ദേശീയപാത നിർമാണ കമ്പനിയുടെ പ്ലാൻറിനെതിരെ നാട്ടുകാർ പ്രക്ഷോഭത്തിന്
text_fieldsപയ്യോളി: അഴിയൂർ-വെങ്ങളം ദേശീയപാത വികസനപ്രവൃത്തികളുടെ കരാറുകാരായ വാഗഡ് ഇൻഫ്രാപ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് നന്തിയിൽ സ്ഥാപിച്ച പ്ലാൻറിനെതിരെ നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്.
നന്തിബസാറിലെ പള്ളിക്കര റോഡിനു സമീപം സ്വകാര്യ വ്യവസായിയുടെ 15 ഏക്കറോളം വ്യാപിച്ചുകിടക്കുന്ന കുന്നിൻമുകളിലാണ് കമ്പനിയുടെ വിപുലമായ പ്ലാന്റും തൊഴിലാളികൾക്കുള്ള താമസസൗകര്യവും ഒരുക്കിയിരിക്കുന്നത്.
ഇവിടെ നൂറിലധികം തൊഴിലാളികൾ ഉപയോഗിക്കുന്ന കക്കൂസ് ടാങ്കുകളിൽനിന്നു മലിനജലം കുന്നിനു താഴെയുള്ള വീടുകളിലെ കിണറുകളിലേക്ക് ഉറവയായി ഒഴുകിയെത്തിയതിനെ തുടർന്ന് വീട്ടുകാർക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
നിർമാണപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന സിമൻറ് കലർന്ന മിശ്രിതമടങ്ങിയ ലായനിയും മറ്റും സമീപത്തെ കിണറുകളിലേക്ക് എത്തി വെള്ളത്തിനു മുകളിൽ പൊങ്ങിനിൽക്കുകയാണ്. കക്കൂസ് മാലിന്യത്തോടൊപ്പം പ്ലാന്റിലെ കോൺക്രീറ്റ് മിക്സിങ്, ടാർ മിക്സിങ്, ഡീസൽ പവർ സ്റ്റേഷൻ തുടങ്ങിയവയുടെ ഉപയോഗശേഷം പുറത്തേക്കുവരുന്ന മാലിന്യങ്ങളാണ് കിണറുകളിലേക്ക് പരക്കുന്നത്.
തുടക്കത്തിൽ ഏതാനും വീടുകളിലെ കിണറ്റിലാണ് മലിനജലം കണ്ടിരുന്നത്. ചൊവ്വാഴ്ചയോടെ 12 വീടുകളിലെ കിണറുകളിലുള്ള ജലത്തിന് നിറംമാറ്റവും ദുർഗന്ധവും അനുഭവപ്പെട്ടു. കഴിഞ്ഞ ദിവസം കിണറിലെ വെള്ളം ഉപയോഗിച്ചതിനെ തുടർന്ന് മുകടത്ത് മീത്തൽ 'ഷഹലാസി'ൽ ഷബീറിനും (51) കുടുംബത്തിലെ ഒന്നര വയസ്സുള്ള പിഞ്ചുകുഞ്ഞിനുമടക്കം ആറുപേർക്ക് വയറിളക്കവും ഛർദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. വെള്ളത്തിൽ കൂടിയ അളവിൽ കോളിഫോം ബാക്ടീരിയയുടെയും അമിതമായ അളവിൽ ഇരുമ്പിന്റെയും അമോണിയയുടെയും അംശവും ജലപരിശോധന റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്.
ഒന്നര മാസത്തോളമായി വിഷയം സംബന്ധിച്ച് ഗ്രാമപഞ്ചായത്ത്, വില്ലേജ് അധികൃതർ, ജില്ല കലക്ടർ, വാഗഡ് കമ്പനി മേധാവി തുടങ്ങിയവർക്ക് നിരവധി നിവേദനങ്ങൾ നൽകിയിട്ടും പരിഹാരമുണ്ടായിട്ടില്ല. കാനത്തിൽ ജമീല എം.എൽ.എ കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ച് പരിഹാരം ഉറപ്പുനൽകിയിട്ടുണ്ട്.
മലിനജലം നിക്ഷേപിക്കാൻ ഫൈബർ ടാങ്കുകൾ സ്ഥാപിക്കാമെന്ന് കമ്പനി ഉറപ്പുനൽകിയെങ്കിലും പാലിച്ചില്ലെന്ന് സമീപവാസികൾ പറഞ്ഞു. മാത്രമല്ല, ആറു മീറ്ററിൽ ഉയരത്തിൽ മണ്ണിട്ടുയർത്തി ഇരുമ്പുഷീറ്റുകൊണ്ട് മറച്ച നിലയിലുള്ള കുന്നിൽനിന്ന് മഴക്കാലത്ത് വൻതോതിൽ വെള്ളം താഴേക്ക് കുത്തിയിറങ്ങുന്നത് മണ്ണൊലിപ്പിനും ഇതുവഴി വലിയ അപകടങ്ങൾക്കും ഇടയാക്കുമെന്നും നാട്ടുകാർ ആശങ്കപ്പെടുന്നു.
വിഷയത്തിൽ പ്ലാന്റ് പൂർണമായും മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച രാവിലെ ഒമ്പതിന് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ ലേബർ ക്യാമ്പിന് മുന്നിൽ ധർണ സമരം നടത്തുന്നുണ്ട്. മുൻ എം.എൽ.എ കെ. ദാസൻ പരിപാടി ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.