പ്രതിഷേധങ്ങൾക്ക് പുല്ലുവില; തങ്കമല ക്വാറിയിൽ ഖനനം തകൃതി
text_fieldsപയ്യോളി: രണ്ട് പഞ്ചായത്തുകളുടെ പാരിസ്ഥിതിക സന്തുലനത്തെയും സമീപവാസികളുടെ സുരക്ഷയെയും തകിടം മറിക്കുന്ന രീതിയിൽ നടക്കുന്ന കരിങ്കൽ ക്വാറിയുടെ പ്രവർത്തനം നിർത്തിവെക്കണമെന്ന ആവശ്യം ശക്തം. തുറയൂർ - കീഴരിയൂർ ഗ്രാമപഞ്ചായത്തുകളുടെ അതിർത്തിയിൽ ഇരിങ്ങത്തെ തങ്കമല ക്വാറിക്കെതിരെയാണ് പ്രതിഷേധവും സമരപരമ്പരകളും അരങ്ങേറുന്നത്. എന്നാൽ, പ്രതിഷേധങ്ങളെ മുഖവിലക്കെടുക്കാതെ രാപ്പകൽ ഭേദമന്യേ ഖനനം തകൃതിയായി തുടരുകയാണ്. മഴ ശക്തിപ്രാപിക്കുമ്പോൾ ഉരുൾപൊട്ടൽ സാധ്യതയുണ്ടെന്നാണ് നാട്ടുകാർ അഭിപ്രായപ്പെടുന്നത്. ഖനനം കാരണം സമീപവീടുകളിലെ കിണറുകൾ മലിനമാവുകയും പൊടിശല്യം രൂക്ഷമാവുകയും ചെയ്യുന്നുണ്ട്.
രാത്രിയും ഖനനം തുടരുന്നതിനാൽ കുട്ടികളുടെ പഠനത്തെ പോലും സാരമായി ബാധിക്കുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു.
മൂരാട് മുതൽ ചെങ്ങോട്ട്കാവ് വരെയുള്ള ദേശീയപാതയുടെ വികസന പ്രവൃത്തികൾക്ക് ആവശ്യമായ മെറ്റൽ പ്രധാനമായും തങ്കമലയിൽനിന്നാണ് കയറ്റിപ്പോവുന്നത്. റോഡ് നിർമാണ കരാറുകാരായ വഗാഡ് ഇൻഫ്രാപ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പതിനാറ് ടണ്ണോളം ഭാരം വഹിക്കുന്ന കൂറ്റൻ ബെൻസ് ലോറികളിലാണ് ഖനനം ചെയ്തെടുക്കുന്ന മെറ്റൽ നിർബാധം ഒഴുകുന്നത്.
ഖനനം നിർത്താനാവശ്യപ്പെട്ട് വില്ലേജ്, പഞ്ചായത്ത്, താലൂക്ക്, കലക്ടർ എന്നിവർക്കെല്ലാം പരാതികൾ സമർപ്പിച്ചെങ്കിലും ക്വാറിമാഫിയക്ക് അനുകൂലമായ നിലപാടാണ് അധികാര കേന്ദ്രങ്ങൾ സ്വീകരിക്കുന്നതെന്നും പ്രദേശം സന്ദർശിക്കാനോ പരിസരവാസികളെ ആശ്വസിപ്പിക്കാനോ പോലും അധികൃതർ തയാറായില്ലെന്ന് ആക്ഷൻ കമ്മിറ്റി കൺവീനർ മലയിൽ മൊയ്തീൻ പറഞ്ഞു.
അധികാരികളുടെ നിസ്സംഗതക്കെതിരെ യു.ഡി.എഫ് പ്രതിഷേധിച്ചു. കോവുമ്മൽ അലി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ടി.പി. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു.
ക്വാറി പ്രവർത്തനം നിർത്തിവെക്കണമെന്ന് സി.പി.എം നടത്തിയ ബഹുജന മാർച്ച് ആവശ്യപ്പെട്ടു. ഏരിയ സെക്രട്ടറി എം.പി. ഷിബു സമരം ഉദ്ഘാടനം ചെയ്തു. വി.ഹമീദ് അധ്യക്ഷത വഹിച്ചു . ഖനനം നിർത്തിവെക്കണമെന്ന് സ്ഥലം സന്ദർശിച്ച എൽ.ജെ.ഡി തുറയൂർ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു. എം. മധു, ടി.എം. രാജൻ, മുണ്ടാളി ദാമോദരൻ, സി.കെ.ശശി, കെ.ടി.രതീഷ്, കെ.വി. . വിനീതൻ എന്നിവർ സന്ദർശക സംഘത്തിൽ ഉണ്ടായിരുന്നു. ബി.ജെ.പി കീഴരിയൂർ പഞ്ചായത്ത് കമ്മിറ്റിയും പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.