18 വർഷം മുമ്പ് തുടങ്ങിയ വീടുനിർമാണം പൂർത്തിയാക്കാനാകാതെ 90 കാരി
text_fieldsപയ്യോളി: സ്വന്തമായി വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാനാവാതെ 90 വയസ്സായ വയോധിക താർപ്പായ വലിച്ചുകെട്ടിയ ഷെഡിൽ ദുരിതജീവിതം തള്ളിനീക്കുന്നു. പയ്യോളി നഗരസഭയിലെ എട്ടാം ഡിവിഷനിൽ താഴെകുന്നുംപുറത്ത് ലക്ഷ്മിയമ്മയും കുടുംബവുമാണ് ചോർന്നൊലിക്കുന്ന ഷെഡിൽ വർഷങ്ങളായി കഴിയുന്നത്. മൂന്നര സെൻറ് ഭൂമിയിൽ 18 വർഷം മുമ്പ് തുടങ്ങിയ വീടുനിർമാണം സാമ്പത്തിക പ്രയാസം കാരണം മേൽക്കൂര പണിയാൻ കഴിയാതെ നിർത്തിവെച്ചു. വീടുപണി പൂർത്തീകരിക്കാനായി നിരവധി തവണ പയ്യോളി പഞ്ചായത്ത് ആയിരുന്നപ്പോൾ മുതൽ അപേക്ഷകൾ നൽകിയെങ്കിലും സഹായം ലഭിച്ചില്ലെന്ന് ലക്ഷ്മിയമ്മ പരാതിപ്പെടുന്നു.
ഭർത്താവ് മരിച്ച ഇവർ ഏകമകൾ പത്മിനിക്കും ഭർത്താവിനുമൊപ്പം നിർമാണത്തിലിരിക്കുന്ന വീടിനു സമീപം സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് ഷെഡ് കെട്ടിയാണ് വർഷങ്ങളായി താമസം. ജോലിക്ക് പോകാൻ കഴിയാതെ അസുഖബാധിതനായ മകളുടെ ഭർത്താവിനും പ്രത്യേകിച്ച് വരുമാനമാർഗങ്ങളൊന്നുമില്ലാത്ത അവസ്ഥയാണ്.
യാതൊരുവിധ സുരക്ഷിതത്വവുമില്ലാതെ മൂന്നംഗ കുടുംബത്തിന്റെ ജീവിതം ദുരിതപൂർണമാണ്.
രാത്രി വിഷപ്പാമ്പുകൾ ഷെഡിനുള്ളിലേക്കു കയറുന്നത് പതിവാണ്. കുറ്റ്യാടി പുഴക്ക് തൊട്ടുസമീപത്തെ റോഡ് സൗകര്യം പോലുമില്ലാത്ത ആൾപ്പാർപ്പില്ലാത്ത പറമ്പിൽ കെട്ടിയുണ്ടാക്കിയ കൊച്ചുകൂരയിൽ ഓരോ രാത്രിയും ഏറെ ഭീതിയോടെയാണ് കുടുംബം കഴിയുന്നത്.
രണ്ടു മാസം മുമ്പുണ്ടായ വീഴ്ചയെ തുടർന്ന് കൈയുടെ എല്ലുകൾ പൊട്ടി ലക്ഷ്മിയമ്മ മൂന്ന് കമ്പികളിട്ട് ഇപ്പോൾ കിടപ്പിലാണ്. കണ്ണടയുംമുമ്പ് സ്വന്തം വീടിനുള്ളിൽ ഒരു ദിവസമെങ്കിലും ഭീതിയില്ലാതെ കഴിയണമെന്നാണ് ലക്ഷ്മിയമ്മയുടെ ആഗ്രഹം.
സുമനസ്സുകൾ മുൻകൈയെടുത്താൽ ലക്ഷ്മിയുടെ ദുരിതജീവിതത്തിന് അറുതിവരുത്താൻ കഴിയും. സഹായത്തിനായി കെ.പി. മണി ചെയർമാനായും കെ.കെ. പങ്കജാക്ഷൻ കൺവീനറായും നാട്ടുകാർ വിപുലമായ കമ്മിറ്റി രൂപവത്കരിച്ച് പയ്യോളി എസ്.ബി.ഐ ശാഖയിൽ ബാങ്ക് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 40718237121. ഐ.എഫ്.എസ്.സി കോഡ്: SBIN17242.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.