ദേശീയപാത വികസനം: നഷ്ടപരിഹാരത്തുക വിതരണം മന്ദഗതിയിൽ
text_fieldsപയ്യോളി: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഇരിങ്ങൽ വില്ലേജിൽ സ്ഥലമേറ്റെടുപ്പ് നടപടികൾ അന്തിമഘട്ടത്തിലേക്ക് നീങ്ങുമ്പോഴും നഷ്ടപരിഹാരവും പുനരധിവാസ പാക്കേജ് വിതരണവും മന്ദഗതിയിൽ. മൂരാട് പാലത്തിന് തെക്ക് ഭാഗം മുതൽ അയനിക്കാട് കുറ്റിയിൽ പീടിക വരെയാണ് ഇരിങ്ങൽ വില്ലേജിൽ ദേശീയപാതക്ക് ഇരുവശത്തുമായി ദേശീയപാത അതോറിറ്റിയുടെ നേതൃത്വത്തിൽ സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കിക്കൊണ്ടിരിക്കുന്നത്.
എന്നാൽ, അയനിക്കാട് വീടും സ്ഥലവും കെട്ടിങ്ങളും നഷ്ടപ്പെടുന്ന നിരവധി പേർക്ക് രേഖകൾ സമർപ്പിച്ചിട്ടും തുക ബാങ്ക് അക്കൗണ്ടുകളിൽ എത്തിയിട്ടില്ലെന്ന് പരാതിയുണ്ട്. അയനിക്കാട്ടെ ഏതാനും വീട്ടുടമകൾ വീട് ഒഴിഞ്ഞ് താക്കോൽ വരെ കൈമാറിയിട്ടും ഇതുവരെ തുക ബാങ്കിലെത്തിയില്ലെന്ന് ആക്ഷേപവുമുണ്ട്. ദേശീയപാത അതോറിറ്റിയുടെ കോഴിക്കോട് ഓഫിസുമായി ബന്ധപ്പെട്ടപ്പോൾ ഫയൽ പരിശോധിക്കേണ്ട ഉദ്യോഗസ്ഥൻ ലീവിലാണെന്ന മറുപടിയാണ് വീട്ടുടമക്ക് പലപ്പോഴായി ലഭിച്ചതെന്ന് പറയുന്നു.
തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് സ്പെഷൽ ഡെപ്യൂട്ടി കലക്ടറടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലത്ത് ഇല്ലാത്തതാണ് നഷ്ടപരിഹാര വിതരണത്തിന് കാലതാമസം നേരിടുന്നതെന്ന വിശദീകരണമാണ് ദേശീയപാത കർമസമിതി ഭാരവാഹികൾക്ക് ഇതുമായി ബന്ധപ്പെട്ടപ്പോൾ ഓഫിസിൽ നിന്ന് ലഭിച്ചത്.
അതേസമയം, മൂരാട് ബദൽ പാലം നിർമാണവുമായി ബന്ധപ്പെട്ട് സ്ഥലമേെറ്റടുപ്പ് പൂർത്തിയായി കെട്ടിടങ്ങൾ പൊളിച്ചുനീക്കി തുടങ്ങിയിട്ടുണ്ട്. എന്നാൽ, ഇരിങ്ങൽ - മൂരാട് ഭാഗത്ത് നഷ്ടപരിഹാര തുകയടക്കം വിതരണം ചെയ്തിട്ടും കെട്ടിടങ്ങളും മരങ്ങളും നീക്കംചെയ്യുന്ന പ്രവൃത്തികളൊന്നും ഇതുവരെ ഇരിങ്ങൽ വില്ലേജിൽ ആരംഭിച്ചിട്ടില്ല. അതോറിറ്റി ഏറ്റെടുത്ത കെട്ടിടങ്ങളുടെയും വീടുകളുടെയും ചുമരുകളിൽ ചിലതിന് മാത്രം അക്വയർ ചെയ്ത നമ്പറുകൾ പെയിൻറ് കൊണ്ട് പതിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. ഇതോടെ ദശാബ്ദത്തിലേറെയായി നീളുന്ന ദേശീയപാത വികസനം വീണ്ടും മന്ദഗതിയിലേക്ക് നീങ്ങുകയാണോ എന്ന ആശങ്കയാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.