വിവാഹ–ജോലി തട്ടിപ്പ് വീരൻ ഏഴാം വിവാഹത്തിനുള്ള ഒരുക്കത്തിനിടെ പിടിയിൽ
text_fieldsപയ്യോളി: ആറ് സ്ത്രീകളെ വിവാഹം ചെയ്തും നിരവധി പേർക്ക് സർക്കാർ ജോലി വാഗ്ദാനം ചെയ്തും തട്ടിപ്പ് നടത്തിയ ആൾ പയ്യോളിയിൽ പിടിയിലായി. കണ്ണൂർ തളിപ്പറമ്പ് സ്വദേശി അരിയിൽ പൂത്തറമ്മൽ പവിത്രൻ എന്ന താഹിറിനെയാണ് (61) പയ്യോളി പൊലീസ് പിടികൂടിയത്. തുറയൂർ ഇരിങ്ങത്ത് സ്വദേശിയായ യുവാവിന് സി.ഐ.എസ്.എഫിൽ ജോലി വാഗ്ദാനം ചെയ്ത് ഏഴ് ലക്ഷം രൂപ കൈക്കലാക്കിയ കേസിലാണ് പ്രതി പിടിയിലായത്.
2018 ഡിസംബറിൽ കുന്ദമംഗലത്ത് വെച്ച് അഞ്ച് ലക്ഷവും 2020 ജനുവരിയിൽ കോഴിക്കോട് മാവൂർ റോഡിൽ വെച്ച് രണ്ട് ലക്ഷവും നൽകിയെങ്കിലും യുവാവിന് ജോലി ലഭിച്ചില്ല. പ്രതിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനെ തുടർന്ന് ഇക്കഴിഞ്ഞ ഏപ്രിൽ 21ന് പയ്യോളി പൊലീസിൽ പരാതി നൽകുകയായിരുന്നു.
രണ്ടു തവണയും പണം നൽകുന്നതിെൻറ ദൃശ്യങ്ങൾ യുവാവ് കാമറയിൽ രഹസ്യമായി പകർത്തിയിരുന്നു. റെയിൽവേ, എയർപോർട്ട്, ഭൂഗർഭ വകുപ്പ് തുടങ്ങിയ മേഖലകളിൽ ഉദ്യോഗാർഥികളെ തിരുകി കയറ്റുമെന്ന വാഗ്ദാനം നൽകി ഇത്തരത്തിൽ നിരവധിപേരെ വഞ്ചിച്ചുവെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
മലബാറിലെ വിവിധ സ്ഥലങ്ങളിൽനിന്നായി വിവാഹ തട്ടിപ്പും ഇയാൾ നടത്തിയതായി കണ്ടെത്തി. കണ്ണൂർ തളിപ്പറമ്പ് സ്വദേശിനിയെ വിവാഹം ചെയ്തതിൽ രണ്ട് മക്കളുണ്ട്.
തുടർന്ന് മതം മാറിയതായി അവകാശപ്പെട്ട് ഇസ്ലാമിക ആചാരപ്രകാരം അഞ്ച് മുസ്ലിം സ്ത്രീകളെ വിവാഹം ചെയ്തതായും ഇയാൾ പൊലീസിനോട് വ്യക്തമാക്കി. പെരിന്തൽമണ്ണ, കൂടരഞ്ഞി, മാനന്തവാടി, അഴിയൂർ സ്വദേശിനികളെയാണ് വിവാഹം ചെയ്തത്. പെരിന്തൽമണ്ണ സ്വദേശിനിയിൽ 13 വയസ്സും വടകര അഴിയൂർ സ്വദേശിനിയിൽ 10 വയസ്സുമുള്ള കുട്ടികളുണ്ട്.
മലപ്പുറത്ത് ഏഴാമത്തെ വിവാഹത്തിനുള്ള പെണ്ണ് കാണൽ ചടങ്ങുകൾ പൂർത്തിയാക്കുന്നതിനിടയിലാണ് പ്രതി പിടിയിലായത്. മാനന്തവാടി സ്വദേശിനിയായ ഭാര്യയുടെ പേരിലുള്ള സിം കാർഡാണ് പ്രതി അവസാനമായി ഉപയോഗിച്ചത്. ഈ നമ്പർ പിന്തുടർന്ന് സൈബർ സെൽ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ അടിവാരം ചിപ്പിലിത്തോടിന് സമീപത്തുള്ള വീട്ടിൽനിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. നിരവധി വ്യാജരേഖകളും രണ്ട് പേരിലുള്ള തിരിച്ചറിയൽ കാർഡുകളും പ്രതിയിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. കൂട്ടുപ്രതികളായ പേരാമ്പ്ര, മേപ്പയൂർ സ്വദേശികളും ഉടൻ പിടിയിലാവുമെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.