സ്കൂട്ടറിൽ സഞ്ചരിക്കവെ കണ്ണിൽ മുളകുപൊടി വിതറി 1,80,000 കവർന്നതായി പരാതി
text_fieldsപയ്യോളി : സ്കൂട്ടറിൽ സഞ്ചരിക്കവെ കണ്ണിൽ മുളകുപൊടി വിതറി യാത്രക്കാരനിൽ നിന്നും മോഷ്ടാക്കൾ 1,80 ,000 രൂപ കവർന്നതായി പരാതി . തിങ്കളാഴ്ച രാത്രി എട്ടരയോടെ തിക്കോടി പാലൂരില്‍ മുതിരക്കാല്‍ മുക്കില്‍ എരവത്ത് താഴെ കുനി സത്യൻ്റെ (50) പക്കലുണ്ടായിരുന്ന പണമാണ് മോക്ഷണ സംഘം തട്ടിപ്പറിച്ചത് .
വീട്ടിലേക്ക് പണവുമായി വരുന്ന വഴി അരിവാൾ മുക്കിന് സമീപത്തെ തെരുവുവിളക്കുകൾ കത്താത്ത ഭാഗത്താണ് സംഭവം നടന്നത്. ആൾത്താമസമില്ലാത്ത വീട്ടുപറമ്പിൽ നിന്നും മാസ്ക് ധരിച്ച മോഷ്ടാക്കളായ രണ്ട് പേർ പൊടുന്നനെ സത്യൻ്റെ സമീപത്തേക്ക് ചാടി വീഴുകയായിരുന്നു .
സത്യൻ്റെ കഴുത്തിൽ പിടിമിറുക്കിയ മോക്ഷണ സംഘം ഇദ്ദേഹം ധരിച്ച ട്രൗസറിൻ്റെ പോക്കറ്റിൽ സൂക്ഷിച്ച പണം കവർന്നതെന്നാണ് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്.പെയിൻ്റിംങ് തൊഴിലാളിയായ സത്യൻ നടത്തുന്ന കുറിയുടെ പണം സുഹൃത്തുക്കളിൽ നിന്ന് ശേഖരിച്ച് വരവെയാണ് തുക അപഹരിക്കപ്പെട്ടത്. സംഭവത്തെ തുടർന്ന് വഴിയാത്രക്കാരുടെ സഹായത്തോടെ വീട്ടുകാരെ ബന്ധപ്പെട്ട ശേഷം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും ശേഷം പയ്യോളി പൊലീസിൽ പരാതി നൽകുകയുമായിരുന്നു .വിരലടയാള വിദഗ്ദ്ധരും , പോലീസ് നായയും , ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട് . ആക്രമിക്കപ്പെട്ട സ്ഥലത്തും , സ്കൂട്ടറിൽ സൂക്ഷിച്ച ഹെല്‍മെറ്റിലും മുളകുപൊടി കണ്ടെത്തിയിട്ടുണ്ട്. പയ്യോളി എസ്.ഐ. മാരായ എന്‍. സുനില്‍കുമാര്‍, വിമല്‍ ചന്ദ്രന്‍ എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.