പ്രഖ്യാപിച്ച അടിപ്പാത യാഥാർഥ്യമായില്ല; ദേശീയപാത വികസനം തടഞ്ഞ് നാട്ടുകാർ
text_fieldsപയ്യോളി: ദേശീയപാത വികസനത്തിന്റെ ഭാഗമായി അയനിക്കാട് പോസ്റ്റ് ഒാഫിസിന് സമീപത്ത് അടിപ്പാത സ്ഥാപിക്കുമെന്ന എം.പിയുടെ പ്രഖ്യാപനം യാഥാർഥ്യമാകാത്തതിൽ പ്രതിഷേധമുയരുന്നു. തിങ്കളാഴ്ച രാവിലെ പത്തോടെയാണ് അയനിക്കാട് ബദരിയ ജുമാമസ്ജിദിന് മുന്നിൽ പുരോഗമിക്കുന്ന ദേശീയപാതയുടെ നിർമാണപ്രവൃത്തി അടിപ്പാതക്കായി രൂപവത്കരിച്ച പൗരസമിതിയുടെ പ്രവർത്തകരും നാട്ടുകാരും ചേർന്ന് തടഞ്ഞത്. കരാറുകാരായ വഗാഡിന്റെ ടിപ്പറുകളും മണ്ണുമാന്തിയന്ത്രങ്ങളുമാണ് നാട്ടുകാർ തടഞ്ഞുനിർത്തിയത്. ഇതേത്തുടർന്ന് വഗാഡ് കമ്പനി അധികൃതരും പയ്യോളി പൊലീസും സ്ഥലത്തെത്തി ഏറെനേരത്തെ വാക്കു തർക്കത്തിനൊടുവിൽ പ്രവൃത്തി നിർത്തിവെക്കുകയായിരുന്നു.
2022 സെപ്റ്റംബറിൽ പൗരസമിതി നേതൃത്വത്തിൽ അടിപ്പാതക്കായി ഒപ്പുശേഖരിച്ച് എം.പി.മാർ, എം.എൽ.എ, കലക്ടർ തുടങ്ങിയവർക്ക് നിവേദനം സമർപ്പിച്ചിരുന്നു. പി.ടി. ഉഷ എം.പി കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിയുമായി ചർച്ച നടത്തിയതിനെ തുടർന്ന് പയ്യോളി ടൗണിൽ പ്രഖ്യാപിച്ച മേൽപാലത്തോടൊപ്പം, പെരുമാൾപുരത്തും അയനിക്കാടും അടിപ്പാതയും കൂടി അനുവദിച്ചതായി പ്രഖ്യാപിച്ചിരുന്നു. പ്രഖ്യാപനങ്ങൾക്ക് ശേഷം എട്ടുമാസം പിന്നിട്ടിട്ടും റോഡ് വികസന പ്രവൃത്തികൾ പഴയതുപോലെ തുടരുകയും മണ്ണിട്ടുയർത്തി പാതയുടെ നിർമാണം അന്തിമഘട്ടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയുമാണ്. മൺസൂൺ ആരംഭിക്കുന്നതിന് ഒരുമാസം മാത്രം ബാക്കിനിൽക്കെ നിർമാണ പ്രവൃത്തികൾ ദ്രുതഗതിയിൽ മുന്നേറുമ്പോഴും അടിപ്പാതയുടെ നിർമാണം ആരംഭിക്കാത്തതാണ് പ്രതിഷേധത്തിന് കാരണം.
അടിപ്പാത നിർമാണം ആരംഭിച്ചില്ലെങ്കിൽ അയനിക്കാട് പോസ്റ്റ് ഒാഫിസ് ഭാഗത്തെ ആറുവരിപ്പാതയുടെ പ്രവൃത്തി തടയുമെന്നും സമരം കൂടുതൽ ശക്തമാക്കുമെന്നും പ്ലാസ ഓഡിറ്റോറിയത്തിൽ ചേർന്ന പൗരസമിതി യോഗം തീരുമാനിച്ചു. പൗരസമിതി ചെയർമാൻ നടേമ്മൽ ആനന്ദൻ അധ്യക്ഷതവഹിച്ചു. കൺവീനർ നസീർ, കൗൺസിലർ കെ.ടി. വിനോദ്, ബാബു കേളോത്ത്, ധനഞ്ജയൻ, ഷൈനു കുന്നുംപുറത്ത്, രവി വടക്കേടത്ത്, ഷംസു കുറ്റിയിൽ, കെ.പി. ഗിരീഷ്കുമാർ, എം.എ. വിനു തുടങ്ങിയവർ സംസാരിച്ചു.
സമാനരീതിയിൽ അടിപ്പാതക്കായി ഇരിങ്ങലിലും തിക്കോടി ടൗണിലും ജനകീയ പ്രതിഷേധം കാരണം ടാറിങ് ഉൾപ്പടെയുള്ള ആറുവരിപ്പാതയുടെ പ്രവൃത്തി പൂർത്തിയാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
അടിപ്പാതനിർമാണത്തിൽ ആശങ്കവേണ്ട -പി.ടി. ഉഷ എം.പി
പയ്യോളി: ദേശീയപാതയിൽ അയനിക്കാട് പോസ്റ്റ് ഓഫിസിന് സമീപം അടിപ്പാത അനുവദിച്ച കാര്യമാണെന്നും അതിൽ ഒട്ടും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പി.ടി. ഉഷ എം.പി പറഞ്ഞു. അയനിക്കാട് അടിപ്പാതക്കായി രൂപവത്കരിച്ച പൗരസമിതി പ്രവർത്തകർ തിങ്കളാഴ്ച വൈകീട്ട് എം.പിയുടെ പയ്യോളിയിലെ വസതിയായ ഉഷസ്സിലെത്തിയപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൗരസമിതിയുടെ പ്രവർത്തനങ്ങൾക്ക് എം.പി പൂർണ പിന്തുണ പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.