വീട്ടിലേക്ക് വഴിയില്ല ; കാൽനടയായി പോലും പുറത്തു പോകാൻ കഴിയാതെ കുടുംബം
text_fieldsപയ്യോളി: കാൽനടയായി പോലും പുറത്തു പോകാൻ വഴിയില്ലാതെ വീടിെൻറ നാലു ഭാഗവും കൊട്ടിയടച്ച് സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ച നിലയിൽ ദുരിതമനുഭവിക്കുകയാണ് ദലിത് കുടുംബം. മണിയൂർ ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ താമസിക്കുന്ന കരുവാണ്ടിമുക്കിൽ നാറാണത്ത് കുഞ്ഞികൃഷ്ണനും (55) കുടുംബവുമാണ് പ്രയാസപ്പെടുന്നത്.
റോഡിൽ നിന്ന് ഏതാണ്ട് നൂറു മീറ്റർ മാത്രമാണ് കുഞ്ഞികൃഷ്ണെൻറ വീടുള്ളത്. എന്നാൽ, വീട്ടിലെത്താൻ അഞ്ഞൂറ് മീറ്ററോളം ഊടുവഴികളിലൂടെ താണ്ടി ഏറെ ബുദ്ധിമുട്ടിയിട്ടു വേണം വീട്ടിലെത്താൻ. നാടൻ ജോലികളിലേർപ്പെട്ട് ഉപജീവനത്തിന് വക കണ്ടെത്തുന്ന കുഞ്ഞികൃഷ്ണന് സഞ്ചാരസ്വാതന്ത്ര്യം നഷ്ടമായിട്ട് രണ്ട് പതിറ്റാണ്ടിലധികമായി .25വർഷം മുമ്പാണ് പട്ടികജാതി ക്ഷേമപദ്ധതി പ്രകാരം സർക്കാറിൽ നിന്ന് ലഭിച്ച സഹായധനത്താൽ കുഞ്ഞികൃഷ്ണൻ വീട് നിർമിച്ചത്. വീട് നിർമിക്കുമ്പോൾ പരിസരത്തുള്ള പറമ്പുകളിലൊന്നും മറ്റു വീടുകളുണ്ടായിരുന്നില്ല. എന്നാൽ, ഏറെ താമസിയാതെ കുഞ്ഞി കൃഷ്ണൻ വീട്ടിലേക്കുള്ള വഴിയായി ഉപയോഗിച്ച സ്ഥലത്തിന് സമീപം പുതിയ വീട്ടുകാർ വന്നതോടെ ഉടമ വഴിനടക്കാൻ സമ്മതിച്ചില്ലത്രേ.
തുടർന്ന് ഗ്രാമപഞ്ചായത്തധികൃതർക്കും വടകര ഡിവൈ.എസ്.പി ക്കും പരാതി കൊടുത്തതിനെ തുടർന്ന് വിഷയം ഒത്തുതീർപ്പാക്കിയ ശേഷം ഇദ്ദേഹത്തിന് വഴി വിട്ടുകിട്ടി. ഏറെ താമസിയാതെ അയൽവാസി കമ്പിവേലി കെട്ടി വീണ്ടും വഴി തടസ്സപ്പെടുത്തി. ഭാര്യയും ബിരുദധാരിയായ മകളും, പ്ലസ് ടു വിദ്യാർഥിയായ മകനുമടങ്ങുന്നതാണ് കുഞ്ഞികൃഷ്ണെൻറ കുടുംബം. വെള്ളക്കെട്ടുകൾ നിറഞ്ഞ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള വിജനമായ വഴികളിലൂടെ അഞ്ഞൂറോളം മീറ്റർ സഞ്ചരിച്ചാണ് ഇപ്പോൾ വീട്ടിലെത്തുന്നത്.
വീട്ടിലേക്ക് വഴിയില്ലാത്തതു കൊണ്ട് മകൾക്കുള്ള വിവാഹാലോചനകൾ പോലും മുടങ്ങിയിരിക്കുകയാണ്. വിഷയം നിരവധി തവണ വാർഡ് മെംബർമാരോടും, മണിയൂർ പഞ്ചായത്തിലും പരാതിപ്പെട്ടെങ്കിലും ഫലമുണ്ടാകാത്തതിനെ തുടർന്ന് കഴിഞ്ഞ ജനുവരിയിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് പഞ്ചായത്തധികൃതർ വീട്ടിലെത്തി കാര്യങ്ങൾ അേന്വഷിച്ചെങ്കിലും പിന്നീട് നടപടികളൊന്നുമുണ്ടായില്ല. വീട്ടിൽ ഒരു ആപത്ത് സംഭവിച്ചാൽ പോലും പോകാൻ വഴിയില്ലാതെ എന്ത് ചെയ്യുമെന്ന ആശങ്കയിലാണ് കുഞ്ഞികൃഷ്ണനും കുടുംബവും .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.