നീതി തേടി ജാസിഫിന്റെ കുടുംബം മുഖ്യമന്ത്രിയെ കണ്ടു
text_fieldsപയ്യോളി: പുതുവത്സര ആഘോഷത്തിനിടെ, പയ്യോളി സ്വദേശിയായ യുവാവിന് പൊലീസിന്റെ ക്രൂരമർദനമേറ്റ സംഭവത്തിൽ കുടുംബം മുഖ്യമന്ത്രിക്ക് നേരിൽ പരാതി നൽകി. 2023 ഡിസംബർ 31ന് രാത്രിയോടെയാണ് പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ബോബി ചെമ്മണൂർ മേപ്പാടിയിൽ നടത്തിയ പുതുവത്സരാഘോഷ പരിപാടിക്കിടെ പയ്യോളി കൊളാരിത്താഴ റഹീമിന്റെ മകൻ മുഹമ്മദ് ജാസിഫിന് (26) പൊലീസിന്റെ ക്രൂര മർദനമേറ്റത്.
പൊലീസുകാർ വളഞ്ഞിട്ട് ആദ്യം ലാത്തികൊണ്ട് തലക്കും പിന്നീട് ബൂട്ടുകൊണ്ടും ക്രൂരമായി മർദിക്കുകയായിരുന്നു. ശരീരമാസകലം ഗുരുതര പരിക്കേറ്റ ജാസിഫ് ദിവസങ്ങളോളം വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. സംഭവം നടന്ന് ആറു മാസമായിട്ടും ഇതുവരെ പൂർണമായും സുഖം പ്രാപിച്ചിട്ടില്ല. മാത്രമല്ല, ജോലിക്കുപോലും പോകാൻ കഴിയാതെ ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന ജാസിഫിന്റെ കുടുംബം ഏറെ ദുരിതം പേറുകയാണ്.
സംഭവത്തിൽ നിരവധി പരാതികൾ നൽകിയിട്ടും നീതി ലഭിക്കാത്തതിനെ തുടർന്നാണ് കാനത്തിൽ ജമീല എം.എൽ.എയുടെ സാന്നിധ്യത്തിൽ ജാസിഫിന്റെ പിതാവ് റഹീമും കുടുംബവും കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പോയി മുഖ്യമന്ത്രി പിണറായി വിജയന് നേരിൽ പരാതി നൽകിയത്.
സംഭവം മുമ്പ് എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന പൊലീസ് ഹെഡ്ക്വാർട്ടേഴ്സിൽ നിന്നുള്ള ഉത്തരവ് കാറ്റിൽ പറത്തി സംശയമുനയിൽ നിൽക്കുന്ന മേപ്പാടി പൊലീസ് തന്നെയാണ് അന്വേഷണ റിപ്പോർട്ട് കണ്ണൂർ റേഞ്ച് ഐ.ജിക്ക് കൈമാറിയത്.
മാത്രമല്ല, ജാസിഫിനെ മർദിച്ച പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം ജാസിഫ് സ്വയം വീണ് പരിക്കേറ്റതാണെന്നും മറ്റൊരാളുമായി അടിപിടിയിൽ ഏർപ്പെട്ടെന്നും അന്വേഷണ റിപ്പോർട്ടിൽ എഴുതിച്ചേർക്കുകയും ചെയ്തു.
പരാതിക്കാരിയായ ജാസിഫിന്റെ മാതാവിന്റെ മൊഴിയെടുക്കണമെന്നും, അന്വേഷണ റിപ്പോർട്ട് മെയിൽ വഴി അയക്കണമെന്നും മറ്റുമുള്ള പൊലീസ് ആസ്ഥാനത്ത് നിന്നുള്ള നിബന്ധനകൾ പാലിക്കാതെ ഗുരുതര വീഴ്ചയാണ് മേപ്പാടി പൊലീസ് സ്വീകരിച്ചത്. കുടുംബം നൽകിയ പരാതിയിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ജാസിഫിന്റെ പിതാവ് അബ്ദുൽ റഹീമിനോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.