മൂന്നാം നില പൊളിക്കാൻ മറന്നു: പൊളിച്ചു തുടങ്ങിയ ടൗണിലെ കെട്ടിടം യാത്രക്കാർക്ക് ഭീഷണിയാവുന്നു
text_fieldsപയ്യോളി: മൂന്നുനിലകളുള്ള കെട്ടിടം പൊളിച്ചുമാറ്റാൻ തുടങ്ങിയപ്പോൾ അവസാനം മൂന്നാം നില പൊളിക്കാൻ മറന്നത് പൊല്ലാപ്പായി മാറി! ഒടുവിൽ സംഗതി പന്തികേടായി തോന്നിയ കരാറുകാരൻ പണി പൂർത്തിയാക്കാതെ സ്ഥലം വിടുകയും ചെയ്തു.
ദേശീയപാത വികസനത്തിന്റെ ഭാഗമായി പയ്യോളിയിൽ കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതിന്റെ ഭാഗമായി ടൗണിന്റെ വടക്കുഭാഗത്തെ പഴയ കെ.ഡി.സി ബാങ്ക് നിലനിന്നിരുന്ന കെട്ടിട സമുച്ചയമാണ് പാതിവഴിയിൽ പൊളിച്ചനിലയിൽ കാണപ്പെട്ടത്.
കെട്ടിടത്തിന്റെ സമീപത്തുകൂടി യാത്ര ചെയ്യുന്ന നാട്ടുകാരും യാത്രക്കാരും ഇതോടെ ഏറെ ഭീതിയോടെയാണ് ഇതുവഴി യാത്രചെയ്യുന്നത്. കെട്ടിടത്തിന്റെ മൂന്നാം നില ആദ്യം പൊളിച്ചുതുടങ്ങേണ്ടതിന് പകരം താഴത്തെനിലയും രണ്ടാം നിലയും പൊളിച്ച് പൂർത്തിയാക്കാൻ ഒരുങ്ങവെയാണ് മൂന്നാം നില അപകടാവസ്ഥയിലായത്. നിലവിൽ ഏതു നിമിഷവും നിലംപൊത്താവുന്ന സ്ഥിതിയിൽ തൂങ്ങിനിൽക്കുന്ന കെട്ടിടം അപകടാവസ്ഥയിലായിട്ട് ഒരാഴ്ചയോളമായിട്ടും ബന്ധപ്പെട്ട അധികൃതർക്കും ഒരു കുലുക്കവുമില്ല.
ദേശീയപാത ആറു വരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി ടൗണിലെ കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്ന ജോലി കരാറുകാരായ വാഗഡ് ഇൻഫ്രാ പ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് നാട്ടിലെ പ്രാദേശിക ഏജൻറുമാരെയാണ് ഏൽപിക്കുക. ഇത്തരത്തിൽ ഏറ്റെടുത്ത കോഴിക്കോട് സ്വദേശിയാണ് മൂന്നുനില കെട്ടിടം പൊളിക്കൽ അശാസ്ത്രീയമാക്കിയത്.
പ്രതിസന്ധി ഉണ്ടായതോടെ വടകര സ്വദേശിയായ ഏജന്ററ് സുരക്ഷിതമായി കെട്ടിടം ഉടനെ പൊളിച്ചുനീക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ദേശീയപാത വികസന പ്രവൃത്തിയുടെ ഭാഗമായി ടൗണിലെ കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്ന രീതി തികച്ചും അശാസ്ത്രീയമാണെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. ഭാഗ്യംകൊണ്ട് മാത്രമാണ് പൊളിച്ചുനീക്കുന്ന മണ്ണുമാന്തിയന്ത്ര ജീവനക്കാരും തൊഴിലാളികളും വൻ അപകടങ്ങളിൽനിന്ന് രക്ഷപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.