കെ.എസ്.എഫ്.ഇ: അപ്രൈസർക്കെതിരെ അന്വേഷണമില്ല; ആശങ്ക തീരാതെ ഇടപാടുകാർ
text_fieldsപയ്യോളി: കെ.എസ്.എഫ്.ഇ പയ്യോളി ശാഖയിൽ കഴിഞ്ഞ ദിവസമുണ്ടായ സ്വർണ തട്ടിപ്പ് സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങളില്ലാത്തത് ഇടപാടുകാരെ ആശങ്കയിലാഴ്ത്തുന്നു.
മാസങ്ങൾക്ക് മുമ്പാണ് പയ്യോളിയിലെ ഗോൾഡ് പാലസ് ജ്വല്ലറിയിലെ സ്വർണ നിക്ഷേപ തട്ടിപ്പിൽ നൂറുകണക്കിന് പേരിൽനിന്ന് രണ്ടു കോടിയോളം രൂപ തട്ടി സ്ഥാപന ഉടമകൾ മുങ്ങിയത്. ഇതിെൻറ നടുക്കം മാറും മുമ്പാണ് കെ.എസ്.എഫ്.ഇയിലും സ്വർണം തട്ടിയ സംഭവം അരങ്ങേറിയത്.
നവംബർ എട്ടിനാണ്തുറയൂർ സ്വദേശിനിയായ യുവതി ചിട്ടി വിളിച്ച തുകക്ക് ഗാരൻറിയായി നൽകാൻ കൊണ്ടുവന്ന സ്വർണാഭരണം പരിശോധിക്കുന്നതിനിടയിൽ അപ്രൈസർ തട്ടിയെടുത്തത്. സംഭവത്തെ തുടർന്ന് അപ്രൈസർ ടി.സി. ശശിയെ സ്ഥാപനത്തിൽനിന്ന് പിരിച്ചുവിട്ടിരുന്നു. എന്നാൽ, ഇയാൾക്കെതിരെ സ്ഥാപന അധികൃതർ പൊലീസിൽ പരാതി നൽകുകയോ കൂടുതൽ അന്വേഷണം നടത്തുകയോ ചെയ്യാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. നഷ്ടപ്പെട്ട സ്വർണാഭരണത്തിെൻറ പണം തിരിച്ചുകിട്ടിയതിനാൽ യുവതിയും പരാതി നൽകാൻ തയാറായിട്ടില്ല.
പണയാഭരണമായ യുവതിയുടെ കൈചെയിനിലുണ്ടായിരുന്ന രണ്ടു മുത്തുകളാണ് അപ്രൈസർ പൊട്ടിച്ച് മാറ്റിയത്. സംഭവം പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ നഷ്ടപരിഹാരം നൽകി ഒത്തുതീർപ്പാക്കുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് യു.ഡി.വൈ.എഫ് നേതൃത്വത്തിൽ കെ.എസ്.എഫ്. ഇയിലേക്ക് മാർച്ച് നടത്തിയിരുന്നു.
കെ.എസ്.എഫ്.ഇയുടെ വിജിലൻസ് വിഭാഗം അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ ശാഖയിലെത്തി തെളിവെടുപ്പ് നടത്തിയെങ്കിലും നടപടികളൊന്നുമെടുത്തിട്ടില്ല. ശാഖ മാനേജറോട് രണ്ടു ദിവസത്തിനകം സംഭവത്തിൽ റിപ്പോർട്ട് നൽകാൻ തൃശൂരിലെ കെ.എസ്.എഫ്.ഇയുടെ ആസ്ഥാനത്തുനിന്ന് ആവശ്യപ്പെട്ടതായി അറിയുന്നു.
നൂറുകണക്കിന് പേരുടെ സ്വർണവും രേഖകളും പണയമായി നൽകിയതിനാൽ കടുത്ത ആശങ്കയാണ് ഇടപാടുകാർക്കുള്ളത്. ദേശീയപാത വികസനത്തിെൻറ ഭാഗമായി പാതയോരത്തുണ്ടായിരുന്ന ഓഫിസ് ഏതാനും ആഴ്ചകൾക്ക് മുമ്പാണ് കെ.എസ്.ഇ.ബി ഓഫിസിന് സമീപത്തേക്ക് മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.