കോവിഡ് മാനദണ്ഡം പാലിക്കാതെ സത്യപ്രതിജ്ഞ ചടങ്ങ്
text_fieldsപയ്യോളി: കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ സത്യപ്രതിജ്ഞ ചടങ്ങ് നഗരസഭഹാളിനകത്ത് നടത്തിയത് വിവാദത്തിൽ. വേണ്ടത്ര സൗകര്യമില്ലാത്ത പയ്യോളി നഗരസഭയുടെ രണ്ടാം നിലയിലെ ഹാളിലാണ് കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപറത്തി മുപ്പത്തിയാറ് അംഗങ്ങളും, വിവിധ രാഷട്രീയ പാർട്ടി പ്രവർത്തകരുമടക്കം തിങ്ങിക്കൂടി ചടങ്ങിന് സാക്ഷിയാവേണ്ടി വന്നത്. വിജയിച്ചവർ ഏറെയും പുതുമുഖങ്ങളായതുകൊണ്ട് അവരുടെ കുടുംബാംഗങ്ങളടക്കം നൂറു കണക്കിനുപേർ പരിപാടിക്കെത്തിയിരുന്നു.
കൗൺസിലർമാരായി സത്യപ്രതിജ്ഞ ചെയ്ത ജനപ്രതിനിധികൾക്ക് പ്രത്യേക ഇരിപ്പിടം സംവിധാനിച്ചെങ്കിലും ഇവയും കൃത്യമായ സാമൂഹിക അകലം പാലിച്ചായിരുന്നില്ല. നഗരസഭ കവാടത്തിൽ രണ്ട് എൽ.സി.ഡി ടെലിവിഷനുകൾ പൊതുജനങ്ങൾക്കായി ചടങ്ങ് വീക്ഷിക്കുന്നതിന് തയാറാക്കി നിർത്തിയെങ്കിലും ആളുകൾ അവിടെയും തിങ്ങിക്കൂടിയത് വീണ്ടും തിരിച്ചുവന്നേക്കാവുന്ന പുതിയ കോവിഡ് സാഹചര്യത്തിൽ ഏറെ ആശങ്കയുളവാക്കി.
മാധ്യമപ്രവർത്തകർക്ക് ചടങ്ങ് വീക്ഷിക്കാൻ സംവിധാനമൊരുക്കിയില്ലെന്ന ആക്ഷേപവുമുണ്ട്. അതേസമയം, കഴിഞ്ഞ തവണ ടൗണിലെ ഓഡിറ്റോറിയത്തിലാണ് പരിപാടി നടത്തിയിരുന്നത്. സമീപ പഞ്ചായത്തുകളിലടക്കം ഓഫിസിന് പുറത്ത് പ്രത്യേക വേദികളിലാണ് ഇത്തവണയും ചടങ്ങുകൾ നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.