പയ്യോളി നഗരസഭ സാരഥികൾ അധികാരമേറ്റു
text_fieldsപയ്യോളി: നഗരസഭയുടെ പുതിയ ചെയർമാനായി മുസ്ലിം ലീഗിലെ വി.കെ. അബ്ദുറഹ്മാനും വൈസ് ചെയർപേഴ്സനായി കോൺഗ്രസിലെ പത്മശ്രീ പള്ളിവളപ്പിലും സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. വ്യാഴാഴ്ച രാവിലെ പതിനൊന്നോടെ നഗരസഭ ഹാളിൽ നടന്ന തെരഞ്ഞെടുപ്പിൽ 14നെതിരെ 21 വോട്ടുകൾ നേടി സി.പി.എമ്മിലെ ടി. അരവിന്ദാക്ഷനെ പരാജയപ്പെടുത്തിയാണ് വി.കെ. അബ്ദുറഹ്മാൻ ചെയർമാനായി തെരഞ്ഞെടുക്കപ്പെടുന്നത്.
നഗരസഭയിലെ 36 കൗൺസിലർമാരും ഹാജരായ വോട്ടെടുപ്പിൽ ബി.ജെ.പിയുടെ ഏക അംഗം നിഷ ഗിരീഷ് വോട്ടെടുപ്പിൽ വിട്ടുനിന്നു. ഉച്ചതിരിഞ്ഞ് നടന്ന വൈസ് ചെയർപേഴ്സൻ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ ഷൈമ മണന്തലയെ 14നെതിരെ 20 വോട്ടുകൾ നേടിയാണ് കോൺഗ്രസിലെ പത്മശ്രീ പള്ളിവളപ്പിൽ തെരഞ്ഞെടുക്കപ്പെട്ടത്. ലീഗിലെ എ.സി. സുനൈദിന്റെ വോട്ട് അസാധുവായി.
ബി.ജെ.പി അംഗം വൈസ് ചെയർപേഴ്സൻ തെരഞ്ഞെടുപ്പിലും വിട്ടുനിന്നു. ഭരണാധികാരി കൂടിയായ ജില്ല വ്യവസായ ഓഫിസർ പി. നിധിൻ തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ നിയന്ത്രിച്ചു. യു.ഡി.എഫ് മുന്നണിയിലെ ധാരണപ്രകാരം ഭരണത്തിന്റെ രണ്ടരവർഷം വീതം ചെയർമാൻ - വൈസ് ചെയർമാൻ പദവികൾ ഇരു പാർട്ടികളും പങ്കുവെക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ചെയർമാൻ പദവികളിൽ മാറ്റം വന്നത്.
ആദ്യ രണ്ടര വർഷം ചെയർമാൻ സ്ഥാനം കോൺഗ്രസിനും പിന്നീടുള്ള രണ്ടര വർഷം മുസ്ലിം ലീഗിനുമായിരുന്നു ധാരണ. ഇതുപ്രകാരം കോൺഗ്രസിലെ വടക്കയിൽ ഷഫീഖ് ചെയർമാൻ സ്ഥാനവും മുസ്ലിം ലീഗിലെ സി.പി. ഫാത്തിമ വൈസ് ചെയർപേഴ്സൻ സ്ഥാനങ്ങളും രാജിവെക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.