ദേശീയപാത വികസനം: വ്യാപാരികളെ കുടിയൊഴിപ്പിക്കുന്നതിൽ പ്രതിഷേധം
text_fieldsപയ്യോളി: ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്നതിെൻറ ഭാഗമായി നഷ്ടപരിഹാരം നൽകാതെ വ്യാപാരികളെ നിർബന്ധിപ്പിച്ച് കുടിയൊഴിപ്പിക്കുന്നതിൽ വൻ പ്രതിഷേധം. വികസനത്തിെൻറ ഭാഗമായി ജില്ലയിൽ ഏറ്റവുമധികം വ്യാപാരസ്ഥാപനങ്ങളും കെട്ടിടങ്ങളും പൊളിച്ചുമാറ്റപ്പെടേണ്ടിവരുന്ന ടൗണാണ് പയ്യോളി. ദേശീയപാത കടന്നുപോകുന്ന ടൗണിെൻറ രണ്ടറ്റത്തുമായി നൂറ്റിയമ്പതിലധികം കടകകളാണ് പൊളിച്ചുനീക്കേണ്ടിവരുക. നിലവിൽ വ്യാപാരസ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന കെട്ടിട ഉടമകൾക്ക് മാത്രമാണ് ഇപ്പോൾ നഷ്ടപരിഹാരത്തുക വിതരണം ചെയ്യുന്നത്.
ഒരു വ്യാപാരിക്ക് രണ്ടു ലക്ഷം രൂപയും തൊഴിലാളികൾക്ക് മാസത്തിൽ 6000 രൂപ വീതം ആറു മാസത്തേക്ക് 36000 രൂപയും നൽകുമെന്ന് പ്രഖ്യാപിച്ച നഷ്ടപരിഹാര പാക്കേജാണ് 2006ലെ വി.എസ്. അച്യുതാനന്ദൻ സർക്കാർ നൽകിയ വാഗ്ദാനം. എന്നാൽ, പിന്നീട് മാറിമാറി വന്ന സർക്കാറുകൾ പാക്കേജ് നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയതാണ് വ്യാപാരികൾ ഇപ്പോൾ പെരുവഴിയിലാവാൻ കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
കഴിഞ്ഞ ആഗസ്റ്റ് രണ്ടിന് വ്യാപാരികൾക്കുള്ള നഷ്ടപരിഹാര പാക്കേജ് വിതരണം സർക്കാറിെൻറ പരിഗണനയിലാണെന്ന് മന്ത്രി കെ. രാജൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. കാനത്തിൽ ജമീല എം.എൽ.എയുടെ സബ്മിഷന് മറുപടി നൽകവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരുന്നത്.
വികസനത്തിെൻറ ഭാഗമായി കുടിയൊഴിപ്പിക്കപ്പെടുന്ന കച്ചവടക്കാർക്കും മറ്റ് അർഹരായവർക്കും നൽകുന്ന പുനരധിവാസ പുനഃസ്ഥാപന പാക്കേജിെൻറ ഭാഗമായുള്ള തുകയെ സംബന്ധിച്ച താരതമ്യ പഠനറിപ്പോർട്ട് ജില്ല കലക്ടറോട് ആവശ്യപ്പെട്ടതായി മന്ത്രി അന്ന് നിയമസഭയിൽ വ്യക്തമാക്കിയിട്ട് ഇപ്പോൾ മാസം മൂന്നുകഴിഞ്ഞു. പയ്യോളി ടൗണിൽ വര്‍ഷങ്ങളായി കച്ചവടംചെയ്യുന്ന വ്യാപാരികളെ ഒരു മുന്നറിയിപ്പുമില്ലാതെയാണ് ദിവസങ്ങളായി കുടിയൊഴിപ്പിക്കാന്‍ ശ്രമിക്കുന്നത്.
കഴിഞ്ഞ ദിവസം ദീപാവലിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഓഫിസുകള്‍ അവധിയായ ദിവസമാണ് അയനിക്കാട് പള്ളിക്ക് സമീപം പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിലുള്ളവരെ നിര്‍ബന്ധപൂര്‍വം ഒഴിപ്പിക്കുവാന്‍ കരാറുകാരന് ശ്രമിച്ചത്. പതിറ്റാണ്ടുകളായി കച്ചവടംചെയ്യുന്ന വ്യാപാരികളെ നോട്ടീസ് പോലും നല്‍കാതെ ഒഴിപ്പിക്കാനും കെട്ടിടം തകര്‍ക്കാനുമാണ് കരാര്‍ എടുത്ത കമ്പനിയുടെ ജീവനക്കാര്‍ ശ്രമിച്ചത്.
കെട്ടിടം ഒഴിപ്പിക്കുമ്പോള്‍ പാലിക്കേണ്ട ചട്ടങ്ങളെ സംബന്ധിച്ചുള്ള ഹൈകോടതിയുടെ ഉത്തരവുമായി വ്യാപാരികള്‍ ചെറുത്തതോടെ കരാര്‍ കമ്പനി ജീവനക്കാര്‍ പിന്‍വാങ്ങുകയായിരുന്നു. നഷ്ടപരിഹാരം നൽകാൻ ഇനിയും സർക്കാർ തയാറാവുന്നില്ലെങ്കിൽ കടകൾ പൊളിക്കുന്നത് ഏതു വിധേനയും ചെറുക്കാനാണ് വ്യാപാരികളുടെ തീരുമാനം.
ഇക്കാര്യത്തിൽ സംഘർഷസമാനമായ സാഹചര്യമുണ്ടായാൽ പോലും വ്യാപാരികൾ ഉത്തരവാദിയായിരിക്കില്ലെന്നും കെ.വി.വി.ഇ.എസ് നേതാക്കൾ വ്യക്തമാക്കി. അതേസമയം കെട്ടിട ഉടമകൾതന്നെ കച്ചവടംചെയ്യുന്ന കടകള്‍ ഇപ്പോള്‍ പൊളിക്കുന്നുണ്ട്. നഷ്ടപരിഹാരം ലഭിച്ച കടകളാണ് പൊളിക്കുന്നവയില്‍ ഏറെയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.