വെള്ളക്കെട്ടും ഗതാഗതക്കുരുക്കും; പരിഹാരമാവാതെ ദേശീയപാത പ്രഖ്യാപനങ്ങൾ ജലരേഖയായി
text_fieldsപയ്യോളി: കാലവർഷം ശക്തമാവുന്തോറും ദേശീയപാത വഴിയുള്ള യാത്രാക്ലേശം രൂക്ഷമാവുന്നു. മൂരാട് ഓയിൽമിൽ ജങ്ഷനിലും പയ്യോളി ടൗണിലുമാണ് വൻ വെള്ളക്കെട്ട് രൂപപ്പെട്ടത് കാരണം ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. ഒന്നോ രണ്ടോ മണിക്കൂർ മഴ ശക്തമായി പെയ്താൽ പിന്നീട് മണിക്കൂറുകൾ കഴിഞ്ഞാണ് ഇവിടെ ഗതാഗതം പൂർവ സ്ഥിതിയിലാവുന്നത്.
രാത്രികാലങ്ങളിലാണ് സ്ഥിതി കൂടുതൽ ദയനീയമാവുന്നത്. ഇപ്പോൾ പയ്യോളിയെ കൂടാതെ മൂരാട് ഓയിൽമിൽ ജങ്ഷനിൽനിന്ന് വടകര ഭാഗത്തേക്ക് പോകുന്ന റോഡ് വ്യാഴാഴ്ചയോടെ പുഴക്ക് സമാനമായ രീതിയിലാണുള്ളത്. ഇവിടെ കെട്ടിനിൽക്കുന്ന വെള്ളം വിളിപ്പാടകലെയുള്ള പുഴയിലേക്ക് ഒഴുക്കി വിടാൻപോലും അധികൃതർ തയാറാകാത്തത് പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.
കോഴിക്കോട് ഭാഗത്തെ സർവിസ് റോഡും പൊട്ടിപ്പൊളിഞ്ഞ് ഗതാഗതം ദുഷ്കരമായിരിക്കുകയാണ്. ഇവിടെ കഴിഞ്ഞ ജൂൺ 10ന് റെയിൽവേ ജീവനക്കാരനായ ഇരുചക്ര യാത്രികന് കുഴിയിൽ വീണ് ദാരുണാന്ത്യം സംഭവിച്ചിട്ടും അധികൃതർക്ക് യാതൊരുവിധ കുലുക്കമില്ല. പയ്യോളി ടൗണിലും സമാനമായ രീതിയിൽ കഴിഞ്ഞ മേയ് 22ന് സ്കൂട്ടർ കുഴിയിൽ വീണ് യുവതി മരണപ്പെട്ടെങ്കിലും കുഴിയടക്കൽ വഴി പാടാക്കി മാറ്റി വീണ്ടും പഴയപടി തന്നെയാണുള്ളത്. ടൗണിൽ കോടതിക്ക് മുമ്പിൽ മഴ ശക്തമായി പെയ്താൽ തോണിയിറക്കേണ്ട അവസ്ഥയാണുള്ളത്.
കഴിഞ്ഞ ദിവസം കാനത്തിൽ ജമീല എം.എൽ.എയുടെ അധ്യക്ഷതയിൽ ബന്ധപ്പെട്ടവരുടെ യോഗം നഗരസഭയിൽ വിളിച്ചുചേർത്ത് തീരുമാനിച്ച പ്രഖ്യാപനങ്ങൾ അക്ഷരാർഥത്തിൽ ജലരേഖയായി തന്നെ മാറുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ചയോളമായി അധിക ദിവസങ്ങളിലും നല്ല വെയിൽ ലഭിച്ചിട്ടും ഒരു പ്രവൃത്തിയും നടത്താതെ യാത്രക്കാർ പൊടി തിന്നത് മാത്രം മിച്ചം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.