മാലിന്യ സംസ്കരണത്തിന് ഹരിതപെരുമാറ്റച്ചട്ടം കർശനമാക്കി പയ്യോളി നഗരസഭ
text_fieldsപയ്യോളി: നഗരസഭപരിധിയിലെ സ്കൂളുകളടക്കം എല്ലാ സർക്കാർ -സ്വകാര്യ സ്ഥാപനങ്ങളിലും മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഒരുക്കാനായി ഹരിതപെരുമാറ്റച്ചട്ടം നിർബന്ധമാക്കി. നഗരസഭ കാര്യാലയത്തിൽ ചേർന്ന സ്ഥാപന മേധാവികളുടെ യോഗത്തിലാണ് മാലിന്യ സംസ്കരണ സംവിധാനങ്ങൾ കർശനമായി നടപ്പിലാക്കാനും പാലിക്കുന്നത് ഉറപ്പുവരുത്താനും തീരുമാനമായത്.
ഇപ്രകാരം സ്ഥാപനങ്ങളിൽ ജൈവമാലിന്യം സംസ്കരിക്കുന്നതിന് അനുയോജ്യമായ കമ്പോസ്റ്റിങ് സംവിധാനങ്ങൾ സ്ഥാപിക്കുകയും അജൈവ പാഴ് വസ്തുക്കൾ തരംതിരിച്ച് ഹരിത കർമസേനക്ക് കൈമാറുകയും ചെയ്യും.
സർക്കാർ ഓഫിസുകളിലും സ്കൂളുകളിലും ഹരിതചട്ടം കർശനമായി പാലിക്കുന്നതായി ഉറപ്പുവരുത്തന്നതോടൊപ്പം ഒറ്റതവണ ഉപയോഗിക്കുന്ന വസ്തുക്കൾ പൂർണമായും ഒഴിവാക്കും. ലോകപരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് മുമ്പ് സ്ഥാപനങ്ങളും പരിസരവും ശുചീകരിക്കുകയും ജൈവമാലിന്യ സംസ്കരണ സംവിധാനം ഒരുക്കുകയും മാലിന്യമുക്തമാക്കുകയും ചെയ്യും.
മികച്ച രീതിയിൽ മാലിന്യ പരിപാലനം നടത്തുകയും ഹരിത പെരുമാറ്റച്ചട്ടം നടപ്പിലാക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളെ കണ്ടെത്തി ഗ്രേഡിങ് നടത്തി പുരസ്കാരം നൽകാനും യോഗത്തിൽ തീരുമാനമായി. നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് അധ്യക്ഷത വഹിച്ചു. ഗ്രീൻ പ്രോട്ടോകോൾ നോഡൽ ഓഫിസർ ടി.പി. പ്രകാശൻ സ്വാഗതം പറഞ്ഞു.
നഗരസഭ സെക്രട്ടറി എം. സുരേഷ് കുമാർ, ഹെൽത്ത് സൂപ്പർവൈസർ ടി. ചന്ദ്രൻ, ഹെൽത്ത് ഇൻസ്പെക്ടർ എൻ. ബിന്ദുമോൾ എന്നിവർ പദ്ധതി വിശദീകരിച്ചു.
മേലടി എ.ഇ.ഒ. പി. വിനോദ്, ഇരിങ്ങൽ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. എസ്. സുനിത, കീഴൂർ യു.പി.എച്ച്. സി. മെഡിക്കൽ ഓഫിസർ ഡോ: സായിലക്ഷ്മി, പയ്യോളി വില്ലേജ് ഓഫിസർ സതീഷ്കുമാർ, വിവിധ സർക്കാർ ഓഫിസ് മേധാവികൾ, സ്കൂൾ പ്രധാന അധ്യാപകർ, ബാങ്ക് മാനേജർമാർ, സ്വകാര്യസ്ഥാപന മേധാവികൾ തുടങ്ങിയവർ സംസാരിച്ചു. കൂടാതെ മേയ് 23ന് പയ്യോളിടൗൺ ജനകീയ കൂട്ടായ്മയിൽ ശുചീകരിക്കുമെന്ന് നഗരസഭ ചെയർമാൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.