ദേശീയപാത വികസനം: വ്യാപാരികൾക്ക് നഷ്ടപരിഹാരം പരിഗണനയിൽ –മന്ത്രി
text_fieldsപയ്യോളി: ദേശീയപാത - 66 വികസനത്തിെൻറ ഭാഗമായി അഴിയൂർ - വെങ്ങളം റീച്ചിലെ വ്യാപാരികൾക്കുള്ള നഷ്ടപരിഹാര വിതരണം സർക്കാറിെൻറ പരിഗണനയിലാണെന്ന് റവന്യൂ മന്ത്രി കെ. രാജൻ നിയമസഭയിൽ വ്യക്തമാക്കി. തിങ്കളാഴ്ച കാനത്തിൽ ജമീല എം.എൽ.എയുടെ സബ്മിഷന് മറുപടി നൽകവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വികസനത്തിെൻറ ഭാഗമായി കുടിയൊഴിപ്പിക്കപ്പെടുന്ന കച്ചവടക്കാർക്കും മറ്റ് അർഹരായവർക്കും നൽകുന്ന പുനരധിവാസ പുനഃസ്ഥാപന പാക്കേജിെൻറ ഭാഗമായുള്ള തുകയെ സംബന്ധിച്ച താരതമ്യ പഠന റിപ്പോർട്ട് ജില്ല കലക്ടറോട് ആവശ്യപ്പെട്ടതായി മന്ത്രി പറഞ്ഞു.മറുപടി ലഭിച്ചാലുടൻ അധിക തുകക്കായി ദേശീയപാത അതോറിറ്റിയുമായി ബന്ധപ്പെട്ട് സമ്മർദംചെലുത്താനും തീരുമാനിച്ചതായി മന്ത്രി വ്യക്തമാക്കി.
2017 ഡിസംബർ 29ന് വ്യാപാരികൾക്കായി സംസ്ഥാന സർക്കാർ പുനരധിവാസ പുനഃസ്ഥാപന പാക്കേജ് നടപ്പാക്കാൻ ഉത്തരവായിട്ടുണ്ടായിരുന്നു (GOMS 448/2017). എന്നാൽ, പിന്നീട് സ്ഥലമേറ്റടുപ്പ് നടപടികൾ മന്ദഗതിയിലായതോടെ തുക വിതരണം ചെയ്യുന്നത് സംബന്ധിച്ചും അനിശ്ചിതത്വമുണ്ടായി. കച്ചവടസ്ഥാപനം നഷ്ടപ്പെടുന്ന വ്യാപാരിക്ക് രണ്ട് ലക്ഷം രൂപയും ജീവനക്കാർക്ക് 6000 രൂപ വീതം ആറ് മാസവും നൽകാമെന്നായിരുന്നു മുമ്പ് പ്രഖ്യാപിച്ചിരുന്നത്.
ഇരിങ്ങല്‍, പയ്യോളി, തിക്കോടി, മൂടാടി, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി, വിയ്യൂര്‍, പന്തലായനി, കോഴിക്കോട് താലൂക്കിലെ രാമനാട്ടുകര എന്നീ വില്ലേജുകളിലെ സ്ഥലമേറ്റെടുപ്പ് നടപടിയുമായി ബന്ധപ്പെട്ട് 1630 പേർക്ക് 30.18 കോടി രൂപ നഷ്ടപരിഹാരമായി ആവശ്യമാണെന്ന് സർക്കാർ കണ്ടെത്തിയിട്ടുണ്ട്.
പയ്യോളിയിൽ മേൽപാലം നിർമിക്കും
പയ്യോളി: വികസനത്തിെൻറ ഭാഗമായി ജില്ലയിൽ ഏറ്റവുമധികം വ്യാപാര സ്ഥാപനങ്ങൾ നഷ്ടപ്പെടുന്നത് പയ്യോളിയിലാണ്.150ലധികം വ്യാപാരസ്ഥാപനങ്ങളാണ് ഇവിടെ പാതയുടെ ഇരുവശത്തുനിന്നുമായി പൊളിച്ചുനീക്കേണ്ടിവരുക. 700ലധികം തൊഴിലാളികളും ഇതോടെ കുടിയൊഴിപ്പിക്കപ്പെടുമെന്നാണ് ഏകദേശ കണക്ക്. ടൗണിൽ എട്ടര മീറ്റർ ഉയരത്തിൽ നിർമിക്കുന്ന മേൽപാലം 400 മീറ്ററോളം നീളത്തിൽ മണ്ണിട്ട് നികത്തിയാണ് സ്ഥാപിക്കുന്നത്. എന്നാൽ, മണ്ണിന് പകരം മുഴുവനായും തൂണുകളിൽതന്നെ മേൽപാലം സ്ഥാപിക്കണമെന്നാണ് പൊതുവെയുള്ള ആവശ്യം. ബസ്സ്റ്റാൻഡിലേക്ക് ബസുകൾ പ്രവേശിക്കുന്നതടക്കം ടൗണിൽ സർവിസ് റോഡ് ഏത് തരത്തിൽ വേണമെന്നകാര്യത്തിലും അവ്യക്തത നിലവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.