ദേശീയപാത വികസന പ്രവൃത്തി; റോഡ് മണ്ണിട്ട് ഉയർത്തുന്നത് വാഹനങ്ങൾക്ക് ഭീഷണി
text_fieldsപയ്യോളി: ദേശീയപാത 45 മീറ്ററിൽ ആറുവരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി മണ്ണിട്ട് ഉയർത്തുന്നത് വാഹനങ്ങൾക്ക് ഭീഷണിയാവുന്നു. അഴിയൂർ - വെങ്ങളം റീച്ചിന്റെ ഭാഗമായി പ്രവൃത്തി നടക്കുന്ന മൂരാട് മുതൽ അയനിക്കാട് വരെയുള്ള ഭാഗത്താണ് നിലവിലെ പാതയുടെ ഇരുവശവും ഒരു മീറ്റർ മുതൽ മൂന്ന് മീറ്റർ വരെ ഉയരത്തിൽ മണ്ണിട്ട് ഉയർത്തിയിരിക്കുന്നത്. ഇതുകാരണം അമിതവേഗത്തിൽ വരുന്ന വാഹനങ്ങൾ എതിർവശത്തുനിന്നുള്ള വാഹനവുമായി കൂട്ടിയിടി ഒഴിവാക്കാനായി ശ്രമിക്കുമ്പോൾ മൺകൂനയിൽ ഇടിച്ചുകയറി അപകടത്തിൽപ്പെടുകയാണ്.
കഴിഞ്ഞ ദിവസം ഇരിങ്ങൽ ഭാഗത്ത് ബൈക്ക് യാത്രക്കാരനായ യുവാവ് മൺകൂനയിൽ ഇടിച്ച് റോഡിലേക്ക് മറിഞ്ഞ് പരിക്ക് പറ്റി. അപകടസമയത്ത് മറ്റ് വാഹനങ്ങൾ വരാത്തത് കൊണ്ട് യുവാവ് വൻ അപകടത്തിൽനിന്ന് രക്ഷപ്പെടുകയായിരുന്നു. ഇരുചക്രവാഹനങ്ങളും കാറുകളുമാണ് പലപ്പോഴും കൂടുതലായി അപകടത്തിൽപ്പെടുന്നത്.
എന്നാൽ, വാഹനങ്ങൾക്ക് അപായസൂചന നൽകുന്ന തരത്തിൽ മുന്നറിയിപ്പു ബോർഡുകൾ പലയിടത്തും സ്ഥാപിച്ചിട്ടില്ല. രാത്രികാലങ്ങളിലാണ് അപകടങ്ങൾ ഏറെയും സംഭവിക്കുന്നത്. റോഡിന്റെ വശങ്ങൾ ഇല്ലാത്തതിനാൽ ചെറിയ അപകടങ്ങളോ വാഹനങ്ങൾക്ക് തകരാറുകളോ സംഭവിച്ചാൽ മണിക്കൂറുകളോളം നീണ്ട ഗതാഗതക്കുരുക്കാണ് മേഖലയിൽ.
മണ്ണിട്ട് നിരപ്പാക്കി നിർമാണം ആരംഭിച്ച നിർദിഷ്ട പാതയിലൂടെ വാഹനങ്ങൾ വഴി മാറി സഞ്ചരിക്കുമ്പോൾ പ്രദേശം മുഴുവൻ പൊടിയിൽ മുങ്ങുന്നതും പതിവാണ്. പുതിയ ദേശീയപാത നിലവിലെ പാതയേക്കാളും ഉയർത്തി നിർമിക്കുന്നതിന്റെ ഭാഗമായാണ് മണ്ണിടൽ പ്രവൃത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.