോടതിയെ സമീപിച്ചിരുന്നു.
ഇവർ സ്ഥലത്തേക്ക് പ്രവേശിക്കുന്നത് വിലക്കി 2018 ഡിസംബർ ആറിനു കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, പ്രതികൾ 2019 ജൂൺ 13ന് സ്ഥലത്തിന്റെ കിഴക്കുഭാഗത്തെ കമ്പിവേലികൾ പൊളിച്ചുമാറ്റുകയും, കമ്പിവേലി ബന്ധിപ്പിച്ച കോൺക്രീറ്റ് തൂണുകൾ പിഴുതു സമീപത്തെ പുഴയിലേക്കെറിയുകയും ചെയ്തിരുന്നു.
2019 ഡിസംബർ നാലിന് ഭൂമിയിൽ അതിക്രമിച്ചു കയറി കുറ്റിക്കാടുകൾ വെട്ടിനശിപ്പിക്കുകയും, 2021 നവംബർ 28ന് ഭൂമി കൈയേറി റോഡു നിർമിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.
അന്യായ കോടതി ചെലവു സഹിതമാണ് കുറ്റക്കാർക്ക് മൂന്നു മാസത്തെ തടവുശിക്ഷ വിധിച്ചത്. ഹരജിക്കാർക്ക് വേണ്ടി ആദ്യഘട്ടത്തിൽ അഡ്വ. എൻ.കെ. പരമേശ്വരനും തുടർന്ന് അഡ്വ. സത്യൻ പി. തമ്പി, അഡ്വ. രഞ്ജിത്ത് എന്നിവർ ഹാജരായി. അവസാനമായി 2021 നവംബർ 28ന് പുലർച്ചെ ലോറിയിൽനിന്ന് മണലിറക്കുന്ന സംഘത്തെ തടയാനെത്തിയ കമലത്തിന്റെ മകൾ ലിഷയുടെ തലക്ക് മൺവെട്ടി കൊണ്ടുമാരകമായി വെട്ടേറ്റിരുന്നു.
പ്രദേശത്തെ ജനങ്ങൾ സംഘടിച്ച് സ്ഥലമുടമയ്ക്കെതിരെ പ്രതിഷേധത്തിലേക്കും എത്തുകയുമുണ്ടായി. ഇതിനിടെ പുഴയോരത്ത് പുറമ്പോക്ക് സ്ഥലമുണ്ടെന്ന് കാണിച്ച് ചിലർ നൽകിയ ഹരജിയും കോടതി തള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.