ദേശീയപാത വികസനം: റോഡിൽ മതിൽ കെട്ടി ഉയർത്തിയതിനെതിരെ പ്രതിഷേധം
text_fieldsപയ്യോളി: ദേശീയപാത 45 മീറ്ററായി വികസിപ്പിക്കുന്ന പ്രവൃത്തികളുടെ പ്രാരംഭഘട്ടത്തിൽതന്നെ മതിൽകെട്ടി ഉയർത്തിയത് നാട്ടുകാർക്ക് ദുരിതമായി. അഴിയൂർ-വെങ്ങളം റീച്ചിന്റെ ഭാഗമായി അയനിക്കാട് കളരിപ്പടിക്കും ഇരിങ്ങലിനും ഇടയിൽ നിർദിഷ്ടപാത നിർമാണം നടക്കുന്ന പടിഞ്ഞാറ് വശത്താണ് അധികൃതരുടെ തിരക്കിട്ട മതിൽകെട്ടൽ പ്രവൃത്തി നടത്തുന്നത്.
സാധാരണനിലയിൽ റോഡ് വികസനം പൂർത്തിയാവുന്ന ഘട്ടത്തിലാണ് സർവിസ് റോഡുമായി പ്രധാനപാത വേർതിരിക്കാൻ ഇത്തരത്തിൽ ഭിത്തികെട്ടാറുള്ളത്. എന്നാൽ, പ്രധാനപാതയിൽ മണ്ണിട്ട് ഉയർത്തുന്ന പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. അതേസമയം, സർവിസ് റോഡിന്റെ പണി തുടങ്ങിയിട്ടുമില്ല.
അതിനിടയിലാണ് മൂന്ന് മീറ്ററോളം മതിൽകെട്ടി ഉയർത്തി സമീപത്തെ വീട്ടുകാർക്ക് ദേശീയപാതയിലേക്കുള്ള പ്രവേശനം കരാർ കമ്പനിയുടെ നേതൃത്വത്തിൽ കൊട്ടിയടച്ചിരിക്കുന്നത്. വീട്ടുകാർക്ക് ഏറെ ദൂരെ സഞ്ചരിച്ച് വേണം റോഡിലേക്ക് എത്താൻ. മതിൽ നിർമാണ പ്രവൃത്തി വെള്ളിയാഴ്ച നാട്ടുകാർ ഇടപെട്ട് തടഞ്ഞു. വീട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാവുന്ന തരത്തിൽ പ്രവൃത്തി നടത്തില്ലെന്ന് അധികൃതർ നേരത്തേ ഉറപ്പു നൽകിയിരുന്നെങ്കിലും ലംഘിക്കപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. നിർമാണ പ്രവൃത്തിയുടെ മറവിൽ സമീപത്തെ തണ്ണീർത്തടങ്ങൾ നികത്തുന്നതിനും റോഡരികിൽ മണ്ണിടൽ നടത്തുമ്പോൾ വഴികൾ അടക്കുന്നതിനും എതിരെ നാട്ടുകാരിൽ പ്രതിഷേധമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.