വാഹനങ്ങളുടെ ലഘുരൂപങ്ങളൊരുക്കി മേഘജിന്റെ കരവിരുത് വിസ്മയമാകുന്നു
text_fieldsപയ്യോളി: വാഹനങ്ങളുടെ ലഘുരൂപങ്ങളൊരുക്കി തിക്കോടിയൻ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ ആർ.എൻ. മേഘജിന്റെ കരവിരുത് വിസ്മയമാകുന്നു. കോവിഡ് കാലത്താണ് മിനിയേച്ചർ രൂപങ്ങളുടെ നിർമാണത്തിലൂടെ മേഘജ് നാട്ടിൽ ശ്രദ്ധേയനാവുന്നത്. തുടക്കത്തിൽ കാർഡ്ബോർഡ് ഉപയോഗിച്ചായിരുന്നു വാഹനങ്ങളുടെ രൂപങ്ങൾ നിർമിച്ചത്. പിന്നീട് ഫോം ഷീറ്റ് കൊണ്ട് ഇവ നിർമിക്കാൻ തുടങ്ങി.
വാഹനങ്ങളിലെ ഗ്ലാസിനായി ഒ.എച്ച്.പി ഷീറ്റാണ് ഉപയോഗിക്കുന്നത്. ഒറിജിനലിനെ വെല്ലുന്നരീതിയിൽ നാട്ടിൽ ഓടുന്ന ടൂറിസ്റ്റ് ബസുകളുടെ അപരൻമാരാണ് നിർമിച്ചവയിൽ ഏറെയും.
ടിപ്പറും കാറും ജീപ്പും ടെമ്പോ ട്രാവലറുമെല്ലാം മേഘജിന്റെ ശേഖരത്തിലുണ്ട്. സ്കൂൾ സമയം കഴിഞ്ഞ് ഒഴിവുനേരങ്ങളാണ് നിർമാണത്തിനായി ഈ മിടുക്കൻ കണ്ടെത്താറുള്ളത്.
ഒരു മിനിയേച്ചർ രൂപം നിർമിക്കാൻ 10 മുതൽ 20 ദിവസംവരെ സമയമെടുക്കും. 2000 രൂപയിലധികം വരെ ഒരു വാഹനത്തിന് നിർമാണച്ചെലവ് വരും. ഇവയിൽ പേരും മറ്റും പതിക്കാനുള്ള സ്റ്റിക്കറുകൾ കമ്പ്യൂട്ടറിൽ സ്വന്തമായി രൂപകൽപന ചെയ്തശേഷം കടയിൽനിന്ന് കളർ പ്രിന്റ് എടുത്ത് പതിക്കും. മിനിയേച്ചർ രൂപങ്ങൾക്ക് വിപണിയിൽ ആവശ്യക്കാർ ഏറെയാണ്.
കഴിഞ്ഞ ജനുവരി 15ന് മലപ്പുറം കുറ്റിപ്പുറത്തെ നിളയോരം പാർക്കിൽ എഴുപതോളം മിനിയേച്ചർ ആർട്ടിസ്റ്റുകൾ പങ്കെടുത്ത സംഗമത്തിലും മിനിയേച്ചർ രൂപങ്ങളുടെ പ്രദർശനത്തിലും മേഘജ് പങ്കെടുത്തിരുന്നു. റിട്ട. ഹയർ സെക്കൻഡറി അധ്യാപകൻ തിക്കോടി കൂരന്റവിട രവീന്ദ്രന്റെയും നിഷയുടെയും മകനാണ് മേഘജ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.