മാലിന്യസംസ്കരണ സംവിധാനങ്ങളില്ല; പയ്യോളിയിൽ വ്യാപക പരിശോധന
text_fieldsപയ്യോളി: ടൗണിലും പരിസരത്തും മതിയായ മാലിന്യസംസ്കരണ സംവിധാനമില്ലാത്ത സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടിയെടുത്ത് നഗരസഭ ആരോഗ്യവിഭാഗം. അപ്പാർട്മെന്റുകൾ, ക്വാർട്ടേഴ്സുകൾ, ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകൾ തുടങ്ങിയവയിൽ മാലിന്യസംസ്കരണ സംവിധാനമേർപ്പെടുത്തുന്നതിനായി പന്ത്രണ്ട് സ്ഥാപനങ്ങൾക്ക് നഗരസഭ പൊതുജനാരോഗ്യ വിഭാഗം നോട്ടീസ് നൽകി.
പയ്യോളി ടൗണിലും പരിസരപ്രദേശത്തുമുള്ള പതിനേഴ് സ്ഥാപനങ്ങളിലെ കെട്ടിട സമുച്ചയങ്ങൾക്കുള്ളിലും പിൻഭാഗങ്ങളിലും മാലിന്യങ്ങൾ നിക്ഷേപിച്ചതിനും പരിസരം വൃത്തിഹീനമാക്കിയതിനും സ്ഥാപനവുമായി ബന്ധപ്പെട്ടവർക്ക് നോട്ടീസ് നൽകി.
ഇതോടൊപ്പം മാലിന്യങ്ങൾ അലക്ഷ്യമായി പൊതുസ്ഥലത്ത് വലിച്ചെറിയുന്ന പതിനേഴ് സ്ഥാപന ഉടമകൾക്കും നോട്ടീസ് നൽകി നടപടിയാരംഭിച്ചു. സ്ഥാപനങ്ങളിലെയും വീടുകളിലെയും അജൈവ പാഴ്വസ്തുക്കൾ ശേഖരിക്കുന്നതിന് നഗരസഭ നിയോഗിച്ച ഹരിതകർമസേനക്ക് മാലിന്യം നൽകാതെ നിസ്സഹരിക്കുന്ന 91 പേർക്ക് നോട്ടീസ് നൽകി.
നഗരസഭ പരിധിയിലെ മുഴുവൻ വീടുകളിലും ജൈവമാലിന്യങ്ങളുണ്ടാകുന്ന സ്ഥാപനങ്ങളിലും അവ സംസ്കരിക്കുന്നതിന് കൃത്യമായ സംവിധാനമുണ്ടാകണമെന്ന് ആരോഗ്യ വിഭാഗം വാർത്തക്കുറിപ്പിലൂടെ അറിയിച്ചു. മാലിന്യങ്ങൾ പൊതു-സ്വകാര്യ സ്ഥലങ്ങളിൽ അലക്ഷ്യമായി വലിച്ചെറിയരുതെന്നും മലിനജലം ജലാശയങ്ങളിലേക്കോ ഓവുചാലുകളിലേക്കോ ഒഴുക്കിവിടരുതെന്നും നഗരസഭ സെക്രട്ടറിയും അറിയിച്ചു.
പരിശോധനകൾക്ക് നഗരസഭ ഹെൽത്ത് സൂപ്പർവൈസറും ക്ലീൻ സിറ്റി മാനേജറുമായ ടി. ചന്ദ്രൻ നേതൃത്വം നൽകി. എച്ച്.ഐ. ബിന്ദുമോൾ, ജെ.എച്ച്.ഐമാരായ ടി.പി. പ്രകാശൻ, പി. ജിഷ, ഡി.ആർ. രജനി എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.