സി.പി.എം. ഭരണത്തിൽ ന്യൂനപക്ഷങ്ങളെ തീവ്രവാദിയാക്കി ചിത്രീകരിക്കുന്നു- കെ.എം. ഷാജി
text_fieldsപയ്യോളി : സി.പി.എമ്മുകാരനായ വിദ്യാഭ്യാസ മന്ത്രിയുടെ കാലത്ത് സ്കൂൾ കലോത്സവവേദികളിൽ പോലും ന്യൂനപക്ഷ സമുദായത്തെ തീവ്രവാദിയാക്കി ചിത്രീകരിക്കുകയാണെന്ന് മുസ് ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി പറഞ്ഞു . ഇതേ സി.പി.എം. തന്നെ ഫാസിസ്റ്റ് ഭീകര ശക്തികളുടെ കോടാലി കാട്ടി ന്യൂനപക്ഷങ്ങളെ ഇടതുപക്ഷത്തേക്ക് ക്ഷണിക്കുമ്പോൾ , സി.പി.എം. ഫാസിസത്തിന് കോടാലി കൊടുക്കുന്നതിൽ വലിയ പങ്കുവഹിച്ച കാര്യം വിസ്മരിക്കരുത്. പാർലമെൻ്റിൽ കേവലം രണ്ട് സീറ്റിൽ ഒതുങ്ങിയിരുന്ന ബി.ജെ.പി. ഇന്നത്തെ നിലയിൽ വളർന്നത് ഇടതുപക്ഷത്തിൻ്റെ വികലമായ നിലപാടുകൾ കൊണ്ടാണെന്നും ഷാജി കുറ്റപ്പെടുത്തി.
ഏഴര പതിറ്റാണ്ടിൻ്റെ മഹിത പാരമ്പര്യം നിലനിർത്തുന്ന മുസ് ലീം ലീഗ് ഇനി എഴുപതിറ്റാണ്ടുകാലം അധികാരത്തിന് പുറത്ത് നിൽക്കേണ്ടി വന്നാലും അഭിമാനകാരമായ അസ്തിത്വം കളഞ്ഞു കുളിക്കാൻ തയ്യാറല്ലെന്നും ഷാജി കൂട്ടിച്ചേർത്തു. പയ്യോളിയിൽ മുസ് ലീം ലീഗ് ആസ്ഥാന മന്ദിരത്തിൻ്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം .
ബസ് സ്റ്റാൻഡിന് സമീപം നടന്ന പരിപാടിയിൽ മുൻസിപ്പൽ മുസ് ലീം ലീഗ് പ്രസിഡണ്ട് സി.പി. സദഖത്തുല്ല അധ്യക്ഷത വഹിച്ചു. എം.എസ് എഫ്. സംസ്ഥാന പ്രസിഡണ്ട് പി.കെ.നവാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ടൗണിൽ പാർട്ടി ഓഫീസിനായി സ്വന്തം നിലയിൽ വാങ്ങിച്ച കെട്ടിടത്തിൻ്റെ രേഖകൾ കീപ്പോടി മൊയ്തീനിൽ നിന്നും സംസ്ഥാന മുസ് ലീം ലീഗ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഏറ്റുവാങ്ങി.തുടർന്ന് ഓഫീസ് ഉദ്ഘാടനവും സാദിഖലി തങ്ങൾ നിർവ്വഹിച്ചു. ടി.ടി.ഇസ്മായിൽ ,റഷീദ് വെങ്ങളം ,സി.കെ.വി യൂസഫ് ,ഹുസൈൻ ബാഫഖി തങ്ങൾ ,അലി കൊയിലാണ്ടി , മഠത്തിൽ അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു .മുൻസിപ്പൽ കമ്മിറ്റി ജനറൽ സെക്രട്ടറി പി എം.റിയാസ് സ്വാഗതവും മടിയാരി മൂസമാസ്റ്റർ നന്ദിയും പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.