പൊടിയിൽ മുങ്ങി ദേശീയപാത; രോഗഭീഷണിയിൽ യാത്രക്കാർ
text_fieldsപയ്യോളി: രണ്ടാഴ്ചയോളം ദേശീയപാത പൊടിയിൽ മുങ്ങിക്കുളിച്ചിട്ടും അധികൃതർ തുടരുന്ന നിസ്സംഗതയി ൽ വൻ പ്രതിഷേധം. മൂരാട് പാലം മുതൽ പെരുമാൾപുരം വരെയാണ് നിരവധിയിടങ്ങളിൽ പൊടിശല്യം രൂക്ഷമായത്. ഇരുചക്രവാഹനക്കാർ മുതൽ സ്വകാര്യ ബസ് യാത്രക്കാർവരെ നിത്യേന പൊടി ശ്വസിച്ച് അലർജിയും ആസ്തമയുംപോലുള്ള ഗുരുതര രോഗങ്ങളുടെ ഭീഷണിയിലായിട്ടും അധികൃതരോ കരാറുകാരായ വഗാഡ് കമ്പനിയോ തിരിഞ്ഞുനോക്കുന്നില്ലെന്ന് പരക്കെ ആക്ഷേപമുണ്ട്.
ദേശീയപാത നിർമാണപ്രവൃത്തി നടക്കുന്നതിനാൽ സർവിസ് റോഡുകളെ പ്രധാന റോഡുമായി ബന്ധിപ്പിക്കുന്ന സ്ഥലങ്ങളിലാണ് പൊടിശല്യം രൂക്ഷം. പയ്യോളി ഗവ. ഹൈസ്കൂളിന് തെക്കുഭാഗം, പയ്യോളി പൊലീസ് സ്റ്റേഷന് മുൻവശം, അയനിക്കാട് പള്ളിക്ക് സമീപം, ഹിന്ദുസ്ഥാൻ പെട്രോളിയം പമ്പിന് മുന്നിൽ, അയനിക്കാട് എം.എൽ.പി സ്കൂളിന് സമീപം, കലുങ്ക് നിർമാണം നടക്കുന്ന അയനിക്കാട് പോസ്റ്റ് ഓഫിസിന് വടക്കുഭാഗം, ഇരിങ്ങൽ മങ്ങൂൽപാറ എന്നിവിടങ്ങളിലാണ് പൊടിപറത്തി വാഹനങ്ങൾ സഞ്ചരിക്കുന്നത്. ഇവിടങ്ങളിലെല്ലാം റോഡുകൾ തമ്മിൽ ബന്ധിപ്പിക്കാൻ താൽക്കാലികമായി പാറപ്പൊടിയും മെറ്റൽ മിശ്രിതവും മാത്രം വിതറി കൃത്യമായി കോൺക്രീറ്റ് ചെയ്യാത്തതാണ് നിലവിലെ അവസ്ഥക്ക് കാരണം. റോഡ് നിർമാണപ്രവൃത്തി നടത്തുന്ന വഗാഡ് കമ്പനി പ്രതിനിധികളോട് നിരവധി തവണ പരാതിപ്പെട്ടെങ്കിലും പരിഹാരമുണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു. മഴ മാറിയിട്ടും പൊടിശല്യത്തിന് പരിഹാരം കണ്ടെത്താൻ ദേശീയപാത അതോറിറ്റിയോ ജനപ്രതിനിധികളോ ഇടപെടാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.